Sun. Nov 22nd, 2026

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥി അമ്മു എ സജീവന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തു. പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഡിവൈഎസ്പിക്ക് ഇനി അന്വേഷണ ചുമതല. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളും അമ്മുവുമായുള്ള തര്‍ക്കവും അതില്‍ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പ്രതികള്‍ക്കെതിരായി. സഹപാഠികള്‍ക്കെതിരെ അമ്മു കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.