അലഹബാദ്: ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ ജഡ്ജി യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്.
അതേസമയം ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല. യശ്വന്ത് വർമയുടെ വീട്ടിൽ മാര്‍ച്ച് 14-ന് രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. അടച്ചിട്ട മുറിയിൽ നിന്ന് കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ യശ്വന്ത് വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർണായക തീരുമാനം സുപ്രീം കോടതി സ്വീകരിച്ചിരുന്നു.


