Sat. Nov 21st, 2026

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കമിഗ് സൂണ്‍ എന്ന് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം ആറിയിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിച്ചിരിക്കുന്നത്. ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്‌സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം.