Mon. Nov 23rd, 2026

തിരുവനന്തപുരം: മുനമ്പം പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് കമ്മീഷനായി തീരുമാനിച്ചിട്ടുള്ളത്. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കും.

മുനമ്പത്തെ താമസക്കാരെ ആരെയും കുടിയിറക്കാതെ പ്രശ്‌നം പരിഹരിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശമടക്കം കമ്മീഷന്‍ പരിശോധിക്കും. നിയമപരമായ പരിഹാരമാണ് ലക്ഷ്യം. കരം സ്വീകരിക്കാന്‍ നിയമ നടപടിയെടുക്കും. കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ഇനി ഒഴിപ്പിക്കല്‍ നോട്ടീസുകളും നടപടികളും ഉണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സ്ഥലവാസികള്‍ക്ക് നിലവില്‍ നല്‍കിയ നോട്ടീസുകളില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല.

എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് ശാശ്വത പരിഹാരമായി കാണുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരം ഇനിയും നീണ്ടുപോകാനാണ് സാധ്യത. ഇനിയും പറ്റിക്കരുതെന്നും സമരക്കാര്‍ പറഞ്ഞു.

സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സമര സമിതിയുമായി സംസാരിക്കും. ആശങ്ക വേണ്ടെന്നും ശാശ്വത പരിഹാരമുണ്ടാകുന്നതു വരെ എല്ലാവരെയും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.