Fri. Nov 20th, 2026

ഹരിപ്പാട്: മഹാകവി കുമാരനാശാൻ സഞ്ചരിച്ച റെഡീമർ ബോട്ട് പല്ലനയാറ്റിൽ മുങ്ങിയത്
മന:പൂർവ്വമുണ്ടാക്കിയ അപകടമാണെന്നും പിന്നിൽ മാപ്പിളമാരാണെന്നുമുള്ള ഹിന്ദുത്വവാദികളുടെ ആരോപണം അസംബന്ധമാണെന്ന് പ്രശ സ്ത കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.

പല്ലന കുമാരകോടിയിൽ ആശാൻ സ്മാരക സമിതി സംഘടിപ്പിച്ച ആശാൻ ചരമ ശതാബ്ദി ആചരണ സമ്മേളനത്തിൽ ആശാൻ സ്മൃതി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു കുരിപ്പുഴ ശ്രീകുമാർ. ദുരവസ്ഥയിൽ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കെതിരെയാണ് അശാൻ എഴുതിയത്. കഥാപാത്രത്തിൻ്റെ ഡയലോഗ് എഴുത്തുകാരൻ്റെ മനോഗതിയാണെന്ന വിലയിരുത്തൽ ശരിയല്ല.

നവോത്ഥാന മൂല്യങ്ങൾക്ക് തുടർച്ചയുണ്ടാകേണ്ട കാലത്ത് പുതിയ അന്ധവിശ്വാസങ്ങൾ കേരളത്തിൽ ശക്തിപ്പെടുകയാണ്. ഹൈക്കോടതിയിൽ13-ാം നമ്പർ കോടതി മുറിയില്ല -മന്ത്രി മന്ദിരവും. 
ഒന്നാം പിണറായി സർക്കരിൻ്റെ കാലത്ത് പതിമൂന്നാം നമ്പർ കാർ എടുക്കാൻ മന്ത്രിമാർക്ക് പോലും വൈമുഖ്യമായിരുന്നു. പിന്നൊരു മന്ത്രി എടുത്തു. ഇപ്പോൾ മന്ത്രി പ്രസാദ് പതിമൂന്നാം നമ്പർ കാറി ൽ ഒരു പ്രശ്നവുമില്ലാതെ സഞ്ചരിക്കുന്നു.

മറ്റൊന്ന് വാസ്തു ശാസ്ത്രവും രാഹുകാലവുമാണ്. ഒരു വസ്തുവും നോക്കാതെ താൻ വെച്ച വീട്ടിൽ താമസിക്കുമ്പോഴാണ് തനിക്ക് കവിതക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത. രാഹുകാലവും താലിയുമില്ലാതെ വിവാഹം കഴിച്ച താൻ ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോകുന്നു.

ഇന്ന് സമാധിയാണ് വിഷയമെങ്കിൽ നാളെ കേരളത്തിൽ സതിയും തിരിച്ചു വരും, ഗോപാൻ സ്വാമിയുടെ സമാധിമണ്ഡപത്തിൽ തൊടാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് സനാതന ധർമ്മത്തിൻ്റെ പേരിലാണ്.
സനാതന ധർമ്മമനുസരിച്ചാണേൽ ഗോപൻ സ്വാമിക്ക് ക്ഷേത്രം സ്ഥാപിക്കാൻ കഴിയുമോ?
ഒരാൾ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പിക്കാനുള്ള അധികാരം സ്റ്റേറ്റിൻ്റേതാണ്.

അമ്പലങ്ങളിൽ കരിയും കരിമരുന്നും വേണ്ടെന്നു ഗുരുദേവൻ പറഞ്ഞത് ഉൾക്കൊള്ളാൻ നമ്മൾ തയ്യാറല്ല. എഴുന്നള്ളത്തിനിടെ ഇടയുന്ന ആന ഭക്തരെ അക്രമിച്ചാൽ പരാതിയില്ലാത്ത നമ്മൾ കാട്ടിൽ ഭക്ഷണം കിട്ടാത്ത കാട്ടാന നാട്ടിലെത്തി റേഷൻ കടയിലെ അരിച്ചാക്കിൽ നിന്നിത്തിരി അരിതിന്നാൽ അതിനെ കാട്ടിലേക്ക് ആട്ടിപ്പായിക്കുകയാണെന്നും കുരീപ്പുഴ പറഞ്ഞു.

ജാതിക്കും മതത്തിനുമതീതമായി മനുഷ്യനന്മക്കായി പ്രവർത്തിച്ച ഗുരുദേവൻ്റെ നാട്ടിൽ
നവോത്ഥാനമൂല്യങ്ങൾ നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല എം എൽ എ പറഞ്ഞു. ആശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അധ്യക്ഷനായി.