Tue. Nov 24th, 2026

ഹൈദരാബാദ്: എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ ഒരു വിദ്യാര്‍ത്ഥിനിയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകള്‍ ഫോണില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് ലാബിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റല്‍ വാര്‍ഡനെ കോളേജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സംഭവം കോളേജ് മാനേജ്മെന്റിനെ അറിയിച്ചിട്ടും നടപടിയുണ്ടാവാതിരുന്നതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഹോസ്റ്റലിലെ പാചകക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.