Sat. Nov 14th, 2026

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താല്‍ക്കാലികമായി പിന്മാറണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പൊതു പ്രസംഗങ്ങളെ കുറിച്ച് പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കുകള്‍.

”പ്രധാനമന്ത്രിയുടെ എല്ലാ പ്രസ്താവനകളോടും പ്രതികരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറണം. രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി അദ്ദേഹം സംസാരിക്കണം. സ്വയം പുകഴ്ത്തുന്നതിനു പകരം ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞങ്ങളുടെ പൂര്‍ണ പിന്തുണ സൈന്യത്തിനൊപ്പമുണ്ട്” ഖര്‍ഗെ പറഞ്ഞു.

”സാഹചര്യം സാധാരണമല്ലാത്തതിനാല്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല. സൈന്യം ഉള്ളിടത്തോളം കാലം നാമെല്ലാം സുരക്ഷിതരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ സൈന്യത്തെ പിന്തുണയ്ക്കുന്നത്. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നത്. സ്വയം പൊങ്ങച്ചം പറയുന്നത് നല്ലതല്ല” ഖര്‍ഗെ പറഞ്ഞു.