Mon. Nov 23rd, 2026

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പാരമ്പര്യം സുരക്ഷിതമാക്കാന്‍ വേഗത്തില്‍ നീങ്ങുന്നതിനിടെ, അദ്ദേഹത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യം അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ ബ്രോങ്കൈറ്റിസും ന്യുമോണിയയും ബാധിച്ച് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 88 കാരനായ പോപ്പ്, താന്‍ സുഖം പ്രാപിക്കില്ലെന്ന് ഭയപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഗുരുതരമായ ബ്രോങ്കൈറ്റിസ് ബാധിച്ച് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു. തന്റെ പിന്‍ഗാമിയെച്ചൊല്ലി വരാനിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി ചില സങ്കീര്‍ണമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ പാപ്പ തിരക്കുകൂട്ടിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് പോപ്പിനെ റോമിലെ ജെമെല്ലി ആശുപത്രിയിലെ ഒരു പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിചചത്.
ഇതോടെ, നിരവധി പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കാരണമായി.88-ാം വയസ്സിലും ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി ആരോഗ്യ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ ബ്രോങ്കൈറ്റിസ് അതി സങ്കീര്‍ണ്ണമായ ‘പോളിമൈക്രോബയല്‍ അണുബാധ’ ആയി മാറിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും, ഇത്തവണ അദ്ദേഹം അതിജീവിച്ചേക്കില്ലെന്ന് സ്വകാര്യമായി വിശ്വാസം പ്രകടിപ്പിച്ചതായും പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013-ല്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റതിനുശേഷം, സ്ത്രീകള്‍ക്കും എല്‍ജിബിടി വ്യക്തികള്‍ക്കും വേണ്ടിയുള്ള റോളുകള്‍ വികസിപ്പിക്കുന്നതിനും സഭയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതിനുമായി ഫ്രാന്‍സിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ യാഥാസ്ഥിതികരില്‍ നിന്ന് തിരിച്ചടിക്ക് കാരണമായി മാറുകയും ചെയ്തു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ്, സഭയുടെ ഭാവിയെ സ്വാധീനിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടപടികള്‍ സ്വീകരിച്ചു. ഫെബ്രുവരി 6-ന്, ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റേയുടെ കാലാവധി അദ്ദേഹം കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ ആയി നീട്ടി. അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്ന രഹസ്യ അസംബ്ലിയായ കോണ്‍ക്ലേവിന്റെ പ്രധാന തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പദവിയായിരുന്നു ഇത്.

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ റെയ്ക്ക് പ്രായമായെങ്കിലും, സാധാരണയായി അതിനു മുമ്പുള്ള തിരശ്ശീലയ്ക്ക് പിന്നിലെ ചര്‍ച്ചകളില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കും. പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് പകരം റെയെ തിരഞ്ഞെടുത്തതിലൂടെ, തന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സാധ്യതയുള്ള വിശ്വസ്തനായ ഒരു വ്യക്തിയെ ആ സ്ഥാനത്ത് നിലനിര്‍ത്താനുള്ള ആഗ്രഹം ഫ്രാന്‍സിസ് സൂചിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റേയെ തന്റെ സ്ഥാനത്ത് നിലനിര്‍ത്തുന്നതിലൂടെ, വിശ്വസ്തനായ ഒരു വ്യക്തി പ്രധാന ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് ഫ്രാന്‍സിസ് ഉറപ്പാക്കി. അദ്ദേഹം മരിച്ചാല്‍, അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും റെ നേതൃത്വം നല്‍കും. രണ്ടാമത്തെ ഉറവിടം അനുസരിച്ച്, മറ്റ് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളേക്കാള്‍ റെ തന്നോട് ‘ദയയുള്ളവനായി’ പെരുമാറുമെന്ന് പോപ്പ് സ്വകാര്യമായി തമാശ പറഞ്ഞിട്ടുണ്ട്.

അതേസമയം, ഇക്കഴിഞ്ഞ ശനിയാഴ്ച, വത്തിക്കാന്‍ സിറ്റിയുടെ ആദ്യ വനിതാ ഗവര്‍ണറായി സിസ്റ്റര്‍ റാഫേല പെട്രിനിയെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വിപ്ലവകരമായ പ്രഖ്യാപനം നടത്തിയിരുന്നു. സിസ്റ്റര്‍ റാഫേലയുടെ ഔദ്യോഗിക ദൗത്യം മാര്‍ച്ച് 1 ന് ആരംഭിക്കും. പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു മാര്‍പാപ്പയുടെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കുള്ള പ്രഖ്യാപനം. നിലവിലെ ഗവര്‍ണറായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗയ്ക്ക് മാര്‍ച്ച് 1ന് 80 വയസ്സ് തികയുകയാണ്. അതിനാല്‍ അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇനി തുടരാനും സാധിക്കില്ല. ഇതേ തുടര്‍ന്നായിരുന്നു ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് സിസ്റ്റര്‍ റാഫേലയെ അദ്ദേഹം പ്രഖ്യാപിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുമോ ഇല്ലയോ എന്നത് ആണ് ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം പാപ്പ സ്ഥാനത്തയേക്ക് ആരായിരിക്കും എന്നത് ഊഹാപോഹങ്ങള്‍ ശക്തമാണ്.