Thu. Sep 24th, 2026

തിരുവനന്തപുരം: അനർട്ട് സോളാർ സ്കാമുമായി ബന്ധപ്പെട്ട അഴിമതിയുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്. പി എം കുസും പദ്ധതി ഒരു ഐസ് ബർഗിന്റെ മുകൾഭാഗം മാത്രമാണെന്നും അതി വ്യാപകമായ അഴിമതി അതിന് താഴേക്ക് പരന്ന് കാൻസർ പോലെ വ്യാപിച്ചു കിടക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനർട്ട് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അഴിമതിക്ക് വേണ്ടി സോളാർ പ്ലാന്റുകൾ ഇല്ലാതാക്കരുതെന്നും ചട്ടഭേദഗതി പിൻവലിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സർക്കാരും തയാറാകണമെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

“സംസ്ഥാനത്തെ സോളാർ വൈദ്യുതി പ്ലാന്റുകളുമായി ബന്ധപ്പെട്ട പുനരുപയോഗ ഊർജ്ജ ചട്ടഭേദഗതി പിൻവലിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സർക്കാരും തയാറാകണം. മൂന്നു കിലോവാട്ട് ശേഷിയുള്ള സൗരോർജ പാളി സ്ഥാപിക്കുന്നതിന് ത്രീ ഫേസ് കണക്ഷൻ വേണമെന്നും അഞ്ച് കിലോവാട്ട് സൗരോർജം ഉൽപാദിപ്പിക്കുന്നർ 30 ശതമാനം ബാറ്ററിയിൽ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇതു കൂടാതെ ഉൽപാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെ എസ് ഇ ബിക്ക് ചുങ്കം നൽകണമെന്നും മൂന്നു കിലോ വാട്ടിന് മുകളിൽ ഉൽപാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്ററിങ് ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ല. ചട്ടഭേദഗതി നിലവിൽ വന്നാൽ സംസ്ഥാനത്ത സോളാർ പ്ലാന്റുകളെല്ലാം പൂട്ടേണ്ടി വരും. വിപണിയിൽ ലഭ്യമല്ലാത്ത രണ്ടു കമ്പനികളുടെ ബാറ്ററികൾ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു പിന്നിലും അഴിമതിയുണ്ടെന്നു വേണം കരുതാൻ. വൈദ്യുതി ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കേണ്ട വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സ്വകാര്യ കമ്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കി കൊടുക്കരുത്. വൈദ്യുതി വകുപ്പും വകുപ്പ് മന്ത്രിയും സർക്കാരും അറിയാതെ ഇത്തരമൊരു നീക്കം നടക്കുമെന്ന് കരുതാനാകില്ല. സർക്കാരും റെഗുലേറ്ററി അതോറിട്ടിയും ജനവിരുദ്ധ തീരുമാനത്തിൽ നിന്നും പിന്മാറണം.”- എന്നായിരുന്നു സതീശന്റെ വാക്കുകൾ.