തിരുവനന്തപുരം: ഇത്രയ്ക്ക് നിരാശാജനകമായ കേന്ദ്ര ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പക്ഷേ വയനാടിന് ഒന്നും നൽകിയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
കേരളത്തെ പരിപൂർണമായി അവഗണിച്ചു. കേരളത്തെ ഒരു സംസ്ഥാനമായി പോലും കാണുന്നില്ല എന്ന് ഈ ബജറ്റോടെ ഉറപ്പായി. അപകടകരമായ ഒരു പ്രവണതയാണിത്. കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കാൻ ഇടതുപക്ഷ സംസ്ഥാന സർക്കാരിന് സാധിക്കുന്നുമില്ല. അനുഭവിക്കുന്നത് ജനങ്ങളാണ്.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ഗുണം ലഭിക്കുന്നിടത്ത് മാത്രമാണ് കേന്ദ്രം സഹായങ്ങൾ നൽകുന്നത്. ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു പാർലമെന്റ് അംഗവും മന്ത്രിയുമായ ശേഷം അവഗണന കൂടുതലാണ്. കേരളത്തിൽ നിന്ന് മന്ത്രിയായ ആളോട് ദേഷ്യമുള്ളത് പോലെയാണ് ബജറ്റ് എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.


