Sat. Nov 21st, 2026

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. നേരത്തെ പൊലീസ് ഷൈനിയുടെ വീട്ടിലും റെയില്‍വേ ട്രാക്കിലും പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായിരുന്നില്ല. ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. പരിശോധന നടക്കുമ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

കേസില്‍ നിര്‍ണായക തെളിവാണ് ഈ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഷെെനിയെ നോബി ബന്ധുക്കളുടെ മുന്നിൽ വെച്ചു പോലും അതിക്രൂരമായി മർദ്ദിച്ചുവെന്ന് ഷൈനിയുടെ പിതാവ് ആരോപിച്ചിരുന്നു. നേരത്തെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്നും പിതാവ് കുര്യാക്കോസ് ആരോപിച്ചു. വിവാഹമോചന കേസിൽ ഹാജരാകാൻ നോബി തയ്യാറാകാത്തത് ഷൈനിയെ സമ്മർദ്ദത്തിലാക്കി എന്നും പിതാവ് പറയുന്നു. പലതവണ നോട്ടീസ് നൽകിയിട്ടും വാങ്ങിയില്ല. ഈ കാര്യങ്ങളാൽ ഷൈനി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് ഷൈനിയുടെ പിതാവ് പറയുന്നത്.