Wed. Nov 25th, 2026

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിന്റെ നിഷ്ഠൂരമായ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നാട്. ആക്രമണം നടത്തിയ അഫാനിന്റെ സുഹൃത്ത് ഫര്‍സാനയുടെ മയ്യിത്ത് ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അഫാനിന്റെ സഹോദരന്‍ അഫ്‌സാന്‍, വല്യുമ്മ സല്‍മാ ബീവി, ഉപ്പയുടെ സഹോദരന്‍ ലത്വീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരുടെ മയ്യിത്തുകള്‍ താഴേ പാങ്ങോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറവ് ചെയ്തു.

ഇന്നലെയാണ് സംസ്ഥാനത്തെയാകെ നടുക്കിയ അരുംകൊലകള്‍ സംഭവിച്ചത്. അഫാന്‍ എന്ന യുവാവ് നാല് കുടുംബാംഗങ്ങളെയും സുഹൃത്തിനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്നിന് അടിമയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്.

അതിക്രൂരമായാണ് ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തിയത്. ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് ലത്തീഫിനെയാണെന്നാണ് വിവരം. നെഞ്ചിന് മുകളിൽ ആണ് മർദ്ദിച്ചിരിക്കുന്നത്. തലയ്ക്കാണ് ഏറ്റവും കൂടുതൽ മർദ്ദനമേറ്റിരിക്കുന്നത്. 20 തവണ തലക്കടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രാഥമികാന്വേഷണത്തിൽ ചുറ്റിക ഉപയോഗിച്ചാണ് പ്രതി ഇരുവരേയും കൊലപ്പെടുത്തിയതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. എന്നാൽ ഇവരുടെ ശരീരത്തിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ബന്ധുക്കളുടെ മൊഴി കൂടി പരിശോധിച്ചേ ബാക്കി കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലമാര കുത്തിപ്പൊളിക്കാൻ പ്രതി ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ലത്തീഫ് അഫാന്റെ വീട്ടിലെത്തിയതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പല കാരണങ്ങളുണ്ടാകാമെന്നും ഈ ഘട്ടത്തിൽ പറയുന്നത് ശരിയാകില്ലെന്നും പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.