✍️ ലിബി.സി.എസ്
മാനവ നാഗരികതയുടെ ആരംഭകാലത്തു, നിരവധി പ്രാകൃത വിശ്വാസങ്ങളാൽ നയിക്കപ്പെട്ട മനുഷ്യർ മൃഗബലിയും മനുഷ്യബലിയും നടത്തിവന്നിരുന്നത് ലോകത്തെല്ലാ ഭാഗത്തും കാണാവുന്നതാണ്. ബലിയായി നൽകപ്പെടുന്ന മൃഗമോ മനുഷ്യനോ, ബലിയർപ്പിക്കുന്ന ആരാധകന്റെ ഉപാസനാ ദൈവങ്ങൾക്കുള്ള അർച്ചനകളായി കരുതപ്പെട്ടു. ദൈവങ്ങൾ അവയെ സ്വീകരിച്ചു പ്രസാദിക്കുമെന്നും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു തരുമെന്നും, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചു.
വേദകാലഘട്ടത്തിലെ മനുഷ്യന്റെ പ്രാകൃത വിശ്വാസങ്ങളിലേക്കു വിരൽ ചൂണ്ടുന്നവയാണ് വിവിധങ്ങളായ യാഗങ്ങളും സത്രങ്ങളും യാഗവിധികളുമെല്ലാം. പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിവരെ ഇവയിൽ പലതും ഇന്ത്യയിൽ ഉൾപ്പെടെ പിന്തുടർന്നിരുന്നു. ഇന്ന് നിലവിലുള്ള ലോകത്തിലെ എല്ലാ വൈദിക മത ഗ്രൻഥങ്ങളിലും ഇത് കാണാം.
സനാതന ധർമ്മത്തിലെ ബലിയും ബലിക്കല്ലുകളും യൂറോപ്പിലെ സനാതനികളും ഉപയോഗിച്ചിരുന്നു. വലിയ യൂറോപ്യൻ ക്ഷേത്രങ്ങളുടെ മുന്നിൽ ഇവ ഉണ്ടായിരുന്നു. കൂടാതെ ബലിക്കല്ലുകൾ മാത്രമായും സ്ഥാപിച്ചിരുന്നു. റോമാക്കാർ സ്പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലും ഈജിപ്തിലും സ്കോട്ട് ലണ്ടിലുമൊക്കെ ഇവ സ്ഥാപിച്ചിരുന്നു. നെറ്റിൽ സെർച്ച് ചെയ്താൽ ഇവയുടെയെല്ലാം ചിത്രങ്ങൾ കാണാം ബലിക്കല്ലുകളുടെ മുകളിൽ ഹവിസ് തൂവാൻ കുഴി ഉണ്ടായിരുന്നു. കാളയെ വെട്ടി കൊന്നതിന് ശേഷം ചോര ബലിക്കല്ലിൽ തൂകിയിരുന്നു, യൂറോപ്പിലെ സനാതനികളുടെ ഭാഷയായ ലാറ്റിനും ഇന്ത്യൻ സനാതനികളുടെ ഭാഷയായ സംസ്കൃതവും ഒരു കുടുംബമാണ്. ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ശ്രമണ മതങ്ങളെ പ്രതിരോധിക്കാൻ സനാതനികൾ ബിംബ ആരാധന തുടങ്ങിയപ്പോൾ മൃഗ ബലി പതുക്കെ ഉപേക്ഷിച്ചതാണ്.
ഇന്ത്യയിലെ സുനാതാനികൾ മനുഷ്യനെ കൊന്ന് നടത്തിയിരുന്ന യാഗത്തിനാണ് പുരുഷമേധയാഗം എന്ന് പറയുന്നത്. ശതപഥബ്രാഹ്മണത്തിലെ വിവരങ്ങളിൽ നിന്ന്, പല തരത്തിലുള്ള പുരുഷമേധങ്ങൾ പ്രാബല്യത്തിലിരുന്നതായി മനസിലാക്കാവുന്നതാണ്. വാജസനേയ സംഹിത എന്ന പേരിൽ അറിയപ്പെടുന്ന ശുക്ല യജുർവേദീയ സംഹിത, കൃഷ്ണ യജുർവേദത്തിലെ തൈത്തരീയ ബ്രാഹ്മണം, ഋഗ്വേദത്തിലെ ഐതരേയ ബ്രാഹ്മണം, എന്നിവയിലും നരബലിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള യാഗങ്ങളെക്കുറിച്ചു വിവരങ്ങളുണ്ട്. ഋഗ്വേദ സംഹിതയുടെ ഒന്നാം മണ്ഡലം ഇരുപത്തിനാലാം സൂക്തത്തിലെ രണ്ടു ഋക്കുകളും, ഋഗ്വേദീയ ഐതരേയ ബ്രാഹ്മണത്തിന്റെ ഏഴാം പഞ്ചികയിൽ മൂന്നാം അധ്യായത്തിൽ കൊടുത്തിട്ടുള്ള അവയുടെ ഉപാഖ്യാനവും പുരുഷമേധ യാഗത്തെക്കുറിച്ചു ധാരാളം വിവരങ്ങൾ തരുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ പുരുഷമേധങ്ങൾ ചില സ്ഥലങ്ങളിലൊക്കെ നടന്നു വന്നിരുന്നതിനു രേഖകളുണ്ട്. സി.ഇ. 1841-ൽ ബംഗാളിലും മദ്രാസിലുമായി 240 പേരെ പുരുഷ മേധത്തിന് വിധേയരാക്കിക്കൊന്നുവെന്നു ‘കേംബ്രിഡ്ജ് ഷോർട്ട് ഹിസ്റ്ററി’ (Cambridge Short History) പറയുന്നു. ബലിയർപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു സമൂഹം ഖൊണ്ടന്മാർക്കിടയിലുണ്ടെന്നും പ്രസ്തുത ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. ‘മരിഹ’ എന്ന് അറിയപ്പെടുന്ന ഈ സമൂഹത്തിലേക്ക് ദൂരദേശങ്ങളിൽ നിന്ന് തട്ടിക്കൊണ്ടു വന്നവരെ ഖോണ്ടന്മാർക്കു വിറ്റു, ആൾക്കാരെയുണ്ടാക്കിവന്നു. വേദങ്ങൾ പ്രമാണ ഗ്രന്ഥങ്ങളായി അംഗീകരിക്കുന്ന വലിയൊരു ശതമാനം ആൾക്കാർ ഇന്നും നമ്മുടെ രാജ്യത്തുമുണ്ട്.
സത്രം എന്നാൽ ഈ യൂറോപ്യൻ നാടോടികളുടെ മഹാ ബലി കർമ്മം. അഥവാ കൂട്ടക്കുരുതി. മഹാ യാഗം ആണ്, ഇതെല്ലാം ഇപ്പോൾ ശ്രീനാരയണഗുരുവിൻറെ പേരിൽ വരെ പുനരാനയിക്കാൻ ശ്രമിക്കുന്നുണ്ട്.
നുമ്മടെ പള്ളിപ്പറമ്പിലെ രാമൻ ദൈവവും ചോര ഊറ്റികളഞ്ഞ ഹലാൽ (മേദ്ധ്യ) മാംസം മാത്രമാണ് യജിക്കാനും തിന്നാനും ഉപയോഗിച്ചിരുന്നത് എന്ന് വാത്മീകി രാമായണം 2-56-27 ൽ പറയുന്നുണ്ട്.

ഇവരെല്ലാം പിൻതുടരുന്നത് ഒരേ സംഗതികളാണെങ്കിലും പരസ്പരം തമ്മിൽ തല്ലുന്നത്. വിശ്വാസപരമല്ല, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനും രാഷ്രീയ താത്പര്യത്തിൻറെ പേരിലുമാണ്, പലമത സാരവും ഏകം എന്ന് നാരായണഗുരു വെറുതെ പറഞ്ഞതല്ല, “നാമായി ഒരു മതത്തിലും പെടുന്നില്ല” എന്നും, “ഇന്ന് ലോകത്ത് നിലവിലുള്ള ഒരു മതത്തോടും നമുക്ക് പ്രത്യേക സ്നേഹമോ മമതയോ ഇല്ല” എന്നും!
വൈദീകർ തന്നെയായ മുസ്ലിങ്ങളുടെ ഒരു ആഘോഷം ആണ് ബലി പെരുനാൾ. ബക്കാർ ഈദ്. ആയിരക്കണക്കിന് മൃഗങ്ങളെ ദൈവ പ്രീതിക്കായി അവർ ബലി കൊടുക്കുമ്പോൾ അത് മതവിശ്വാസികൾക്ക് മഹത്തരമായ കാര്യമായി തോന്നുന്നതിൽ തെറ്റില്ലെങ്കിലും വിപ്ലവകാരികൾക്ക് വരെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്പ്പണത്തിന്റെയും സ്മരണ പുതുക്കലും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയുമായിട്ടൊക്കെ വാഴ്ത്തുന്നത് കാണുമ്പോൾ കോമഡി അയി തോന്നുക സ്വാഭാവികമല്ലേ?
അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി ബലിയർപ്പിക്കാൻ സ്വന്തം മകന്റെ കഴുത്തറുക്കാൻ ശ്രമിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തെ പുകഴ്ത്തലാണല്ലോ ഈ ബലി പെരുന്നാൾ? ദൈവത്തിന് വേണ്ടി സ്വന്തം മകനെ വരെ കൊന്നുകളയാൻ തയ്യാറായ ഇബ്രാഹിം നബി എന്ത് സന്ദേശമാണ് ഈ ആധുനീക കാലത്ത് നമുക്ക് തരുന്നത് എന്നാണ് വിപ്ലവകാരികൾ വിലയിരുത്തിന്നതെന്നറിയില്ല. ഇതിനെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക എന്നൊക്കെ തള്ളിമറിക്കാൻ അപാര തൊലിക്കട്ടി തന്നെ വേണം. മിണ്ടാതെങ്കിലും ഇരുന്നുകൂടെ?
ബലിയും കരുണയും കരുണാമയനായ ദൈവവും! ആകപ്പാടെ കോമഡി തന്നെ. മൃഗീയതയ്ക്കും താഴേയ്ക്ക് മനുഷ്യനെ അധഃപതിപ്പിക്കുന്ന ഒരു അനുഷ്ടാനത്തെ സംസ്കാരമുള്ള ആരും ഇതുപോലെ വാഴ്ത്തി പാടില്ല. തികച്ചും പൈശാചീകമായി സഹജീവികളെ കൊന്നുകൊണ്ട് പ്രസാദിപ്പിക്കേണ്ടി വരുന്ന ദൈവ സങ്കൽപ്പം ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ വിശ്വാസി സമൂഹത്തിൽപ്പെട്ട ഒരാൾപോലും ചോദ്യം ചെയ്യാൻ തയാറാക്കുന്നില്ലെന്നതോ പോകട്ടെ അതിനെ ബിപ്ലവകാരികൾക്കൊക്കെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിട്ടൊക്കെ തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ബിപ്ലവത്തിന് സാരമായ എന്തോ കുഴപ്പമുണ്ട്.
അവരുടെ നാട്ടിലെ ദൈവം 6 ദിവസം കൊണ്ട് കളിമണ്ണ് കുഴച്ചു മൂക്കിൽകൂടി ഊതി മനുഷ്യനെ ഉണ്ടാക്കി ഇവിടുത്തെ സുനാതനികളുടെ ദൈവം സ്വയം ബലി ആയി മുഖത്ത് നിന്ന് ബ്രാഹ്മണരെ ഉണ്ടാക്കിയതാണത്രെ! മണ്ണ് കുഴച്ചു ഉണ്ടാക്കിയ മനുഷ്യരും മുഖത്ത് നിന്ന് ഉണ്ടാക്കിയ മനുഷ്യരും തമ്മിൽ അടിക്കുന്നത് രാഷ്ട്രീയ അധികാരത്തിന് വേണ്ടിമാത്രമാണ്. ഈ നൂറ്റാണ്ടിലും ഇതിനെയൊക്കെ മഹത്വപ്പെടുത്തുന്നവരുടെയും ലക്ഷ്യം അതൊക്കെ തന്നെ! അവരും ചിലരെയൊക്കെ ബലികൊടുക്കുകയും ബലികുടീരങ്ങൾ ഉണ്ടാക്കിവെക്കുകയും ബലിദാൻ ദിനങ്ങൾ ആഘോഷിക്കുകയുമൊക്കെ ചെയ്തുവരുന്നുണ്ടല്ലോ?
വാൽ കഷ്ണം: ദൈവത്തിനെ പ്രീതിപ്പെടുത്താൻ തന്റെ മകനെ കഴുത്തറുത്ത് കൊല്ലാൻ കൊണ്ടുപോയ അബ്രഹാമിനെ (ഇബ്രാഹിം) ‘അവൻ നിന്റെ മോനല്ലേടാ, കൊല്ലല്ലേടാ’ എന്നു പറഞ്ഞ് തടയാൻ ശ്രമിച്ചതിന്റെ പേരിൽ ഇപ്പോഴും എല്ലാ ഹജ്ജ് സമയത്തും ലക്ഷക്കണക്കിന് മനുഷ്യരുടെ കല്ലേറ് ഏറ്റുവാങ്ങുന്ന മഹാനായ ഇബിലീസിന്റെ ത്യാഗസ്മരണയിൽ എല്ലാ വൈദിക മത വിശ്വാസികൾക്കും ബലി പെരുന്നാൾ ആശംസകൾ!


