Mon. Nov 23rd, 2026

തൃപ്പൂണിത്തുറ: ശ്രീനാരയണഗുരു “ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്” എന്ന് പറഞ്ഞിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി.’ജാതി ചോദിക്കരുത്’ എന്ന് ഗുരുദേവൻ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തൃപ്പൂണിത്തുറ എരൂരിൽ 68 മത് ശ്രീ നരസിംഹസ്വാമി സമാധി ദിനാചരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൻറെ ഏറ്റവും പ്രധാന സന്ദേശങ്ങളിൽ ഒന്നാണ് ഇതോടെ യോഗം വൈസ് പ്രസിഡന്റ് റദ്ദ് ചെയ്തിരിക്കുന്നത്.

നരസിംഹസ്വാമി സമാധി ദിനാചരണ പരിപാടിയിൽ പങ്കുകൊണ്ട നടിയും സംവിധായികയുമായ പ്രിയാ ഷൈൻ ഇതിനെതിരെ ഫെയ്‌സ്‌ ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി ഇങ്ങനെ ഗുരുവിനെ അപമാനിക്കുന്ന ചോദ്യം ചോദിച്ചിട്ടും വേദിയിൽ ഉപവിഷ്ടരായിരുന്ന ശിവഗിരിയിൽ നിന്ന് വന്ന സ്വാമിമാർ ഒരക്ഷരം മറുപടി പറയാതെ ശിരസുകൾ കുമ്പിട്ട് ഇരിക്കുകയായിരുന്നു എന്നും അവർ പറയുന്നു.

‘ഇത് കേട്ടിട്ട് ഗുരുഭക്തയായ എന്നിലെ പ്രതികരണ ശേഷി സടകുടഞ്ഞെഴുന്നേറ്റു’ എന്നും ‘എങ്കിലും ചുറ്റും നിർവ്വികാരതയോടെ ഇരിയ്ക്കുന്ന സദസ്യരുടെ ഉദാസീനത കണ്ടപ്പോൾ ചോദിയ്ക്കാനാഞ്ഞ വാക്കുകൾ അധരങ്ങൾക്കുള്ളിൽ നിയന്ത്രിച്ച് ഞാൻ ഇതികർത്തവ്യതാമൂകയായിരുന്നു.’- എന്നും പ്രിയാ ഷൈൻ ഫെയ്‌സ്ബൂക്കിൽ കുറിച്ചിട്ടുണ്ട്.