✍️ ലിബി. സി.എസ്
വെള്ളാപ്പള്ളിനടേശനെ അധിക്ഷേപിക്കുന്നതിനെതിരെ കേരളമാകെ പ്രതിഷേധം ആളിപ്പടരുകയാണത്രെ! മുസ്ലിങ്ങൾ മലപ്പുറം ജില്ലയിൽ കാശ് മുടക്കി സ്കൂളും കോളേജ്ഉം ഉണ്ടാക്കി ഈഴവന്മാർക്ക് ദാനം ചെയ്യണം വെള്ളാപ്പള്ളി നടേശൻറെ പട്ടാഭിഷേകം നടക്കുന്നതിന് മുൻപ് എത്ര എയ്ഡഡ് കോളേജുകളാണ് എസ് എൻ ട്രസ്റ്റിന് ഉണ്ടായിരുന്നത് അതല്ലാതെ 30 വർഷത്തെ നടേശഭരണത്തിൻറെ വാർഷികം ആഘോഷിക്കുമ്പോഴും ഒരു എയ്ഡഡ് കോളേജ് പോലും നേടിയെടുക്കാൻ നടേശനായിട്ടില്ല. അതിന് ഉത്തരവാദികൾ മുസ്ലിം ലീഗ് ആണത്രേ!
30 വർഷമായി എസ്എൻഡിപി കുടുംബയോഗമാക്കി മൈക്രോഫിനാൻസ് തട്ടിപ്പ് നടത്തി ആസ്ഥാന മന്ദിരം ഉൾപ്പെടെ ജപ്തിയിലാക്കാനുള്ള പരിശ്രമത്തിനിടയിൽ ഇതിനൊക്കെ സമയം കിട്ടിയില്ല, അതിനും മുസ്ലിങ്ങളാണ് ഉത്തരവാദികൾ!
എസ്എൻഡിപിയുടെ ചരിത്രത്തിൽ ആദ്യമായി വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഒരു ഈഴവ കുടുംബത്തെ കണ്ടെത്തി സംഘടന ഏൽപ്പിച്ചാൽ ഇങ്ങനൊക്കെ ഇരിക്കും. നടേശന്റേയും പുത്രന്റെയും വിദ്യാഭ്യാസ യോഗ്യത മാത്രം ആരും ചോദിക്കരുത്, അത് മോദിയുടെ പിജി പോലെയാണ്. നടേശൻ മുതലാളിക്ക് ജന്തു ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നാണ് കേൾവി.
എയ്ഡഡ് സ്ഥാപനങ്ങളും സമുദായങ്ങളും:
കേരളത്തിലെ ഒരു സമുദായ അംഗത്തിനും തങ്ങളുടെ സമുദയ സംഘടനയ്ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇല്ലെന്നുകരുതി തങ്ങൾക്കവകാശപ്പെട്ട സീറ്റുകൾ ഒന്നും നഷ്ടപ്പെടില്ലെന്ന് സാമാന്യബോധമുള്ള ആർക്കും അറിയാം. നഷ്ടം സമുദായ നേതാക്കൾക്ക് നിയമനത്തിനും അഡ്മിഷനും ഒക്കെ ലഭിക്കുന്ന കോഴപ്പണം മാത്രമാണ്. ഇവിടെ പാവപ്പെട്ട ഒരു സമുദായാംഗത്തിനും എസ്എന്‍ഡിപിയുടെയോ എൻഎസ്എസ്ന്റെയോ സ്കൂളുകളിലോ കോളേജുകളിലോ അവർ ജോലി കൊടുത്ത ചരിത്രമില്ല. ഏറ്റവുംകൂടുതൽ കൈക്കൂലി കൊടുക്കുന്നത് ആരാണോ അവർക്കാണ് ജോലികൊടുക്കുന്നത്. എയ്ഡഡ് മേഖലയിലെ അദ്ധ്യാപക ജോലി ചന്തയിൽ ഏറ്റവും കൂടുതൽ കൈകൂലിവാങ്ങുന്നത് എസ്എൻഡിപിയും എൻഎസ്എസും ചില വ്യക്തികളുടെ സ്ഥാപങ്ങളുമാണ്. കാര്യം രൂപ താ കമ്പനി എന്നാണ് പേരെങ്കിലും ഏറ്റവും കുറച്ചു തുക കൈക്കൂലിവാങ്ങുന്നത് സഭയുടെ സ്ഥാപനങ്ങളിലാണ്. പൈസവാങ്ങാതെയും പലരെയും നിയമിച്ചിട്ടുണ്ട്. എനിക്ക് ഓഫർ ചെയ്തിട്ടുണ്ട്, എൻറെ കസിൻ ഇപ്പോഴും ആലപ്പുഴ രൂപതയുടെ ഒരു എയ്ഡഡ് സ്കൂളിൽ 10 പൈസ കൊടുക്കാതെ അദ്ധ്യാപികയായി ജോലി ചെയ്തുവരുന്നുണ്ട്. അവർക്ക് വേണ്ടപ്പെട്ടവർക്കൊക്കെയേ അങ്ങിനെ നിയമനം കൊടുക്കൂ എങ്കിലും സഭയുടെ സ്ഥാപനങ്ങളിൽ പൈസകൊടുക്കാതെ ജോലിക്കു കയറിയ ധാരളം അധ്യാപകർ കേരളത്തിൽ ഉണ്ട്. എസ്എൻഡിപിയുടെയും എൻഎസ്എസ് ൻറെയും സ്ഥാപങ്ങളിൽ അങ്ങിനെ ആരെയെങ്കിലും പാവപ്പെട്ടവരെ നിയമിച്ചതായി നിങ്ങൾക്കറിയാമോ?
നടേശകുരുവും രാഷ്ട്രീയ പാർട്ടികളും:
കേരളത്തിലെ ഏതെങ്കിലും സമുദായ നേതാക്കന്മാർ പറയുന്നത് കേട്ട് ആരെങ്കിലും വോട്ട് ചെയ്യുമോ? വാസ്തവത്തിൽ രാഷ്ട്രീയപാർട്ടികൾ പോയി തിണ്ണ നിരങ്ങാറുള്ള നടേശകുരുവിനോ സുകുനായർക്കോ വോട്ട് ബാങ്ക് ഉണ്ടോ? ഇവിടെ ആകപ്പെടെ കുറച്ചു വോട്ട് ബാങ്ക് ഉള്ളത് കത്തോലിക്കാ സഭയ്ക്ക് മാത്രമാണ്. അവരുടെ കന്യസ്ത്രീമഠങ്ങളിലെ വോട്ടുകൾ അനുസരണ വ്രതം പറഞ്ഞു ബിഷപ്പിന് അയാൾ പറയുന്നിടത്ത് കുത്തിക്കാനാവും. അല്ലാത്ത സാധാരണ വിശ്വാസികളുടെ വോട്ട് പോലും കിട്ടില്ല. പുരോഹിതന്മാർ പറയുന്നിടത്തു കുത്തുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഈഴവസമുദായത്തിൽ നടേശകുരുവിന്റെയും പുത്രന്റെയും അടിമകളായിരുന്ന ഈഴവന്മാരെല്ലാം ബിഡിജെഎസ് ൽ ചേർന്നുകഴിഞ്ഞു, അവർ ആർക്കാണ് വോട്ട് കുത്തുകയെന്ന് എല്ലാവർക്കും അറിയാം. ബാക്കിയുള്ള ഈഴവരൊക്കെ നടേശനോ പുത്രനോ പറയുന്നിടത്തു വോട്ടുകുത്തുന്നവർ അല്ലെന്ന് കമ്യൂണിസ്റ്റുകാർക്കോ കോൺഗ്രസുകാർക്കോ അറിയാഞ്ഞിട്ടല്ല അയാളുടെ തിണ്ണ നിരങ്ങാൻ പോകുന്നത്. അത് നേതാക്കന്മാർക്ക് എന്തെങ്കിലും നക്കാപ്പിച്ച തടയാൻ വേണ്ടി മാത്രമാണ്. എൻറെ അറിവിൽ ആലപ്പുഴയിൽ പോലും വെള്ളാപ്പള്ളി നടേശൻ ആരെ പിന്തുണച്ചിട്ടുണ്ടോ അവരൊക്കെ തോറ്റ ചരിത്രമേ ഉള്ളൂ. വിഎം സുധീരനെ പരാജയപ്പെടുത്തുമെന്ന് ഇയാൾ പ്രഖ്യാപിച്ചതുകൊണ്ട് അദ്ദേഹം വലിയ പ്രചാരണം ഒന്നുമില്ലാതെ വൻഭൂരിപക്ഷത്തിൽ ജയിച്ചു. കഴിഞ്ഞ ഇലക്ഷനിൽ കനൽ ഒരു തരിക്ക് പിന്തുണകൊടുത്തു കെസി വേണുഗോപാൽ വൻ പൂരിപക്ഷത്തിൽ ജയിച്ചു.
ഇയാൾ പറഞ്ഞാൽ ഈഴവരൊക്കെ വോട്ട് ചെയ്യുമെങ്കിൽ ഇയാളും മകനും കൂടി ശംഖുമുഖം കടപ്പുറത്തുവെച്ചുണ്ടാക്കിയ ബിഡിജെഎസ് ന് വോട്ട് ചെയ്യാൻ പറഞ്ഞു മകനെ മുഖ്യമന്ത്രി ആക്കാമായിരുന്നില്ലേ?
ഇയാൾ പറഞ്ഞാലൊന്നും ആരും വോട്ട് ചെയ്യില്ലെന്ന് രാഷ്ട്രീയക്കാർക്കൊക്കെ അറിയാം പിന്നെ ഒരു പരസ്പര സഹകരണത്തിൽ അവർ പോകുന്നതാണ്. മകൻ തട്ടിപ്പ് കേസിൽ ദുബായിൽ ജയിലിലായപ്പോൾ മാധ്യമ വാർത്തകണ്ടു മുഖ്യമന്ത്രി ഇടപെട്ട് മോചിപ്പിച്ചതുപോലെ ചില്ലറ സഹായങ്ങൾ ഇവർ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചെയ്യും. അല്ലാതെ ഇവിടുത്തെ പാവപ്പെട്ട ഈഴവർക്ക് പ്രത്യേകിച്ച് ഇവനെയൊന്നും കൊണ്ട് ഒരു കാര്യവുമില്ലെന്ന് എല്ലാവർക്കും അറിയാം.
കോമഡി പ്രതിഷേധങ്ങൾ:
ഇവിടെ 15 വർഷത്തോളമായി ഈഴവരാണ് മുഖ്യമന്ത്രി കസേരയിൽ. 30 വർഷമായി ഇയാളാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി, ഇവിടുത്തെ ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്ക ജനസമൂഹത്തിന് ഏറ്റവും കൂടുതൽ ഉപദ്രവങ്ങളും നാണക്കേടുകളും ഉണ്ടാക്കിയിട്ടുള്ളത് ഈ കാലഘട്ടത്തിൽ അല്ലേ? ഈ വാനരസംഘങ്ങളിൽ ആരെയെങ്കിലും ഇതുപോലെ പ്രതിഷേധവുമായി തെരുവിൽ കണ്ടോ?
1)സവർണ്ണ സംവരണം നടപ്പിലാക്കിയത് നായർ മുഖ്യമന്ത്രിയോ മുസ്ലിം മുഖ്യമന്ത്രിയോ ആണോ?
2)ബ്രാഹ്മണൻ പ്രത്യേക ക്ളാസ് ആണെന്നു ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്തത് മുസ്ലിങ്ങൾ ആണോ?
3) ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ നടപ്പിലാക്കിക്കഴിഞ്ഞ ലോക്കൽ സെൽഫ് ഗവണ്മെന്റുകളിലെ ഒബിസി സംവരണം കേരളത്തിൽ നടപ്പിലാക്കാതിരിക്കാൻ ഹൈക്കോടതിയിൽ പോയത് മുസ്ലിം ലീഗ് ആണോ?
4) കൂടൽമാണിക്യ ക്ഷേത്രത്തിൽ നിയമിച്ച ഈഴവ കഴകക്കാരനെ ഓടിച്ചുവിട്ടത് മുസ്ലിങ്ങൾ ആണോ?
ഇതിനെതിരെയൊക്കെ നിങ്ങളാരെങ്കിലും പ്രതിഷേധം ആളിക്കത്തിക്കുന്നത് കണ്ടിരുന്നോ? ഇപ്പോൾ വെള്ളാപ്പളി നടേശനെ അപമാനിക്കുന്നത്തിനെതിരെ പ്രതിഷേധം ആളിക്കത്തിക്കുമത്രെ! നാണമോ മാനമോ ഉള്ളവരെയല്ലേ അപമാനിക്കാൻ പറ്റൂ?
പൃഷ്ഠം ചൊറിയലിന്റെ രാഷ്ട്രീയ സാധ്യതകൾ:
കേരളസർക്കാർ ആരംഭിച്ച ശ്രീനാരായണ ഗുരുവിൻറെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്ര വകുപ്പ് കൂടി ഉൾപ്പെടുത്തി നടേശൻ മുതലാളിയെ വകുപ്പ് മേധാവിയെങ്കിലും ആക്കണം എന്നാണ് ഈയുള്ളവളുടെ ഒരു അപേക്ഷ.
വെള്ളാപ്പള്ളി നടേശൻ കേന്ദ്ര വനം വന്യജീവി മന്ത്രിയാകുമെന്നായിരുന്നു മോദി സർക്കാരിന്റെ ആദ്യ കാലത്തെ ശ്രുതി. ഭാവിയിൽ കേരളത്തിൻറെ മുഖ്യമന്ത്രിയും പിന്നീട് ഉപ പ്രധാനമന്ത്രിയും വേണ്ടിവന്നാൽ പ്രധാനമന്ത്രിയും ആക്കിയേക്കും എന്നൊക്കെ മൊതലാളിയെ മോഹിപ്പിക്കുകയും ചെയ്തു. അതിനുള്ള യോഗ്യതയൊക്കെ മുതലാളിക്ക് ഉണ്ട്. കുറ്റം പറയരുതല്ലോ വന്യജീവി മന്ത്രിയാക്കാൻ ഇത്രയും യോഗ്യതയുള്ള വേറൊരാളെ എൻ.ഡി.എ. യിൽ കണ്ടെത്താനേ കഴിയില്ല. മോദിജിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ ചിലർ സംശയം ഉന്നയിച്ചെങ്കിലും കൂട്ടുകാരൻ വെള്ളാപ്പള്ളി നടേശൻ ജിയുടെ യോഗ്യതയിൽ എനിക്ക് ഒരു സംശയവുമില്ല. വെറ്റിനറി സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും ശേഷം ഗവേഷണവുമാണ് പണി.
സർട്ടിഫിക്കറ്റ് ചോദിക്കരുത്. ‘ജാതി ചോദിക്കരുത് ‘പറയരുത്, വിചാരിക്കരുത് എന്നാണ് നാരായണ ഗുരുവിന്റെ ആപ്തവാക്യം, അതുകൊണ്ട് സർട്ടിഫിക്കറ്റും ചോദിക്കരുത്. ചോദിക്കാൻ പോയാൽ വീട്ടിലിരിക്കുന്ന അപ്പനും അമ്മുമ്മക്കും വരെ പനിപിടിക്കും. വെള്ളാപ്പള്ളിക്ക് സർട്ടിഫിക്കറ്റ് കൊടു ക്കാൻ വേണ്ടും വളർന്ന ഏത് യൂണിവേഴ്സിറ്റിയാണ് ഇന്ത്യയിലുള്ളത്?
വെള്ളാപ്പള്ളിയുണ്ടായിരുന്നെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കേണ്ടി വരില്ലായിരുന്നു എന്ന് ട്രമ്പ് വരുംമുമ്പ് രണ്ടാമത് കണ്ടപ്പോൾ ഒബാമജീ മോദിജീയോട് പറഞ്ഞത്രേ. പകരം രണ്ട് സ്ഥലത്തും പുള്ളിക്കാരന്റെ പ്രസംഗം സംഘടിപ്പിച്ചാൽ മതിയായിരുന്നു. നഷ്ടപരിഹാരം കൊടുക്കാതെ അണുപ്രസരം ഭംഗിയായി നടക്കുമായിരുന്നു. ആ ശബ്ദത്തിന് തന്നെയുണ്ട് ഒരു ആറ്റം ബോംബിന്റെ ഭംഗി!
എന്തെല്ലാം രാസ പരിണാമങ്ങളാണ് ആ തിരുനാവിൽ നടക്കുന്നതെന്ന് ഒരു ശാസ്ത്രജ്ഞനും പറയാൻ പറ്റില്ല! വെടിയുപ്പും കറിയുപ്പും ഗന്ധകവും എല്ലാം ചേർത്തരച്ച ഒരു ചമ്മന്തി. ഒന്ന് തൊട്ടാൽ മതി ആമൂലാഗ്രം എരിയും.
വെള്ളാപ്പള്ളി വെറ്റിനറി സയൻസിൽ ഗവേഷണം നടത്തുന്ന വിഷയം കേട്ടാൽ മതി അദ്ദേഹത്തിന്റെ ജ്ഞാനതൃഷ്ണയുടെ വലിപ്പം അറിയാൻ. ‘കുരങ്ങുകളിലെ പ്രജനന കാലവും പൃഷ്ഠം ചൊറിയലിന്റെ രാഷ്ട്രീയ സാധ്യതകളും.” ഇതാണ് റിസർച്ച് ടോപ്പിക്. പറ്റിയ ഗൈഡിനെ കിട്ടാത്തതിനാൽ ഏകലവ്യ രീതിയിലാണ് ഗവേഷണം. ദ്രോണാചാര്യർക്ക് പകരം സ്വന്തം മെഴുകുതിരി പ്രതിമയുണ്ടാക്കി അതിന്റെ മുന്നിലായിരുന്നു പഠനം.
അല്ലാതെ വെള്ളാപ്പള്ളിയുടെ റിസർച്ച് നിയന്ത്രിക്കാൻ ഗൈഡോ? അങ്ങനെ ചിന്തിക്കാൻ പോലും ധൈര്യം ഉള്ളവരുണ്ടോ? അതിനും വേണം യോഗ്യതയുള്ള ആരെങ്കിലും യുനെസ്കോയിൽ പോലുമില്ല. മുൻപ് ഓഡിറ്റിങ് സംബന്ധിച്ച് ചില സംശയങ്ങൾ ഉണ്ടാകുമ്പോൾ യുനെസ്കോവിൽ നിന്ന് പോലും വെള്ളാപ്പള്ളിയേയാണ് വിളിക്കുന്നത്. SNDP യുടെയും SN ട്രസ്റ്റിന്റേയും മൈക്രോ ഫിനാൻസിന്റേയും എല്ലാം കണക്കുകൾ ടാലിയാക്കുന്ന ജനറൽ സെക്രട്ടറിയുടെ വൈഭവം ലോക പ്രശസ്തമാണ്. വിളി ശല്യമായതോടെ അന്ന് യു.എൻ സെക്രട്ടറിജനറൽ ബാൻ കി മൂണിനെ നേരിട്ട് വിളിച്ച് വെള്ളാപ്പള്ളി കാര്യം പറഞ്ഞു.
എടോ ബാൻ കി മോനേ… കണക്കറിയാവുന്ന ആരെയെങ്കിലും വിളിച്ചവിടെ ഇരുത്തെടാ… പതിനെട്ടിൽ നിന്ന് പത്തെടുത്താൽ ബാക്കി എട്ട്…. അത്രയൊള്ള്…. അതിനിത്തിരി ചങ്കൊറപ്പ് വേണം. ഇല്ലേൽ താനീ പണി വിട്ട് പോടോ….” അതിന് ശേഷം ഐക്യരാഷ്ട്ര സംഘടനയിൽ നിന്ന് പിന്നെ ആരും വെള്ളാപ്പള്ളിയെ വിളിക്കാറില്ല.
കുരങ്ങുകളിലെ ഗവേഷണം വളരെ ആത്മാർത്ഥതമായാണ് വെള്ളാപ്പള്ളി നടത്തുന്നത്. ചിലപ്പോൾ ഗവേഷകർ സ്വയം ഗവേഷണ വിഷയമായി മാറാറുണ്ട്. ‘ഈ കരിങ്കുരങ്ങിന് ആര് വോട്ട് ചെയ്യുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മന്ത്രിസഭയിലെ നാടൻ ഭാഷാ വിദഗ്ധനും ഈഴവനുമായ മണി ആശാനെക്കുറിച്ച് കുറിച്ച് ഇലക്ഷൻ പ്രചരണത്തിനിടയിൽ വെള്ളാപ്പള്ളി ചോദിച്ചത് അദ്ദേഹം ഗവേഷണത്തിലൂടെ ആർജ്ജിച്ചെടുത്ത അഗാധമായ അറിവാണ് പുറത്ത് കൊണ്ടുവന്നത്. എന്തിനേയും ജന്തുക്കളായി കാണാനുള്ള വാസന താൻ കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള ആത്മാർത്ഥതയെയാണ് കാണിക്കുന്നത്. ഇനിയും ഇത്തരം ജീവിത ഗന്ധിയായ വാക്കുകൾ അദ്ദേഹത്തിൽ നിന്ന് അതിന് അർഹനായ നാടൻ ഭാഷാ വിദഗ്ധനും പഠിക്കാവുന്നതാണ്.
കരിങ്കുരങ്ങിന് വോട്ട് ചെയ്യരുത് എന്ന് ഓർമ്മിപ്പിച്ചപ്പോൾ കുറച്ചു അവ്യക്തതയുണ്ട്. കുരങ്ങിനോടാണോ കറുപ്പിനോടാണോ വെള്ളാപ്പള്ളി കൊട്ടാരത്തിലെ നടേശൻ സായിപ്പിന് എതിർപ്പ് എന്നറിയില്ല. പണ്ട് ബർമിങ്ഹാം കൊട്ടാരത്തിനരികിലായിരുന്നു താമസം. പിന്നെ എബ്രഹാം ലിങ്കണെതിരെ യുദ്ധം ചെയ്യാൻ അമേരിക്കയിലേക്ക് പോയി. കരിങ്കുരങ്ങുകൾക്കല്ല നിങ്ങൾക്ക് വോട്ടുചെയ്യാൻ ഞാൻ ചില വെള്ളക്കുരങ്ങുകളെ നിർത്തിയിട്ടുണ്ടല്ലോ എന്നാവും വെള്ളാപ്പള്ളിയുടെ വിവക്ഷ. കുരങ്ങുകളിൽ താൻ ഒട്ടും മോശക്കാരനല്ലയെന്ന് തെളിയിക്കുകയുമാവാമല്ലോ?
ഒരു കഷണം റൊട്ടി, ഒരു ചീഞ്ഞ പഴം, പിന്നെ ആടിക്കളിക്കെടാ കുഞ്ഞിരാമാ, ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന സംഗീതം. അതനുസരിച്ച് കുരങ്ങുകളുടെ നൃത്തം. ഇതെത്ര കളിപ്പിച്ചവനാണ് നടേശൻജി!
കുരങ്ങുകളോട് പണ്ടേതന്നെ ഒരിഷ്ടമുണ്ട്. ഒന്നാമത്തെ ആകർഷണം അതിന്റെ പല്ലിളിയാണ്. വെള്ളാപ്പള്ളിയുടെ ഗവേഷണത്തിൽ നിന്ന് പല്ലിളിയെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ നമുക്ക് കിട്ടും എന്ന് പ്രതീക്ഷിക്കാം. ചില പ്രത്യേക തരം കുരങ്ങുകൾ എപ്പോഴും പല്ലിളിക്കാറില്ല. ആവശ്യം വരുമ്പോൾ മാത്രമേ അവർ പല്ലിളിച്ച് കാട്ടാറുള്ളൂ. സന്തോഷം വരുമ്പോൾ മാത്രമല്ല കുരങ്ങുകൾ ചിരിക്കുന്നതെന്നും അത് ചില പ്രത്യേക മാനസീകാവസ്ഥയിൽ നിന്നും ഉണ്ടാവുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ടാമത്തെ പ്രധാന അന്വേഷണ ഭാഗം പൃഷ്ഠം ചൊറിയലാണ്. അത് അനന്ത സാധ്യതകളാണ് മനുഷ്യ രാശിക്കുമുന്നിൽ തുറന്നിട്ടിട്ടുള്ളത്. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായതിനാൽ ഈ സംഭവം തലമുറ തലമുറ കൈമാറി ഇപ്പോഴും സൂക്ഷിക്കുന്നു. ചൊറിയുമ്പോഴുള്ള സുഖം ചെറുതല്ല. ചൊറിഞ്ഞ് ചൊറിഞ്ഞ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചവരത്രേ! ചൊറിയുന്നത്കൊണ്ട് ആരും ചെറുതാവുന്നില്ല. മറിച്ച് വലുതാവുന്നതേയുള്ളൂ.
കുരങ്ങുകൾ പരസ്പരം ചൊറിയുന്നത് നോക്കൂ. കുരങ്ങുകളുടെ പ്രധാന പോരായ്മ ചൊറിയുന്നത് ലോക്കലൈസ് ചെയ്യുന്നു എന്നതാണ്. അത് കൂടുതൽ വലിയ മേഖലയിലേക്ക് വ്യാപിക്കുന്നതിനെ തന്ത്രം എന്ന് പറയുന്നു. എപ്പോൾ, എവിടെ എന്ന് നിർണ്ണയിക്കുന്നതിലാണ് വിജയം എന്ന് വെള്ളാപ്പള്ളി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഈ രംഗത്തെ ചില പണ്ഡിതർ സൂചിപ്പിക്കുന്നത്. സ്ഥലം മാറിയും സ്ഥാനം മാറിയും ചൊറിഞ്ഞ് അപകടത്തിൽപ്പെടാതെ സൂക്ഷിക്കണം. കാലത്തിനനുസരിച്ചും ചൊറിയണം.
ചൊറിച്ചിൽ ഒരു ആരാധനാക്രമമാണ്. പൂജക്കിടയിൽ വലതുകൈ നെഞ്ചോട് ചേർക്കുംപോലെ, കുരിശ് വരയ്ക്കുന്നത് പോലെ, തൊഴുകുന്നത് പോലെ ഒന്ന്. അത് ദൈവ പ്രസാദത്തിനാണ്. വിനയമാണ് വളർച്ച. ഇഷ്ട ദൈവങ്ങളോട് പ്രാർത്ഥിക്കുമ്പോൾ ആരെങ്കിലും നടുവിൽ കൈവയ്ക്കുമോ?
“അപ്പോ ദൈവമേ പ്രശ്നമെന്തെന്ന് വെച്ചാൽ… രണ്ട് രണ്ടരക്കൊല്ലമായി ഒരു പ്രോബ്ലമുണ്ട്. അത് പറയാനാണ് ഞാൻ വന്നത്….’ഈ മട്ടിലല്ലല്ലോ ദൈവങ്ങളോട് പറയുക?
മനുഷ്യ ദൈവങ്ങളുടെ മുന്നിൽ നിൽക്കുമ്പോഴും അത് തന്നെയായിരിക്കണം ആംഗികം. ഡൽഹിയിൽ നരേന്ദ്രമോദിയെ കാണാൻ ചെന്ന് വാല്യക്കാരനെ കാണാൻ അനുവദിച്ചപ്പോൾ വെള്ളാപ്പള്ളി സ്റ്റേജിൽ കയറി പ്രസംഗിക്കുമ്പോലെയാണോ സംസാരിച്ചത് ? അപ്പോൾ ചൊറിയുക എന്നത് മോശം കാര്യമല്ല.
കുരങ്ങുകളിലെ പൃഷ്ഠം ചൊറിയലിൽ നടത്തിയ ഗവേഷണത്തിൽ നിന്ന് പ്രധാനമായ ചില കണ്ടെത്തലുകൾ ഉണ്ട് ഇതാണ് അത്. ഒറ്റയ്ക്ക് ചൊറിയുന്നത്പോലെ കുരങ്ങുകൾ കൂട്ടം ചേർന്നും ചിലപ്പോൾ കുടുംബമായും ചൊറിയാറുണ്ട്. കുരങ്ങുകൾ വെറുതെ ചൊറിയുന്നതല്ല. ചൊറിയുന്നതിനിടയിൽ ഭക്ഷ്യ വസ്തുക്കൾ തടയും. പുഴുവോ ചെള്ളോ പോലെ എന്തൊങ്കിലുമൊക്കെയായിരിക്കും. അതിൽ നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഏത് കുരങ്ങും ചൊറിയുന്നതിന് ഒരു ലക്ഷ്യമുണ്ട് എന്നതാണ്. അല്ലെങ്കിൽ ലക്ഷ്യം നേടുന്നതുവരെ ചൊറിയണം എന്നാണ്.
കുരങ്ങുകൾ പകർന്ന് തന്ന ഈ പാഠങ്ങൾ മനസ്സിലുള്ളതുകൊണ്ടാണ് വെള്ളാപ്പള്ളി പ്രസംഗിക്കാൻ കയറുമ്പോൾ ജന്തുശാസ്ത്ര വിജ്ഞാനീയം പ്രകടിപ്പിക്കാറുള്ളത്. കുരങ്ങനിൽ മാത്രം ഒതുങ്ങുന്നതല്ല ആ അറിവിന്റെ ലോകം.രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ അദ്ദേഹം ആനയുടെ പേറിനോടാണ് ഉപമിച്ചത്.
ഈ കുറുക്കന്, ഈ ചീങ്കണ്ണിക്ക്, ഈ ചെന്നായ്ക്ക്, ഈ കാട്ടുപോത്തിന്, ഈ ഈനാം പേച്ചിക്ക് വോട്ടുചെയ്യരുത് എന്നെല്ലാം വെള്ളാപ്പള്ളി പ്രസംഗിച്ച് നടന്നു. അത്രയ്ക്കുണ്ട് ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം. ഏതൊക്കെ മൃഗത്തിന്റെ പേര് പറഞ്ഞാലും ഒരെണ്ണത്തെ വെള്ളാപ്പള്ളി ഒഴിവാക്കും. എത്ര സമ്മർദമുണ്ടെങ്കിലും അതിന്റെ പേര് അദ്ദേഹം പറയാറില്ല. കാണ്ടാമൃഗം. അത് തന്റെ സ്വന്തം മൃഗമാണ്. എല്ലാ ഐശ്വര്യത്തിന്റെ പിന്നിലും അതിന്റെ അനുഗ്രഹമായിരുന്നു. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ആന പെറുന്നതു പോലെയാണ് എന്നാണ് അദ്ദേഹം പരിഹസിച്ചതെങ്കിലും പക്ഷെ പേറെടുക്കാൻ മകനെയാണ് വയറ്റാട്ടിയാക്കിയത്.
കുരങ്ങിൽ പൊതുവെ നടത്തിയ ഗവേഷണമാണ് പെട്ടെന്ന് കരങ്കുരങ്ങിലേക്ക് തിരിഞ്ഞത്. കറുപ്പിനേട് ഒരു വെറുപ്പ് പണ്ടേയുണ്ട്. അശ്രീകരം. എല്ലാവരും തന്നെപ്പോലെ വെളുത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കുമ്മനം രാജശേഖരനോട് ഇത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല.
കറുപ്പിനോടുള്ള ഇഷ്ടക്കേട് ഇടുക്കി ജില്ലയിൽ കയറുമ്പോൾ മാത്രമേ നേരത്തേ പ്രകടിപ്പിക്കാറുള്ളൂ സുരേഷ് ഗോപിയെ പോലെ വെളുക്കണം എന്ന നിർബന്ധം കാണില്ല. പക്ഷേ, സ്ഥാനാർത്ഥികൾക്ക് മിനിമം പഴയ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന്റെയെങ്കിലും നിറം വേണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വെള്ളക്കാരെക്കാളും വരുമോ കറുത്ത വർഗ്ഗക്കാർ? അവരെ കാണാൻ തന്നെ എന്താ പവറ്?
അടുത്ത പുഃനസംഘടനയ്ക്ക് മകന് ഒരു കേന്ദ്ര മന്ത്രിക്കസേര എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്തിട്ട് വേണം മോദിജിയോടൊപ്പം യൂറോപ്പ്, അമേരിക്ക, എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ. അവിടെയാണെങ്കിൽ പൊതുവെ വെളുത്തവരാണ് അധികവും. ഹായ്…. എന്ത് കൊതിയാവുന്നു. അവിടെയെല്ലാം SNDP യുടെ ശാഖയുണ്ടാക്കി വനിതാ സംഘവും സ്വാശ്രയ സംഘവും മൈക്രോ ഫിനാൻസും തുടങ്ങണം. കറുപ്പിനെതിരെ ഒരു ഐക്യ മുന്നണിയും ഉണ്ടാകും.
പിന്നെ അവിടെയുള്ള ഒരു പ്രശ്നം കറുപ്പിനെതിരെ പരസ്യമായി ഒന്നും പറയാൻ പറ്റില്ല എന്നതാണ്. കറുത്തവർ കളിക്കാനിറങ്ങിയാൽ കുരങ്ങിന്റെ ശബ്ദം കേൾപ്പിച്ചാൽ പോലും ശിക്ഷ കടുത്തതാണ്.
ഭൂഖണ്ഡം യൂറോപ്പാണെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? അവിടെ വെള്ളാപ്പള്ളിയുടെ നിലവാരമുള്ള ഒരെണ്ണം പോലുമില്ല. അതുകൊണ്ടല്ലേ അവിടെ ഒരു സ്റ്റേജിലും കയറിനിന്ന് പരസ്യമായി വെള്ളാപ്പള്ളിയെപ്പോലെ ‘കരിങ്കുരങ്ങേ കരിങ്കുരങ്ങേ …’ എന്ന് തവള കരയുന്ന ശബ്ദത്തിൽ പറയാൻ ആർക്കും കഴിയാത്തത്?
പിന്നെ ഒരു സങ്കടം കൂടിയുണ്ടായിരുന്നു അന്ന് വെള്ളാപ്പള്ളിക്ക്. ഇവിടെ അനാവശ്യമായി കുറച്ച് സ്ത്രീ സംരക്ഷണ നിയമം ഉണ്ട് അത് നീക്കിയാൽ സ്ത്രീകളെ വെട്ടിയരിഞ്ഞിടാമായിരുന്നു. ഹാവൂ… എന്തൊരു ഭാവന! എന്തൊരു സംസ്ക്കാര സമ്പന്നൻ! എന്തൊരു വിശാല ഹൃദയൻ! എന്തൊരു ഉദാരമതി! എന്തൊരു മനുഷ്യൻ! അദ്ദേഹത്തെ തന്നെയാണ് ഭാഗ്യത്തിന് വനിതാമതിലിന്റെ പ്രധാന സംഘടകനാക്കിയത്.
ഇപ്പോൾ മുതലാളിയുടെ ലീഡർ പിണറായി വിജയൻ ആണത്രേ. മുൻപ് ഒരു ശ്രീകൃഷ്ണ ജയന്തി ദിവസം ബിപ്ലവ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കണ്ണൂരില്‍ നടന്ന ബാലസംഘം ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ തൂക്കിലേറ്റി എന്നാരോപിച്ച് ബിജെപിയുടെ ആശീര്‍വാദത്തോടെ വെള്ളാപ്പള്ളി നടേശനും കൂട്ടരും തെരുവില്‍ കാട്ടിക്കൂട്ടിയ പ്രകടനങ്ങള്‍ ഒട്ടൊന്ന് പാര്‍ട്ടിയെ ഉലയ്ക്കുകയും കോട്ടയത്ത് പിണറായി വിജയന്റെ സമ്മേളനത്തില്‍ അടക്കം വെള്ളാപ്പള്ളിയുടെ അനുകൂലികള്‍ പ്രതിഷേധിച്ച് കയ്യേറാന്‍ ശ്രമിച്ചതും സിപിഎം മറന്നുകാണില്ല. എന്നാൽ ആ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ വെള്ളാപ്പള്ളി, “ലീഡറെ” എന്നു വിളിച്ച് പിന്നാലെ കൂടിയിരിക്കുകയാണ് എന്നതും നടേശൻ മുതലാളിയുടെ നേരത്തെസൂചിപ്പിച്ച പൃഷ്ടം ചൊറിയൽ വൈഭവത്തിന്റെ ഉത്തമോദാഹരണവും ആണ്.
അങ്ങനെയിരിക്കുമ്പോഴാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിവന്നതും ആചാര സംരക്ഷണക്കാർ അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഇറങ്ങിയതും.പണ്ടേ സ്ത്രീ വിരോധികളായ അപ്പനും മോനും (വിജിമോൾ എംഎൽഎ യെക്കുറിച്ച് നടത്തിയപരാമർശം മറന്നുകാണില്ലല്ലോ) ആചാര സംരക്ഷകരായി മാറിയതിൽ ആർക്കും ഒരത്ഭുതവും തോന്നിയതുമില്ല.
അപ്പോഴാണ് മൊതലാളിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് പുന്നല ശ്രീകുമാർ ശ്രീനാരായണ ഗുരു ആരംഭിച്ച നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചയാണ് ഈ വിധി എന്ന പ്രസ്താവനയുമായി രംഗത്തുവരികയും മൊതലാളിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പുന്നല ശ്രീകുമാറിന്റെ പ്രസ്താവനയ്ക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുകയും അപ്പനെയും മകനെയും ആരും ശ്രദ്ധിക്കാതാകുകയും ചെയ്തപ്പോൾ മൊതലാളിക്ക് തന്നെ സംശയമായി താനാണോ പുന്നലയാണോ വാസ്തവത്തിൽ എസ്എൻഡിപി യോഗം സെക്രട്ടറിയെന്ന്.
രാത്രിതന്നെ ഒരു പത്രപ്രസ്താവനയൊക്കെ റെഡിയാക്കി പിറ്റേന്ന് ഒരു പത്ര സമ്മേളനം വിളിച്ച് ആർത്തവ സമരക്കാരെ കണക്കിന് ചീത്തവിളിക്കുകയും ഇപ്പോഴത്തെ തന്റെ ലീഡറായ പിണറായിയെ പിന്തുണക്കുകയും ചെയ്തു. പിന്നീട് കൊലസ്ത്രീകളുടെ ഔദ്യോഗിക വക്താവ് മണിയമ്മ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോൾ ‘ചോ …പൂ …കൂത്തിച്ചിമോനേ ‘എന്നൊക്കെവിളിച്ച് ആർത്തവ സമരക്കാരുടെ നയം വ്യക്തമാക്കിയപ്പോൾ ഏഷ്യാനെറ്റ് കാരോട് തിരിച്ചും തെറിവിളിച്ചു പകരം വീട്ടി. കുലസ്ത്രീ തള്ളയ്ക്കെതിരെ ഒരു കേസും കൊടുപ്പിച്ചു. കാര്യം തീയനാണെങ്കിലും പിണറായി ജാതി മറികടന്ന ഒരാളായതിനാൽ ഇതൊക്കെ ചിരിച്ച് തള്ളി.
പിന്നീടാണ് ലോക്സഭാ ഇലക്ഷനിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് കാരിൽ ചിലർക്കിട്ടൊക്കെ പണി കൊടുക്കാൻ ഉണ്ടെന്ന് വെള്ളാപ്പള്ളി ഓർത്തത്.
പറഞ്ഞ വാക്ക് വിഴുങ്ങുക, നാഴികയ്ക്ക് നാല്പതു വട്ടം നിലപാട് മാറ്റുക എന്നിങ്ങനെ നാണവും മാനവും നോക്കാതെ പ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയോളം മിടുക്ക് ശ്രീധരൻപിള്ളക്ക് പോലുമില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ്, സിപിഎമ്മിനെ സുഖിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളി നടത്തിയ ചില പ്രസ്താവനകള്‍ തിരിച്ചടിയായത് എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ക്ക് തന്നെയായിരുന്നു.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യോഗം ഭാരവാഹികള്‍ അവരുടെ സമുദായത്തിലെ പദവി രാജിവയ്ക്കണമെന്നാണ് വെള്ളാപ്പള്ളി ആദ്യം കല്‍പ്പന പുറപ്പെടുവിച്ചത്. ബിഡിജെഎസ് ലേബലില്‍ മല്‍സരിക്കാന്‍ മണ്ഡലവും കണ്ടു വച്ച് ഉടുപ്പും തയ്പിച്ച് കാത്തിരുന്ന എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ഇതോടെ മനസു മാറ്റി. മനസില്ലാ മനസോടെ അവര്‍ പിന്മാറുകയും ഇവര്‍ കണ്ണു വച്ചിരുന്ന സീറ്റില്‍ ബിഡിജെഎസ് വേറെ ആളിനെ പ്രഖ്യാപിക്കുകയും ചെയ്തു.
അതിന് ശേഷമാണ് തുഷാര്‍ തൃശൂരില്‍ മല്‍സരിക്കാന്‍ കച്ച കെട്ടിയത്. ഇതോടെ വെള്ളാപ്പള്ളി മുന്‍പ് പറഞ്ഞത് വിഴുങ്ങി. യോഗം ഭാരവാഹികള്‍ക്ക് മല്‍സരിക്കാം. സമുദായത്തിലെ സ്ഥാനം രാജിവയ്ക്കുകയും വേണ്ട. വെള്ളാപ്പള്ളിയുടെ വാക്ക് കേട്ട സീറ്റ് മോഹികള്‍ അപ്പോഴാണ് ശരിക്കും ഞെട്ടിയത്.
ഇപ്പോൾ അപ്പനും മോനും സംഘികളും കൂടി ആവിഷ്കരിച്ചിരിക്കുന്ന അടുത്ത ഇലക്ഷനിലേക്കുള്ള വർഗ്ഗീയ ധ്രുവീകരണ പരിപാടികളാണ് മുസ്ലിങ്ങളെ തെറിവിളിച്ചുകൊണ്ട് ആരംഭിച്ചിരിക്കുന്നത്.
ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ളതുകൊണ്ട് മോദിജി മുതലാളിക്ക് അനുവദിച്ചുകൊടുത്ത കാസർഗോഡ് ശ്രീനാരായണഗുരു കേന്ദ്രസർവകലാശാലയുടെ വൈസ് ചാൻസിലർ എങ്കിലും ആക്കാമെന്ന് സത്യം ചെയ്തിരുന്നതാണത്രെ! എന്നാൽ നാരയണ ഗുരുവിൻറെ പേരിലുള്ള കേന്ദ്രസർവകലാശാല പണ്ട് പറഞ്ഞ 15 ലക്ഷം എല്ലാവരുടെയും അകൗണ്ടിൽ ഇടുന്ന ഏർപ്പാടുപോലൊരു ഉഡായിപ്പ് ആണെന്ന് നടേശൻജിക്ക് വൈകിയാണ് ബോധ്യമായത്. അതുകൊണ്ട് കേരളസർക്കാർ കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഗുരുവിൻറെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്ര വകുപ്പ് കൂടി ഉൾപ്പെടുത്തി നടേശൻ മുതലാളിയെ വകുപ്പ് മേധാവിയെങ്കിലും ആക്കണം. മുസ്ലിം ലീഗ് എസ്എൻഡിപിക്ക് സ്കൂളും കോളേജ്ഉം നൽകാതിരുന്നതിന് പരിഹാരവും പ്രായശ്ചിത്തവും ആകുകയും ചെയ്യും.


