തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. വീട് നിര്‍മ്മാണം, ഫ്‌ലാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
എംആര്‍ അജിത് കുമാറിനെതിരെ നാല് ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തെറ്റ് എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാര്‍ ആയി എട്ട് വര്‍ഷത്തിന് ശേഷമാണ് ഫ്‌ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വില വര്‍ധനയാണ് ഫ്‌ലാറ്റിന് ഉണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയില്‍ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാല്‍ ഇതില്‍ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.


