✍️ ലിബി. സി.എസ്
ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിമുതൽ യു ടേൺ അടിച്ചു റിവൈവലിസത്തിൻറെ പാതയിൽ സഞ്ചരിച്ചു തുടങ്ങിയ പത്തൊൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ആരംഭിച്ച കേരള നവോത്ഥാന ശ്രമങ്ങളെ പൂർണ്ണമായും പുനരുത്ഥാന പാതയിലേക്ക് എത്തിച്ചതിൽ മൂന്ന് പതിറ്റാണ്ട് കാലം തന്നാൽ കഴിയുന്ന സംഭാവനകൾ നൽകിയ നടേശ കുരുവിനെ ഇന്ന് ഉത്ഥാനം നഷ്ടപ്പെട്ട നവകേളത്തിൻറെ മന്ത്രി പുംഗവന്മാർ ആദരിക്കുക്കയാണ്.
നാരയണഗുരു രൂപം കൊടുത്ത രണ്ട് പ്രസ്ഥാനങ്ങളും നാരയണഗുരുവിൻറെ പേരിൽ വേറെ ആരൊക്കെയോ ഉണ്ടാക്കിയിട്ടുള്ള കുറെ അനുബന്ധ പ്രസ്ഥാനങ്ങളും ആണ് ഇന്ന് കേരളത്തിൽ പുനരുത്ഥാന ശ്രമങ്ങൾക്ക് ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നതെന്നകാര്യത്തിൽ ആർക്കും യാതൊരു സംശയത്തിനും സാധ്യതയില്ല, അതുകൊണ്ട് നവകേളക്കാർ അദ്ദേഹത്തെ ആദരിക്കേണ്ടത് തന്നെയാണ്.
1903 ൽ രൂപം കൊണ്ട എസ്എൻഡിപിയുടെ ചരിത്രത്തിൽ അവർതന്നെ അഭിപ്രായപ്പെടുന്നതുപോലെ പലതുകൊണ്ടും ‘പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ’ തന്നെയാണ് നടേശകുരു.
1) മുൻപ് ഏറ്റവും കൂടുതൽ കാലം എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി ആയിരുന്നിട്ടുള്ളത് കുമാരൻ ആശാൻ ആയിരുന്നു, 16 വർഷം. ആ റിക്കോഡ് ഇപ്പോൾ തകർത്തിരിക്കുകയാണ് നടേശകുരു, അതിനേക്കാൾ ഇരട്ടി വർഷം ആ കസേരയിൽ കയറി ഇരുന്നുകൊണ്ട്.
2) എസ്എൻഡിപി യോഗത്തിൻറെ ചരിത്രത്തിൽ ഡോ. പൽപ്പു മുതൽ ഇങ്ങോട്ട് നടേശന്റെ കാലം വരെ വിദ്യാഭ്യാസമില്ലാത്ത ഒരാൾ പോലും പ്രസിഡന്റോ സെക്രട്ടറിയോ ആയ ചരിത്രമില്ല. എല്ലാവരും തന്നെ ഡോകടർമാരും വക്കീലന്മാരും അധ്യാപകരുമൊക്കെയാണ് ആ കസേരയിൽ ഇരുന്നിട്ടുള്ളവർ. എന്നാൽ “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന് കഴിഞ്ഞനൂറ്റാണ്ടിലേ പറഞ്ഞുകൊണ്ടിരുന്ന നാരയണഗുരു ഉണ്ടാക്കിയ പ്രസ്ഥാനതതിന്റെ തലപ്പത്ത് തന്നെ കയറിയിരുന്ന് അതിനെ വെല്ലുവിളിച്ച വിവരവും വിദ്യാഭ്യാസവുമില്ലാത്ത വേറെ ആരുണ്ട് എസ്എൻഡിപി യോഗ ചരിത്രത്തിൽ? ഇദ്ദേഹത്തെ ആദരിക്കാൻ കേരളത്തിൻറെ വിദ്യാഭ്യാസ മന്ത്രിയെക്കൂടി വിളിക്കേണ്ടതായിരുന്നു!
മകൻറെ ഭരണകാലം കാലം കൂടിക്കഴിഞ്ഞാൽ അന്ന് സംഘടന അവശേഷിക്കുന്നുണ്ടെങ്കിൽ ഇനി ഇതുപോലെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത വേറൊരു ഐറ്റത്തിനെ കണ്ടെത്തുകയും പ്രയാസമാണ്!
3) “മദ്യം വിഷമാണ്, അതുണ്ടാകരുത്, കുടിക്കരുത് കൊടുക്കരുത്” എന്നുപറഞ്ഞ നാരയണഗുരുവിൻറെ പ്രസ്ഥാനത്തിൻറെ തലപ്പത്തിരിക്കാൻ നടേശ കുരുവിനോളം യോഗ്യതയുള്ള വേറെ ഏതെങ്കിലും യോഗനേതാക്കൾ മുൻപ് ഉണ്ടായിട്ടുണ്ടോ? പിന്നെന്താണ് അദ്ദേഹത്തെ ആദരിക്കാൻ എക്സൈസ് മന്ത്രിയെ കൂടി ഉൾപ്പെടുത്താതിരുന്നത്?
4) എസ്എൻഡിപി യോഗ ചരിത്രത്തിൽ ഇതിനുമുൻപ് ഏതെങ്കിലും ജനറൽ സെക്രട്ടറിമാർ കുടുംബസമേതം സംഘടനാ പ്രവർത്തനത്തിനിറങ്ങുകയും ഭാര്യയെ വനിതാസംഘം നേതാവും മകനെ യൂത്ത് മൂവ് മെൻറ് നേതാവും ആക്കി വളർത്തിക്കൊണ്ടുവന്നു യോഗ നേതൃത്വത്തിലേക്ക് എത്തിക്കുകയും മകനുവേണ്ടി സ്വന്തമായി രാഷ്ട്രീയ പാർട്ടി വരെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത ചരിത്രമുണ്ടോ? വേറേതെങ്കിലും ജനറൽ സെക്രട്ടറിമാർ തൻറെ കലാശേഷവും ശ്രീനാരയണ ധർമ്മം പരിപാലിക്കാൻ സ്വന്തം പുത്രനെ തന്നെ പിൻഗാമിയായി അവരോധിക്കാൻ സമുദായത്തിന് സംഭവനചെയ്യാനുള്ള സന്മനസ് കാണിച്ചിട്ടുണ്ടോ? എന്നിട്ട് എന്തുകൊണ്ടാണ് അദ്ദേഹത്തെ ആദരിക്കാൻ കുടുംബക്ഷേമകാര്യ മന്ത്രിയെക്കൂടി വിളിക്കാനുള്ള വകതിരിവ് സംഘാടകർ കാണിക്കാതിരുന്നത്?
5) “മതമേതായാലും മനുഷ്യൻ നന്നായാൽ മതി”, “മനുഷ്യന് മനുഷ്യത്വമാണ് മതം” എന്നൊക്കെ പറഞ്ഞ നാരയണഗുരുവിൻറെ പ്രസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കാൻ എന്തുകൊണ്ടും വായെടുത്താൽ മതവിദ്വേഷം മാത്രം വിളമ്പുന്ന നടേശകുരുവിനോളം യോഗ്യരായവർ ഈഴവ സമുദായത്തിൽ വേറെ ഉണ്ടോ എന്ന് കണ്ടറിയണം. അതുകൊണ്ട് അദ്ദേഹത്തെ നാരയണഗുരു ആയുഷ്കാല പ്രസിഡന്റ് ആയിരുന്നതുപോലെ നടേശകുരുവിനെ ആയുഷ്കാല ജനറൽ സെക്രട്ടറിയായും അദ്ദേഹത്തിൻറെ കാലശേഷം തുഷാര കുമാരനെ ആ സ്ഥാനത്ത് അവരോധിക്കണമെന്നും അടുത്ത വാർഷിക യോഗത്തിൽ ബയലഭേദഗതി കൊണ്ടുവരേണ്ടതുമാണ്.
ഇങ്ങനെ നമ്പരിട്ട് പറഞ്ഞുപോയാൽ പോസ്റ്റ് നീണ്ടുപോകും. ഇത്രയും പറഞ്ഞത് ചില കുബുദ്ധികൾ ഇന്ന് കരിദിനമായി ആചരിക്കാനും കഞ്ഞിവെപ്പ് സമരം നടത്താനും തീരുമാനിച്ചിരിക്കുന്നതു കൊണ്ടാണ്.


