✍️ സി. ആർ. സുരേഷ്
കേരളത്തിലെ കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവുമായിരുന്നു എ വി കുഞ്ഞമ്പു (1908 – 1980). മികച്ച പാർടി അധ്യാപകനായിരുന്നു.
പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും, രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
കണ്ണൂർ കരിവെള്ളൂരിൽ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ദേശീയപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. തുടർന്ന്, കള്ളുഷാപ്പ് പിക്കറ്റിംഗ്, ഉപ്പു സത്യാഗ്രഹം, വിദേശവസ്ത്ര കടകൾ പിക്കറ്റിംഗ് തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് പല തവണ ജയിൽവാസം അനുഭവിച്ചു. ജയിലിൽ വെച്ച് ദേശീയവിപ്ലവകാരികളുമായി അടുത്തിടപഴകാൻ അവസരം കിട്ടിയതോടെ മനസ്സിൽ വിപ്ലവബോധം സൃഷ്ടിച്ചു.

പി.കൃഷ്ണപിള്ളയുമായുള്ള പരിചയമാണ് സോഷ്യലിസത്തിന്റെ പാത തുറന്നിട്ടത്. പിന്നീട് കർഷകരെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിലംഗമായി. തുടർന്ന് ദേശീയ കൗൺസിൽ അംഗമായി.
ഭഗത് സിംഗ് രൂപീകരിച്ച നവ് ജവാൻ പാർട്ടിയുടെ മാതൃകയിൽ 1934-ൽ, രാജ്യത്തെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നായ അഭിനവ ഭാരത യുവക് സംഘം രൂപവത്കരിക്കുകയും ഈ സംഘത്തിന്റെ പ്രധാന പ്രവർത്തകനുമായിരുന്നു.
1964-ൽ, കമ്യൂണിസ്റ്റ് പാർടിയിൽ റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയ 32 അംഗങ്ങളിൽ ഒരാളായി. തുടർന്ന്, സി.പി.ഐ(എം) രൂപീകരിച്ചപ്പോൾ മുതൽ അതിന്റെ സംസ്ഥാന കമ്മിറ്റിയംഗമായി. കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.
പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നാം കേരള നിയമസഭയിലും നാലാം കേരള നിയമസഭയിലും അംഗമായി. 1957-1958 കാലഘട്ടത്തിൽ രാജ്യസഭാംഗം ആയിരുന്നു.
1940-ൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തമായ വേരോട്ടത്തിന് വഴിതെളിച്ച മൊറാഴ സംഭവത്തെ തുടർന്ന് ദീർഘകാലം ഒളിവിലായിരുന്നിട്ടുണ്ട്. കരിവെള്ളൂർ സമരത്തിലുണ്ടായ പോലീസ് വെടിവെപ്പിൽ മൂന്നു കർഷകർ മരിച്ചുവീണപ്പോൾ കുഞ്ഞമ്പുവും മരിച്ചുവെന്നു കരുതി ഓലയിൽ കെട്ടിയാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഈ കേസിൽ 1950 വരെ ജയിലിൽ കിടന്നു.
കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ.ദേവയാനിയാണ് ഭാര്യ. പ്രശസ്ത കവി കരിവെള്ളൂർ മുരളി മകനാണ്.


