✍️ ലിബി. സി. എസ്
ഇന്നാണ് അവർണ്ണരുടെ ആ ദുർദിനം! ഡോ. എം എസ്. ജയപ്രകാശ് സാറിൻറെ ഭാഷയിൽ പറഞ്ഞാൽ ഈഴവസമുദായം രാഷ്ട്രീയമായി ഷണ്ഡൻമാരാക്കപ്പെട്ട ദിവസം, ബയോളജിക്കൽ കസ്ട്രേഷൻ നടന്നില്ല എന്നേയുള്ളൂ, മാനസീകമായി ഷണ്ഡൻമാരാക്കപ്പെട്ടു. ശ്രീനാരായണ ഗുരുവിൻറെ സാംസ്കാരിക വിപ്ലവം പരാജയപ്പെട്ട ദിവസം എന്നും പറയാം. 1936നവംബർ 12. ഈഴവനും പുലയനും പറയനുമൊക്കെ ജന്തുക്കളായി മാറിയ ദിവസം. ഇന്നും ജാതിജന്തുക്കളുടെ സവർണ്ണ ക്ഷേത്രങ്ങൾക്ക് മുന്നിലുള്ള “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്ന ബോർഡിലെ അഹിന്ദുക്കളിൽ 1936നവംബർ 12 വരെ ഈഴവനും പുലയനും പറയനുമൊക്കെപ്പെടുമായിരുന്നു!
സത്യത്തിൽ തിരുവിതാംകൂറിൽ നടന്ന ചാന്നാർ ലഹള മുതൽ വൈക്കം പോരാട്ടം വരെയുള്ള ജാതിവിരുദ്ധ സമരങ്ങളൊന്നും ക്ഷേത്രത്തിൽ കയറാൻ ആയിരുന്നില്ല. വഴിനടക്കാനും, തുണി ഉടുക്കാനും, വിദ്യനേടാനും മനുഷ്യനായി ജീവിക്കാനുമൊക്കെ വേണ്ടിയായിരുന്നു.
ദൈവം കൂടിയേ കഴിയൂ എന്നുള്ളവർക്ക് നാരായണഗുരു അവർണ്ണർക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവിടെ അവർണ്ണർ തന്നെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സമാന്തര ക്ഷേത്ര ശൃംഖല തന്നെ സൃഷ്ടിച്ചിരുന്നു.
ജാതിജന്തുത്വത്തിന് പുറത്തുകടക്കാൻ ധൈര്യമുള്ളവർ “ദേ കിടക്കണ് നിന്റെയൊക്കെ വൃത്തികെട്ട മതവും ദൈവവും” എന്നുപറഞ്ഞു വേറെ മതങ്ങളിൽ ചേക്കേറി. തിരുവിതാംകൂറിലെ സെൻസസിൽ ക്രിസ്ത്യൻ ജനസംഘ്യ ക്രമാതീതമായി ഉയരാൻ തുടങ്ങി.
അതിന് കണ്ടെത്തിയ ഉഡായിപ്പായിരുന്നു ആരും അവശ്യ പ്പെടാതെയുള്ള ക്ഷേത്ര പ്രവേശനവിളമ്പരം. അവർക്ക് നഷ്ടമുള്ള ഏർപ്പാടല്ലല്ലോ അത്, ലാഭമല്ലേയുള്ളു? എന്നാൽ സർക്കാർ ഉദ്യോഗങ്ങളിൽ കയറാൻ വീണ്ടും നിവർത്തന പ്രക്ഷോഭം വേണ്ടിവന്നു എന്ന് മറക്കരുത്.
ക്ഷേത്ര പ്രവേശനം അനുവദിച്ചതോടെ ഈഴവന്മാർ നാരയണഗുരുവിൻറെ ക്ഷേത്രങ്ങൾ ഉപേക്ഷിച്ച് സവർണ ക്ഷേത്രങ്ങളുടെ പിന്നാലെപോയി. ക്ഷേത്ര പ്രവേശനവിളമ്പരത്തിന് ശേഷമുണ്ടായ 1937 മാർച്ചിലെ ആദ്യശിവരാത്രിക്ക് അരുവിപ്പുറത്ത് ശാന്തിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈഴവന്മാരെല്ലാം വൈക്കത്തേയും ഏറ്റുമാനൂരിലെയുമെല്ലാം പൂണൂൽ ഉള്ള ശിവനെ തേടി പോയെന്ന് അഴീക്കോട് മാഷ് എഴുതിയിട്ടുണ്ട്.
എന്തായാലും 1936 ലെ ക്ഷേത്രപ്രവേശന വിളമ്പരത്തിന്റെ ക്രെഡിറ്റ് സാമ്പ്രദായിക ചരിത്രകാരന്മാർ തിരുവിതാംകൂർ കൊട്ടാരത്തിനും ശ്രീചിത്തിരതിരുനാളിനും സർ സിപിക്കും കല്പിച്ചു നൽകുകയും, ചിലർ 11 വർഷം മുൻപ് നടന്ന പരാജയപ്പെട്ട വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായിരുന്നു അത് എന്നൊക്കെ വരെ പറഞ്ഞു നടക്കുന്നുണ്ട്.
ഫലത്തിൽ അവർണ്ണർക്ക് ദോഷമാണ് അതുമൂലം ഉണ്ടായതെങ്കിലും പ്രത്യേകിച്ച് യാതൊരു പ്രക്ഷോഭങ്ങളോ, അത്തരത്തിൽ ഒരാവശ്യമോ ആരും ഉന്നയിക്കാതെ ഇരുന്ന ഒരു സമയത്ത് സര് സി പി രാമസ്വാമി അയ്യര്‍ ചിത്തിര തിരുനാളിനെക്കൊണ്ട് തിരക്കുപിടിച്ചു ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിപ്പിക്കാൻ ഉള്ള യഥാർത്ഥ കാരണക്കാരൻ സിവി കുഞ്ഞുരാമനാണ്, വേറാരുമല്ല.
ഈഴവർ ഒന്നടങ്കം ക്രിസ്തുമതത്തിൽ ചേരുമെന്ന് പറയുക മാത്രമല്ല, സിവി ആ വർഷത്തെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. പിന്നെ എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് സിവിയെ മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത മാർത്തോമാ സഭയ്ക്കുമാണ്.
സി വി കുഞ്ഞുരാമൻ്റെ ലഘുലേഖയും പ്രസംഗങ്ങളും കണ്ട് സി.പി. ഞെട്ടി വിറച്ചു എന്നതാണ് സത്യം. മാരാമണ്‍ കണ്‍വെന്‍ഷനില്‍ സി വി പ്രസംഗിക്കുക കൂടി ചെയ്തതോടെ സംഗതി നടന്നാല്‍ തിരുവിതാംകൂറില്‍ ക്രൈസ്തവര്‍ 70 ശതമാനമാകുമെന്നും ഹിന്ദുരാഷ്ട്രം തകരുമെന്നും രാജവിന് മനസിലായില്ലെങ്കിലും കുബുദ്ധിയായ സർ സിപിക്ക് മനസിലായി. ഈഴവര്‍ മുഴുവനും ക്രിസ്ത്യാനികള്‍ ആയാലോ എന്ന പേടിയാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിപ്പിക്കാനുള്ള യാതാർത്ഥ കാരണം.’വെറും ക്രിസ്ത്യാനികള്‍ അല്ല, നല്ല എണ്ണം പറഞ്ഞ മാര്‍ത്തോമാ- ഓര്‍ത്തോഡോക്സ് സിറിയിന്‍ ക്രിസ്ത്യാനികള്‍ ആകു’മെന്നാണ് സി വി പറഞ്ഞത്.
മാരാമണ്‍ കണ്‍വെന്‍ഷനില്‍ സി വി പ്രസംഗിക്കുകകൂടി ചെയ്തതോടെ സര് സി പി യുടെ പിടിവിടുകയായിരുന്നു. സി വിയുടെ പ്രസംഗം തൊട്ടടുത്ത ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്യുകയും ചർച്ചയാവുകയും ചെയ്തതോടെ അട്ടയുടെ കണ്ണുകണ്ട രാമസ്വാമി അയ്യര്‍ പ്രതിവിധി കണ്ടതാണ് യഥാർത്ഥത്തിൽ ക്ഷേത്രപ്രവേശനവിളംബരം.


