Mon. Nov 23rd, 2026

✍️ ലിബി. സി.എസ്

ആലപ്പുഴയിലെ  കെവി പത്രോസിനെയും സൈമൺ ആശാനെയും പോലെ വെറും ബലിയാടാകാൻ മാത്രം വിധിക്കപ്പെട്ട മറ്റൊരു തലതിരിഞ്ഞ ലത്തീൻ കുഞ്ഞാടാണ് സഖാവ് ളൂവീസ് പ്രമാണി. മന്നത്ത് പപ്പനാവൻറെ ഭാഷയിൽ പറഞ്ഞാൽ മറ്റൊരു ‘പിഴച്ച മാപ്പിള.’

അദ്ദേഹത്തിൻറെ പേരുകേട്ട് ബൂർഷ്വാ ആണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. ആലപ്പുഴ ബീച്ച് വാർഡിൽ സ്വന്തമായ ഒരു തുണ്ടു ഭൂമിയിലുള്ള കുഞ്ഞു വീട്ടിലാണ് ഈ പ്രമാണി താമസിച്ചിരുന്നത്. സഖാവ് ളൂവീസ് ആലപ്പുഴ ജയിലിൽ കിടന്നത് ഒൻപതുവർഷം ഒൻപതു മാസം. ആലപ്പുഴയിലും പൂജപ്പുരയിലും പിന്നെ വിയ്യൂർ സെൻട്രൽ ജയിലുമായി വേറെയും ജയിൽ വാസവും!

ലഭിച്ച ആദരവുകൾ: തോക്കുപാത്തി കൊണ്ടുള്ള അടിയും കൊടിയ മർദ്ദനങ്ങളും, ലോറിച്ചവിട്ടും തേങ്ങായേറും…
ഇന്നത്തെ ഉരുട്ടൽ മുറയുടെ ആദിമരൂപം ആയിരുന്നു ലോറിച്ചവിട്ട്. ഇതിന് ലോറി ഉരുട്ട് എന്നും പറയും. കാൽമുട്ടിന്‌ കീഴോട്ട് ഉലക്ക കൊണ്ട് ഉരുട്ടും.

കാൽമുട്ടിനുകീഴേയുള്ള മാംസം അടർന്നു തൂങ്ങും. അവർ ഉദ്ദേശിക്കുന്ന ഉത്തരമോ അല്ലെങ്കിൽ മറ്റു സഖാക്കളെപ്പറ്റിയുള്ള വിവരങ്ങളോ പറയാൻ വൈകിയാൽ. ലോറിച്ചവിട്ടു നീണ്ടുപോകും, അത് കഴിയുമ്പോൾ അൽപ്പം വിശ്രമമുണ്ടാകും. അതു പ്രതികൾക്കു വേണ്ടിയല്ല. പോലീസുകാരുടെ വിശ്രമത്തിന് വേണ്ടിയാണ്. ഈ ഇടവേളകളിൽ കാഴ്ചക്കാരായ മറ്റ് പോലീസുകാർ തേങ്ങായേറു തുടങ്ങും. അല്ലാതെ തേങ്ങയേറ് എന്ന കലാപരിപാടി ശൂദ്ര ആർത്തവ ലഹളക്കാലത്ത് കെ സുരേന്ദ്രൻ കണ്ടുപിടിച്ചതല്ല!

പുന്നപ്ര-വയലാർ സമരകാലത്ത് ആലപ്പുഴ പോർട്ട് തൊഴിലാളിയായിരുന്നു ളൂവീസ്. ചിലങ്കപ്പണിയുടെ പ്രധാനി എന്ന നിലയിലാണ് ളൂവീസ് – പ്രമാണി ആയത് അല്ലാതെ ബൂർഷ്വയോ പെറ്റി ബൂർഷ്വയോ ഒന്നുമായിട്ടല്ല. തൻ്റെ സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളുടെ യാതനകളും വേദനങ്ങളും കണ്ട് മനസ്സലിഞ്ഞാണ് പ്രമാണി തൊഴിലാളി പ്രസ്ഥാനത്തിലും പുന്നപ്ര-വയലാർ സമരപ്പോരാട്ടത്തിലും ഒക്കെ എത്തിപ്പെട്ടത്. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദർശങ്ങളിലും മുദ്രാവാക്യങ്ങളിലും ആകർഷിച്ചാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തുന്നത്. പാർട്ടി പിളർന്നപ്പോൾ സിപിഎം നൊപ്പമായിരുന്നു പ്രമാണി. മരിക്കുമ്പോൾ വെറും ബ്രാഞ്ച് മെമ്പർ ആയിരുന്നു. അപ്പോഴും ജോലിചെയ്ത് ജീവിച്ചിരുന്നതിനാൽ സി.ഐ.റ്റി.യു. അംഗവുമായിരുന്നു.

പക്ഷെ അദ്ദേഹത്തെയും ഭാര്യയേയും കണ്ണിലെ കൃഷ്ണമണി പോലെയായിരുന്നു അയൽവാസികളായ മൽസ്യത്തൊഴിലാളികൾ മരണം വരെ സംരക്ഷിച്ചിരുന്നത്. അത് എല്ലാവരും പരിഹസിക്കാറുള്ള മുക്കുവരുടെ സംസ്കാരത്തിൻറെ ഗുണംകൊണ്ട് മാത്രം!

മത്സ്യത്തൊഴിലാളികൾക്കിടയിലും കപ്പലിൽ ചരക്ക് എത്തിക്കുന്ന ചിലങ്ക തൊഴിലാളികളുടെ ഇടയിലുമാണ് സൈമൺ ആശാനും ളൂവിസ്‌ പ്രമാണിയും ആദ്യകാലത്തു പ്രവർത്തിച്ചത്. തൊഴിലാളികളെ ദ്രോഹിക്കുന്ന മൂപ്പന്മാരെയും മറ്റും കായികമായി നേരിടുന്നതിന് ഇവർ മടിച്ചിരുന്നില്ല. അപ്ലോൺ അറൗജിന്റെ ബന്ധത്തിൽപ്പെട്ട വിൽസൺ വില്യം ഗുഡേക്കറിൽ ഡിസൈൻ ക്ലർക്കായിരുന്നു. തൊഴിലാളികൾക്കെതിരെ കടുത്ത ദ്രോഹങ്ങൾ ചെയ്യുമായിരുന്നു. സൈമൺ ആശാന്റെയും ളൂവിസ്‌ പ്രമാണിയുടെയും മുൻകൈയിൽ ഒരു സംഘം മത്സ്യത്തൊഴിലാളികൾ പകൽ എല്ലാവരും കാൺകെ അയാളെ കൈകാര്യം ചെയ്തു. ആ കേസിൽ ആയിരുന്നു ആദ്യ ലോക്ക് അപ്പ് വാസം.

പുന്നപ്ര-വയലാർ സമരത്തിന് ഒരു മാസം മുമ്പ് പുന്നപ്ര കടപ്പുറത്ത് പൊള്ളേൽ ഇപ്പോലത്തിന്റെ വീടിനകത്തുനിന്നും നാലു സഖാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലാക്കി. 300-ൽപ്പരം മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സൈമൺ ആശാന്റെയും ളൂവീസ് പ്രമാണിയുടയും നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാതെ പിരിയില്ലെന്നായി ആശാനും പ്രമാണിയും. മൽസ്യത്തൊഴിലാളികൾ പങ്കായവുമായി പോലീസ് സ്റ്റേഷൻ വളഞ്ഞു. അവസാനം പൊലീസിനു വഴങ്ങേണ്ടിവന്നു.

താൻ ഒരു സ്വാതന്ത്ര്യസമര സേനാനിയാണെന്നും കേരളത്തിലെ തൊഴിലാളിപ്രസ്ഥാത്തിൻറെ ആദ്യകാല സംഘടകരിൽ ഒരാളാണെന്നും പുന്നപ്ര-വയലാർ സമര പോരാളിയായിരുന്നു എന്നൊന്നും ആരോടും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നില്ല.

അറിയാവുന്ന മാധ്യമപ്രവർത്തകർ അങ്ങോട്ട് ചോദിച്ചാൽ മാത്രം പഴയ ജയിൽ അനുഭവങ്ങൾ പറയും, അവയൊക്കെ ചില പത്രങ്ങളിലെ പ്രാദേശിക കോളത്തിലും ചില ആനുകാലികങ്ങളിലുമൊക്കെ മുൻപ് അച്ചടിച്ചുവന്നിട്ടുണ്ട് എന്നല്ലാതെ ഇന്നത്തെ തലമുറയിലെ കമ്യൂണിസ്റ്റുകാരിൽ ആരും ഇവരെയൊന്നും അറിയില്ല, അവർക്കൊക്കെ അറിയാവുന്നത് ചില ജാതിവാലന്മാരായ വേറെ ചില പ്രമാണിമാർ തങ്ങളെ രക്ഷിക്കാൻ ഉണ്ടാക്കിയതാണ് കേരളത്തിലെ തൊഴിലാളിപ്രസ്ഥാനം എന്നാണ്.

ജയിൽ കിടന്നിട്ടുള്ളവർക്ക് മാത്രം അറിയാവുന്ന ചില വാക്കുകളൊക്കെയുണ്ട്. ചൗക്കാളം, ചീക്ക്… അങ്ങിനെ ഞാൻ ജയിലിൽ പോയപ്പോൾ എനിക്കും ഒരു ചൗക്കാളവും, പുല്ലുപായും പ്ലെയിറ്റും, മൊന്തയും, ഒരു ഗ്ലാസും സ്വന്തമായി കിട്ടി. ഇത് ഞാൻ ബഷീറിൻറെ മതിലുകളിൽ വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇങ്ങനൊക്കെയാണെന്ന് അന്നാണ് അറിയുന്നത്. ഇത്യാദി സാധനകളുമായാണല്ലോ അതിലും ബഷീർ ജയിലിലേക്ക് കയറുന്നത്!

അന്നത്തെ ചീക്കിനെകുറിച്ച് ളൂവീസ് പ്രമാണി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്-
“എന്നും രാവിലെ ജയിലിൽ നിന്ന് തടവുകാരെ ചീക്കിനിറക്കും. ചീക്ക് എന്നു പറഞ്ഞാൽ മലമൂത്ര വിസർജനവും പുലർകാല സ്നാനവും. സ്നാനം നടത്തുന്നത് മലമൂത്ര സമ്മിശ്രമായ അടുത്ത തോട്ടിലായിരിക്കും. നൂറുപേർ വീതമുള്ള ബാച്ചുകളായിട്ടാണ് യാത്ര. നീരാട്ടു കഴിഞ്ഞ് ലോക്കപ്പിൽ കയറുമ്പോൾ എണ്ണം ഏൽപ്പിക്കണം. ഇത് ചെയ്യേണ്ടത് അവനവൻ തന്നെയായിരിക്കണം. മുന്നിൽ നിൽക്കുന്നയാളിനോട് എണ്ണം ഉച്ചത്തിൽപറഞ്ഞുകൊണ്ട് തൊട്ടുപിന്നിൽ നിൽക്കുന്നയാൾ ശക്തിയായി ഇടിക്കും. ഇടിയുടെ ശബ്ദം മുഴങ്ങിയില്ലെങ്കിൽ യേമാൻ മർദ്ദകനെ ഇടിക്കും. ഇതാണ് യാത്രാ ഇടി.”

ഇതൊക്കെ സഹിച്ച് ഒൻപതുവർഷവും ഒൻപതു മാസവും ജയിലിൽ കിടന്നവർ ആരുമല്ലാതാകുകയും ‘വാലന്മാർ’ കള്ളക്കഥകളും പൊങ്ങച്ചങ്ങളുമൊക്കെ പറഞ്ഞു വീരന്മാരാവുകയും ചെയ്ത കഥകളാണ് നമുക്കറിയാവുന്നത്. ഇതുപോലെ അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ച ആളാണ് ആർ. സുഗതൻ.

അങ്ങനെ കുറെ സുഗതന്മാരും, പത്രോസുമാരും, സൈമൺമാരും, ളൂവിസ്‌ മാരും. അബ്ദുൾ ഖാദർമാരും വിസ്മൃതിയിലാകുകയും ‘വാലന്മാരുടെ’ ചരിത്രം വാഴ്ത്തിപ്പടപ്പെടുകയും ആണ്! ഒരു ജനതയെ നശിപ്പിക്കാൻ അവരുടെ യാദാർത്ഥ ചരിത്രം നശിപ്പിച്ചാൽ മതി.
സഖാവ് ളൂവിസ്‌ പ്രമാണിക്ക് ഒരു ലത്തീൻ ജാതിവാദിയുടെ ഓർമ്മപ്പൂക്കൾ🌹🙏