✍️ ലിബി.സി.എസ്
പള്ളിയിൽ നിന്നും തുടങ്ങി ‘യൂദാസ്’ ഇപ്പോൾ പാർലമെന്റിൽ വരെ തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഒരാഴ്ച മുൻപാണല്ലൊ ഒരു ക്രിസ്ത്യൻ സഖാവായ രാജ്യസഭാ എംപി എംപുരാൻ കഥാപാത്രമായ മുന്നയോടൊപ്പം യൂദാസിനെയും ചേർത്തുപറഞ്ഞതും അതുകേട്ട് ഇത് തന്നെ ഉദ്ദേശിച്ചാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തൃശൂരുകാരുടെ സ്വന്തം കേന്ദ്രവാഴ ഉറഞ്ഞുതുള്ളിയതും? യൂദാസ് എന്ന് കേൾക്കുമ്പോൾ അത് തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ബ്രാഹ്മണനാകാൻ നടക്കുന്ന ശൂദ്രനായ അദ്ദേഹത്തിന് പോലും തോന്നുന്നതിന് പിന്നിലും ക്രിസ്ത്യാനികളുടെ നൂറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ തെറ്റിദ്ധരിപ്പിക്കൽ സ്കിറ്റിൻറെ ഭാഗമാണ്. ബ്രിട്ടാസ് പിന്നെ അങ്ങിനെ ചെറുപ്പം മുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരാളെന്നെന്നെങ്കിലും വിചാരിക്കാം!
എന്തായാലും യൂദാസ് എന്നു പറഞ്ഞാൽ സംഘിയായ സുരേഷ് ഗോപിയ്ക്ക് പോലും അത് തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നതിനാലാണോ എന്നറിയില്ല ഓശാന ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളിലേക്ക് എഴുന്നൊള്ളിയതുപോലെ ഇന്നലെ കാൽ കഴുകൽ സ്കിറ്റിനും, വൈകിട്ടത്തെ ഒറ്റുകൊടുക്കൽ സ്കിറ്റിനും, ഇന്നത്തെ കുരിശിൽ തറയ്ക്കൽ സ്കിറ്റിൽ പങ്കെടുക്കാനും പാവയ്ക്കാ നീര് കുടിക്കാനും ഇതുവരെ അദ്ദേഹത്തെ എവിടെയും പ്രത്യക്ഷപ്പെട്ട് കണ്ടില്ല. ഇന്നലത്തേയും ഇന്നത്തെയും സ്കിറ്റുകളിലെ പ്രധാന വില്ലൻ യൂദാസ് ഇസ്കറിയോത്ത ആണെന്നതിനാലാവും!
യൂദാസ് എന്നുകേൾക്കുമ്പോൾ അത് താനാണെന്ന് തനിക്ക് തോന്നുന്നതുപോലെ നാട്ടുകാർക്കും തോന്നുന്നുണ്ടാവും എന്നദ്ദേഹം ചിന്തിക്കുക സ്വാഭാവികമാണല്ലോ?
എന്തായാലും മേൽപ്പടി രാജ്യസഭാ എംപിയേക്കാളും കേന്ദ്ര വാഴയെക്കാളും വിശുദ്ധൻ തന്നെയായിരുന്നു യൂദാസ് ഇസ്കറിയോത്ത എന്നകാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.
വിശുദ്ധ യൂദാസ് സ്കറിയോത്ത…,
അഭയത്തിനായി യാചിച്ച അൽമാരുടെ ഭാര്യമാരുടെയും കന്യാസ്ത്രീമാരുടെയും രക്തത്തിന്റെ നിലവിളിയെ അസത്യ പ്രചാരണങ്ങൾ കൊണ്ടു മൂടുന്ന പരിശുദ്ധാത്മാക്കളേക്കാൾ മുദ്രപത്ര മധ്യസ്ഥന്മാരായ പരിശുദ്ധ ഭൂമാഫിയാ പിതാക്കന്മാരേക്കാൾ അങ്ങ് വിശുദ്ധനാകുന്നു. ഒരു തവണ മാത്രമേ അങ്ങ് കർത്താവിനെ ഒറ്റിയുള്ളു. അതും സാധാരണ എല്ലാ ക്രിസ്ത്യാനികളെയും പോലെ കുറച്ച് കാശിന് വേണ്ടി…!
അപ്പോഴും യൂദാസ് എല്ലാ ക്രിസ്ത്യാനികളെയും പോലെ യേശുവിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. യേശുവിനെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന് തന്നെ യൂദാസ് വിശ്വസിച്ചു. കയ്യിലുള്ള അതിമാനുഷ ഗിമ്മിക്ക് പവറുപയോഗിച്ച് യേശു രക്ഷപെടുമെന്നുള്ള ആ അതിവിശ്വാസം അതാണ് യൂദാസിനെ ഇതിന് പ്രേരിപ്പിച്ചത്.
മാത്രവുമല്ല അത്ര സാദ്ധ്യമായി കീഴടക്കാവുന്ന ഒരാളല്ല യേശുവെന്ന് എതിരാളികളെ മനസ്സിലാക്കിക്കുവാനും പറ്റും. അതായിരുന്നു യൂദാസ്’…….
എന്നാൽ പണി പാളിയെന്നുറപ്പായപ്പോൾ യൂദാസ് പിന്നെ ജിവിച്ചിരുന്നില്ല.
”കാശു കിട്ടുകയും ചെയ്യും യേശു രക്ഷപെടും…..” എന്ന ഈ ചിന്ത തന്നെയാണ് യേശുവിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാകാര്യത്തിലും ഇന്നും ബഹുപൂരിപക്ഷം ക്രിസ്ത്യാനിയെയും നയിക്കുന്നതെന്ന് ക്രിസ്ത്യാനികളുമായി അടുത്തിടപഴകിയിട്ടുള്ളവർക്ക് വളരെ സിംപിളായി മനസിലാകുന്നതാണ്. വെറുതെയല്ല രൂപതാ, അതിരൂപതാ,, എന്നൊക്കെ പേരിട്ടത്. എന്നാൽ മറ്റ് നസ്രാണികളിൽ നിന്ന് വ്യത്യസ്തമായി യൂദാസ് അതിന്റെ കുറ്റബോധത്താൽ സ്വയം മരണം വരിക്കുകയും ചെയ്തു.
കാശും വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്തു. പിഴവിൽ അനുതപിച്ചുള്ള ‘സമർപ്പണ സ്വയം ബലി’.
എന്നാൽ ആയിരം തവണ യേശുവിനെ വിറ്റ് ഇന്നും കാശുവാങ്ങുന്നവരും അന്നുതന്നെ സ്വരക്ഷയ്ക്കായി യേശുവിനെ പിന്നീട് പലതവണ തള്ളിപ്പറഞ്ഞ ബാക്കിശിഷ്യന്മാരും ആദ്യത്തെ മാർപ്പാപ്പയെന്നൊക്കെ തള്ളുന്ന പത്രോസും ഉൾപ്പെടെയുള്ള ഇന്നുവരെയുള്ള പോപ്പന്മാരും വിഷപ്പന്മാരും മുതൽ വികാരിമാരും അൽമായരും വരെ ഇവിടെ സന്മനസ്സോടെ സമാധാനമായി ഇരിക്കുന്നു. ദൈവം കാരുണ്യവാനും നീതിമാനുമെങ്കിൽ യൂദാസ് സ്കറിയോത്ത നീ…സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല.
കുറ്റബോധത്താൽ നീറി ഒരാൾ സ്വയം ആത്മഹത്യ ചെയ്യുമ്പോൾ അയാളിൽ അഗാധമായ ഒരു നീതിബോധം പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. ഏതെങ്കിലും ആൾദൈവമോ പൂജാരിയോ ഖത്തീബോ കത്തനാരോ ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ലല്ലോ?
പ്രിയപ്പെട്ട യൂദാസ് വിമോചകന്റെ രക്തം താങ്കളുടെ കൈകളിൽ പുരണ്ടു പോയതിന്റെ പാപബോധമാണ് താങ്കളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത്. ആത്മഹത്യയ്ക്ക് പലതരം പ്രേരണകൾ ഉണ്ടാവാം. ബോധവും വിവരവും ഇല്ലാതെ പെട്ടെന്നുണ്ടാവുന്ന ചില തോന്നലുകൾ കൊണ്ട് ചിലർ അത് ചെയ്തേക്കാം.. ജീവിതം വഴിമുട്ടിയതായി തോന്നുമ്പോൾ, കൂടെ ആരുമില്ലെന്ന് തോന്നുമ്പോൾ. അതുപോലെ കടക്കെണികളിൽ നിന്ന് ഒളിച്ചോടാൻ, മഹാ രോഗങ്ങളുടെ വേദനയിൽ നിന്ന് രക്ഷപ്പെടാൻ… അങ്ങനെ. അങ്ങനെ… എന്നാൽ യൂദാസ് ആത്മഹത്യചെയ്തത് അങ്ങിനെ ആയിരുന്നില്ല.
ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണെന്നൊക്കെ പറയുമെങ്കിലും വാസ്തവം അതല്ല. നല്ല ധൈര്യവും ആത്മാഭിമാനവും ഉള്ളവർക്കേ ആത്മഹത്യ ചെയ്യാനാവൂ. അല്ലാത്തവർ ആതാഹത്യാ ഭീഷണി മുഴക്കുകയേ ഉള്ളൂ. നമ്മുടെ മരിച്ചുപോയ ശശിരാജാവിനെയും ശശികല ടീച്ചറെയുമൊക്കെ പോലെ, ആത്മഹത്യ വേറെ ആത്മഹത്യാ ഭീഷണിവേറെ!
യൂദാസ് എന്ന ബൈബിൾ കഥാപാത്രത്തെ വഞ്ചനയുടെയും ഒറ്റിന്റെയും പ്രതീകമായാണ് പൊതുബോധം സ്വീകരിച്ചിരിക്കുന്നത്. തനിക്കു കിട്ടിയ മുപ്പതു വെള്ളിക്കാശിന്മേൽ പുരണ്ട രക്തത്തിന്റെ നിലവിളിയാൽ ഭ്രാന്തനായി ആത്മഹത്യയിൽ അഭയം തേടിയ യൂദാസ് ആണ്. അമാനുഷതകൾ ഒന്നുമില്ലാത്ത ബൈബിളിലെ ഏക കഥാപാത്രം.
വിശ്വാസികളുടെയുo സഭയുടെയും പരിഗണനകളുടെയോ പ്രാർത്ഥനകളുടെയോ ഏഴയലത്ത് പോലുമെത്താത്ത യൂദാസിനോട് മറ്റ് ക്രിസ്ത്യാനികളെക്കാളും അവരുടെ പോപ്പൻമാരേക്കാളും വിഷപ്പന്മാരെക്കാളും വികാരിമാരേക്കാളും വിശുദ്ധന്മാരെക്കാളും എനിക്ക് ആദരവാണുള്ളത്. അങ്ങ് എനിക്ക് വിശുദ്ധനാകുന്നു!
ശത്രുക്കളോട് പോലും ക്ഷമിക്കണമെന്ന് പലവട്ടമാവർത്തിക്കുമ്പോഴും അയാളോടാരും ഇന്നേവരെ ക്ഷമിച്ചിട്ടില്ല. ഇനി കഴിയുമെന്ന് തോന്നുന്നുമില്ല…
ജീവിതത്തിലെ ചില തെറ്റായ നിഗമനങ്ങളുണ്ട്. ‘പ്രതീക്ഷകളുടെ പിഴവുകൾ’ കാലം അതിനെ കടുത്ത അപരാധമായി വിലയിരുത്തിയേക്കാം ആരാലും തിരുത്തപ്പെടാതെ ആരാലും തിരിച്ചറിയപ്പെടാതെ…….
അതു കൊണ്ടു കൂടിയാവണം എനിക്ക് നിങ്ങളെ ഇഷ്ടമാണ് യൂദാസ്. നിങ്ങളുടെ പ്രത്യാശയാണ് വഞ്ചനയായി തെറ്റിദ്ധരിക്കപ്പെട്ടത്.
യൂദാസ് സ്കറിയോത്തയുടെ ബലിദാൻ ദിനത്തിൽ ആ ഉറച്ച വിശ്വാസത്തിനു മുന്നിലൊരുപിടി അശ്രുപൂക്കൾ…..


