Mon. Nov 23rd, 2026

തിരുവനന്തപുരം: പിവി അന്‍വര്‍ കറിവേപ്പിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇഡി കേസിലെ ചോദ്യത്തോട് വിശ്വാസ്യത കുറഞ്ഞ ഏജന്‍സിയായി ഇഡി മാറിയെന്ന് അദ്ദേഹം മറുപടി നല്‍കി. നിയമ വിധേയമല്ലാത്ത നടപടികളിലേക്കാണ് ഇഡി കടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോട് പിവി അന്‍വറിനെ കറിവേപ്പില പോലെ എല്ലാവരും കളഞ്ഞല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഈ വിഷയത്തില്‍ നിയമ ന്ര്‍മ്മാണത്തിനുള്ള സാധ്യതയും തേടും. സംസ്ഥാനത്ത് നിലവില്‍ നിരവധി ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്തുത പരിശോധിക്കാതെയുള്ള വിമര്‍ശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനം കൊവിഡ് ജാഗ്രതയിലാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി 727 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും കൊവിഡ് ബാധിതര്‍ക്കായി ചികിത്സാ സൗകര്യം സജ്ജമാക്കി. മഴ കനക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി സാധ്യതയെ കരുതി ഇരിക്കണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കി. ഇന്ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതെസമയം, കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ അപകടങ്ങള്‍ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്ത് തലത്തില്‍ എമര്‍ജസി റെസ്‌പോന്‍സ് ടീമുകളുണ്ട്. വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി മഴ വിവരങ്ങള്‍ കൈമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാലയങ്ങള്‍ ജൂണ്‍ 2 ന് തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സ്‌കൂളും പരിസരവും വൃത്തിയാക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908