Tue. Nov 24th, 2026

‘നായരിസം’ ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ പഴയ കാല ജീര്‍ണ്ണഅവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ജാതി സംരക്ഷകർ. കമ്മ്യുണിസ്റ്റ് നായന്മാർ, കോൺഗ്രസ്സ് നായന്മാർ, ബി.ജെ.പി.നായന്മാർ, പിന്നെ ആർ.എസ്.പി നായന്മാർ, യുക്തിവാദി നായന്മാർ….. എന്നിങ്ങനെ അത് നീളും. ഇപ്പോൾ ജാതിവാല് വെച്ച യുക്തിവാദി നായന്മാർ വരെയുണ്ടല്ലോ?എൻഎസ്എസ് ന് ഒപ്പം നിന്ന് സംവരണ വിരുദ്ധത പ്രചരിപ്പിച്ചവരിൽ ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയും, കലാസാഹിത്യ സിനിമാ പ്രവർത്തകരും സഹോദരൻ അല്ലാത്തെ യുക്തിവാദികൾ എല്ലാമുണ്ട്. ലോകത്ത് സംവരണത്തിലൂടെ ദാരിദ്ര്യം പരിഹരിക്കാമെന്ന് കണ്ടുപിടിച്ച കമ്യൂണിസ്റ്റ് പാർട്ടിയും വേറെ ഇല്ലല്ലോ? എംസി ജോസഫ് ഉൾപ്പെടെയുള്ള യുക്തിവാദികൾക്കും ജാതീയമായ വിവേചനങ്ങളോടുണ്ടായിരുന്നത് വളരെ ഉദാസീനമായ സമീപനമായിരുന്നു എന്ന് കാണാവുന്നതാണ്. സഹോദരൻ ഒരു കേവല യുക്തിവാദിയല്ലാതിരുന്നതുകൊണ്ടാണ് ഹിന്ദുത്വത്തിനെതിരെ ശക്തമായ നിലപാട് എടുത്തതും ജാതിവാദി പട്ടം സ്വീകരിച്ചതും. ശ്രീനാരയണഗുരുവിൻറെ ശിഷ്യന്മാരിലും കേരളത്തിലെ നവോത്ഥാന നായകരിലും ആക്രമിക്കേണ്ടത് സഹോദരനെ മാത്രമാണ് എന്ന് ഹിന്ദുത്വവാദികൾക്ക് നന്നായി അറിയാം. ബാക്കിയെല്ലാവരും ഹിന്ദുത്വത്തിന് സ്വാംശീകരിക്കാവുന്നവരാണ്. അതിനി കൂടിക്കൂടി വരും. അതുതന്നെയാണ് തമിഴ്‌നാട്ടിൽ പെരിയാറിനെതിരെയും അവർ ചെയ്യുന്നത്. പരിവാര സംഘടനയായ നാസ്തിക മോർച്ചയും പിള്ളയുമൊക്കെ സംവരണ വിരുദ്ധത പ്രചരിപ്പിക്കുന്നതിലോ സഹോദരനെ ആക്രമിക്കുന്നതിലോ അത്ഭുതപ്പെടാനൊന്നുമില്ല. ബാൻശ്രീ എ എസ് എഴുതിയ ചരിത്രപരമായ ഒരു കുറിപ്പ് ചുവടെ.

✍️ ബാൻശ്രീ. എ എസ്

“ഹിന്ദുത്വ രാഷ്ടീയം എന്നത് മേൽ ജാതിക്കാരുടെ രാഷ്ട്രീയമാണ്. അവർക്ക് ഏറ്റവും അമർഷം ഉള്ളത് ആണ് സാമുദായിക സംവരണം.”- ഡോ സി വിശ്വനാഥൻ

“സംവരണം ആക്രമമാണ് അധർമ്മമാണ് അന്യായമാണ് “- മന്നത്ത് പത്മനാഭൻ

കേരളത്തിലെ നായർ സർവ്വീസ് സൊസൈറ്റിയുടെ രൂപീകരണവുമായും നാളിതുവരെയുള്ള അവരുടെ പ്രവർത്തനവുമായി ചേർന്നു പോകുന്ന പ്രസ്ഥാവനകളാണ് മുകളിൽ ഉള്ളത്. ഒന്ന് ഹിന്ദുത്വ ആശയം പ്രചരിപ്പികാൻ മന്നവും എൻ എസ് എസും നടത്തിയ ശ്രമങ്ങൾ രണ്ട് സംവരണ വിരുദ്ധതയുടെ രാഷ്ടീയം. മന്നത്ത് പത്മനാഭനും കേളപ്പനുമായിരുന്നു ഇതിൻ്റെ സുത്രധാരകർ. (കേളപ്പനെ കുറിച്ച് പിന്നീട് എഴുതാം) കേരളത്തിലെ പൊതുമണ്ഡലത്തിലേക്ക് ഹിന്ദുത്വ ആശയ മിസൈൽ ലോഞ്ചിംഗ് പാഡ് ആയിട്ടാണ് എൻഎസ്എസ് പ്രവർത്തിച്ചിട്ടുള്ളത്. സംവരണ വിരുദ്ധത എന്ന ഹിന്ദുത്വ മിസൈൽ വിക്ഷേപിച്ച ആദ്യ കാല ഭടൻമാരിൽ ഒരാളായിരുന്നു മന്നത്ത് പത്മനാഭൻ. ഈ നായർ ജാതി / സവർണ്ണ ജാതി സൈന്യത്തിലെ ആധുനിക ഭടൻമാത്രമാണ് സി രവിചന്ദ്രൻ. മന്നത് പത്ഭമാഭൻ എൻ എസ് എസ് ഉപയോഗിച്ചാണ് പ്രവർത്തിച്ചതെങ്കിൽ സി രവിച്ചന്ദ്രൻ എസൻസ് എന്ന് പേരു ഉപയോഗിക്കുന്നു എന്ന് മാത്രം. നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രം രണ്ടാം വാല്യത്തിൽ ഇങ്ങനെ പറയുന്നു.

“ജാതി സംവരണത്തിനെതിരായും സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണത്തിന് അനുകൂലമായും കാലാകാലം മുതൽ മന്നവും നായർ സർവീസ് സൊസൈറ്റിയും അക്ഷീണമായി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തു പോന്നിരുന്നു . സർവീസ് സൊസൈറ്റി ഏറ്റെടുത്തിട്ടുള്ള ധർമ്മ സമരം സമരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ജാതി സംഭരണത്തിനെതിരായിട്ടുള്ള സമരമാണെന്നുള്ളതിൽ രണ്ടു പക്ഷമില്ല.”

സംവരണ വിരുദ്ധ സമരമെന്നത് ധർമ്മ യുദ്ധമായാണ് മന്നം കാണുന്നത് . ഈ ധർമ്മ യുദ്ധത്തിൻ്റെ തുടച്ചയാണ് രവിചന്ദ്രൻ ഏറ്റെടുത്തുട്ടുള്ളത്. ഹൈന്ദവതയുടെ കോർ ഫിലോസഫി എന്നത് നൂറ്റാണ്ടുകളായി മാറ്റമില്ലാതെ അടിച്ചേൽപ്പിക്കുന്ന സാമൂഹ്യ തിരസ്കാരത്തൻ്റെതാണ് . അസമത്വം പ്രകൃതി നിയമമാണ് എന്ന രവിചന്ദ്രൻ്റെ സിന്താതവും ഈ ഹൈന്ദവ ഫിലോസഫിയുടെ ഉത്പ്പന്നമാണ്.

ഹിന്ദുത്വ എന്ന ആശയം ഒരു സംഘടനാ രൂപമായി പ്രവർത്തിക്കാൻ തുടങ്ങിയത് 1925 മുതലാണ് . എന്നാൽ കേരളത്തിലെ നായർ ജാതി / സവർണ ജാതിക്കാർക്ക് സാമുദായിക സംവരണം എതിർക്കപ്പെടേണ്ടതാണ് എന്ന് മനസ്സിലാക്കാൻ ഹിന്ദുത്വ എന്ന ആശയ ആവശ്യമായിരുന്നില്ല. നൂറ്റാണ്ടുകളായി ജാതി ഹിന്ദുക്കൾ പരിപാലിച്ച് പോരുന്ന മനുവിൻ്റെ സനാധന ധർമ്മം മതിയായിരുന്നു. കേരളത്തിൽ പൗരസമത്വ പ്രക്ഷോഭ കാലം (1918 – 1922) മുതൽ എങ്കിലും ഇതിൻ്റെ സൂചനകൾ കാണാവുന്നതാണ്. അവർണ്ണ ഹിന്ദുക്കൾക്കും അഹിന്ദുക്കൾക്കും തിരുവിതാംകൂറിലെ റവന്യൂഡിപ്പാർട്ട്മെൻ്റിലേക്ക് പ്രവേശനത്തിനു വേണ്ടിയുളളതായിരുന്നു പൗരസമത്വ പ്രക്ഷോഭം.

പൗരസമത്വംവാദം തിരുവതാംകൂറിൽ – എന്ന പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു ” അവർണ്ണ ഹിന്ദുക്കൾക്കും അഹിന്ദുക്കൾക്കും തിരുവിതാംകൂറിലെ റവന്യൂ വകുപ്പിൽ ഉദ്യോഗം ലഭിക്കുവാൻ ഉതകുംവിധം പൗരസ്വാതന്ത്ര്യം നേടുക എന്നതായിരുന്നു പ്രക്ഷോഭത്തിന്റെ അടിയന്തരാവശ്യം എങ്കിലും ആത്യന്തികമായ ഉന്നം രാഷ്ട്രീയമായി ശക്തിയാർജിക്കുകയും അതിൻറെ മുന്നോടിയായി സാമൂഹ്യമായി അനുഭവിച്ചുകൊണ്ടിരുന്ന വിവേചനം അവസാനിപ്പിക്കുകയും ആയിരുന്നു.”

ഇതിനോടുള്ള സവർണ്ണ ജാതിക്കാരുടെ മനോഭാവത്തെ കുറിച്ച് ദേശാഭിമാനി ടി കെ മാധവൻ്റെ ജീവചരിത്രത്തിൽ ചില സൂചനകൾ കാണാം “പൗര സമത്വവാദം സവർണ്ണ ഹിന്ദുക്കളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് പറയുന്നു . അവരുടെ ന്യായമായ ഒരു അവകാശത്തെയും ഹനിക്കുന്നതായി ഞങ്ങൾ കാണുന്നില്ല . ജാതിമതഭേദം കൂടാതെ എല്ലാ ഗവൺമെൻറ് തുറകളിലും പ്രാധിനിത്യം കിട്ടണം എന്ന് പറയുന്നത് സവർണ്ണ ഹിന്ദുക്കളുടെ അവകാശത്തെ തടയുന്നതാണോ ?”

തിരുവിതാംകൂർ എന്ന അധർമ്മരാജ്യം ഇവിടത്തെ അവർണർക്ക് വിധിച്ചത് പുഴു സമാനമായ ജീവിതം. അതിൽ നിന്ന് കരകയറാൻ അവർണർ നടത്തിയ അടുത്ത പ്രക്ഷോഭം ആയിരുന്നു നിവർത്തന പ്രക്ഷോഭം (1931 – 1936 ) . നിവർത്തനം സാമുഹ്യ നീതിയുടെ ഇതിഹാസം എന്ന പുസ്തകതിൽ ഇങ്ങനെ കാണാം- ” തിരുവിതാംകൂറിലെ അവകാശാധികാരങ്ങൾ നിഷേധിക്കപ്പെട്ട ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ തുടങ്ങിയവർ സർക്കാർ സർവീസിലും നിയമനിർമ്മാണ സഭകളിലും നായർ സമുദായം നിലനിർത്തിപ്പോന്ന അമിത അധികാര കുത്തകക്കെതിരെയും വിവിധ സമുദായങ്ങൾക്കിടയിൽ തുല്യമായി വീതിക്കുന്നതിൽ സർക്കാർ കാണിച്ച വിമുഖതയ്ക്ക് എതിരായുമായിരുന്നു നിവർത്തന പ്രക്ഷോഭം.”

സാമൂഹിക സമത്വവും, സാമുദായിക പ്രാതിനിധ്യം എന്നീ സങ്കൽപ്പനങ്ങൾ സവർണ്ണ ജാതി / നായർ ജാതി എന്നിവർക്ക് ഉൾകൊള്ളാനാവില്ല. നിവർത്തനത്തിനെതിരെ മന്നവും എൻ എസ് എസും പ്രചാരവേലകൾ കടുപ്പിച്ചു. കോഴഞ്ചേരി പ്രസംഗത്തിന് സി കേശവനെ സി പി കൽതുറങ്കിൽ അടച്ചു. പ്രക്ഷോഭം നീണ്ടു . ധർമ്മ രാജ്യം കീഴടങ്ങി. പ്രക്ഷോഭം വിജയിച്ചു . അവർണർക്കും അഹിന്ദുക്കൾക്കും സാമൂഹ്യ നീതിയും സാമുദായിക പ്രാധിനിധ്യവും കുറച്ചെങ്കിലും ലഭ്യമായി തുടങ്ങും എന്ന അന്തരീക്ഷം ഉടലെടുത്തപ്പേൾ ആണ് മന്നം ഇതിനെ അട്ടിമറിക്കാൻ ആണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ വംശീയവാദത്തിൻ്റെ പിതാവിനെ സവർക്കറെ കേരളത്തിൽ / ചങ്ങനാശ്ശേരിയിലേക് ക്ഷണിച്ച് കൊണ്ട് വന്നത്. നിവർത്തനത്തിലൂടെ രൂപം കൊണ്ട ഈഴവർ, കൃസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നീ സഖ്യത്തെ ജാതി ഹിന്ദുക്കൾ ഭയപ്പാടോടുകുടിയാണ് കണ്ടിരുന്നത് എന്നതും ഒരു കാരണമാണ്. കേരളത്തിലെ ആർ എസ് എസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് 5 വർഷം മുൻപ് തന്നെ മന്നം സവർക്കറെ എഴുന്നുള്ളിച്ചു.

അവസരസമത്വവും ഫല സമത്വവും എന്ന പ്രഭാഷണത്തിൽ ഡോ സി വിശ്വനാഥൻ പറയുന്നു.
“മനുഷ്യസമത്വത്തെ അംഗീകരിക്കാൻ തങ്ങൾക്കു മേൽ ജനാധിപത്യ വ്യവസ്ഥ ചെലുത്തുന്ന നിർബ്ബന്ധങ്ങൾക്കെതിരെ ഇന്ത്യയിലെ മേൽജാതിക്കാർ നടത്തുന്ന ഒരു കലാപമായാണ് ഹിന്ദുത്വ ദേശീയതയുടെ ഉയർച്ചയെ കാണേണ്ടത്.”

ഈ ഹിന്ദുത്വ ദേശീയതയുടെ ആദി പിതാവിനെ, ഈ കലാപ പ്രസ്ഥാനത്തെ നാൽപ്പതുകൾ മുതൽ മന്നം അന്തരിക്കുന്നതുവരെ സഹായ സഹകരണങ്ങൾ നൽകി കേരളീയ പൊതുമണ്ഡലത്തിലേക്ക് വിഷവിത്തുകൾ എറിയുകയായിരുന്നു. ഇന്ന് ആ വിത്ത് നാസ്തികതയുടെ പേര് പറഞ്ഞ് എറിയുന്നത് സി രവിചന്ദ്രൻ ആണ്. തിരുവിതാംകൂറിൽ മന്നമായിരുന്നെങ്കിൽ സ്വാതന്ത്രത്തിന് ശേഷം മലബാറിൽ കേളപ്പൻ ആയിരുന്നു ഹിന്ദു വംശീയ വാദികളുടെ ഐക്കൺ.

സവർക്കറെ മന്നത്ത് പത്മനാഭൻ മുഖ്യ അഥിതി ആയി ക്ഷണിച്ച് കൊണ്ട് വന്നത് എൻ എസ് എസിൻ്റെ ചങ്ങനാശ്ശേരിയിൽ നടന്ന രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്.1940 മെയ് 4 ന് ഡയറിയിൽ മന്നം ഇങ്ങനെ കുറിച്ചു ” നാലിനു സമ്മേളനം നിർവചനം നടന്നു. ഹിന്ദു സമ്മേളന അധ്യക്ഷനെ ചെങ്കോട്ട മുതൽ സ്വീകരിച്ചു. വഴിമധ്യേ പല സ്വീകരണങ്ങളും ഉണ്ടായി. സ്വാഗതസംഘം സവർക്കരെ ആഡംബരപൂർവ്വം സ്വീകരിച്ച് ഘോഷയാത്രയായി കൊണ്ടുവന്നു. മുനിസിപ്പൽ മംഗള പത്രം കൊടുത്തു. മന്നത്തിൻ്റെ സമ്പൂർണ്ണ കൃതികളിൽ ഇങ്ങനെ പറയുന്നു.

” നാലാം ദിവസം ബാരിസ്റ്റർ വിനായക ഭാമോദർ സവർക്കരുടെ ആഭിമുഖ്യത്തിൽ ഹിന്ദു മതസംമ്മേളനം നടന്നു.”- ചങ്ങനാശേരി പെരുന്നയിൽ നടന്ന രജത ജൂബിലി ആഘോഷവും പത്താം നായർ മഹാ സമ്മേളനത്തെയും കുറിച്ച് സ്വാതന്ത്ര്യ സമരത്തിൽ എന്ന പുസ്തകത്തിൽ ഇപ്രകാരം കാണുന്നു. “സവർക്കർക്ക് ഇന്ത്യയിലൊരിടത്തും ഇത്രയും ഗംഭീരമായ ഒരു സ്വീകരണമോ ഹിന്ദുമഹാസഭയ്ക്ക് ഇത്തരം വമ്പിച്ച ഒരു സദസ്സ് ലഭിച്ചിട്ടുണ്ടാവില്ല.”

മന്നം ആർ എസ് എസ് വളരാൻ ഉള്ള എല്ലാം സഹായങ്ങളും നൽകി പോന്നു. അതിനെ കുറിച്ച് സംഘത്തിൻ്റെ അഖില ഭാരത ബൗദ്ധിക്ക് പ്രമുഖ് ആയിരുന്ന ആർ ഹരി ഇങ്ങനെ രേഖപ്പെടുത്തി.
“വടക്ക് ആഗമാനന്ദ സ്വാമികളെ പോലെ തെക്ക് മന്നമായിരുന്നു സംഘ വ്യാപനത്തിന് വളരെയേറെ സഹായിച്ചത് എന്നു പറഞ്ഞാൽ അത് കൃതജ്ഞത പ്രകാശനമേ ആകൂ,” മന്നം ചെയ്ത മറ്റൊരു സഹായം കോട്ടയത്തും ചങ്ങനാശേരിയിലും ആലപ്പുഴയിലും ആർഎസ്എസിന്റെ ശാഖ തുടങ്ങുന്നതിനു മുമ്പായി ചങ്ങനാശേരിയിലെ പെരുന്നയിൽ ഒരു ശാഖ തുടങ്ങിയിരുന്നു എന്നതാണ്. എൻഎസ്എസ് ആർഎസ്എസ് ബന്ധം മറ്റൊരു രീതിയിൽ കൂടി സംഘടനാപരമായി ബന്ധപ്പെട്ടിരിക്കുന്നു . ആർഎസ്എസ് കേരള പ്രാന്തത്തിന്റെ പ്രഥമ പ്രാന്തിയ സർ സംഘചാലകൻ എൻ ഗോവിന്ദമേനോൻ ആണ് എൻഎസ്എസിന്റെ പ്രസിഡണ്ടായി മാറിയത്.

തുടർന്നും മന്നം ഗോൾവാക്കറുമായി സഹകരിക്കുന്നുണ്ട്. 1958 ൽ എറണാകുളത്ത് നടന്ന സംഘത്തിൻെറ യോഗത്തിൽ അധ്യക്ഷൻ മന്നം ആയിരുന്നു. മന്നം ഡയറിയിൽ എഴുതി “ഒക്ടോബർ
13ന് ഗോൾവാക്കളുടെ സ്വീകരണയോഗം ഞാൻ അധ്യക്ഷൻ. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വിമാനത്തിൽ. രണ്ടുമണിക്ക് അവിടെനിന്ന് എന്നെ കാറിൽ പ്രഭുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഗുരുജിയുമായി ഒന്നിച്ച് ടി ഡി ഹോളിൽ എത്തി. അവിടെ ചടങ്ങിൽ പങ്കുകൊണ്ടു. അഞ്ചുമണിക്ക് ആർഎസ്എസിന്റെ പൊതുയോഗം എൻറെ അധ്യക്ഷതയിൽ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി എട്ടുമണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു ” ഗോൾവാക്കറുമായി മറ്റൊരു സമ്മേളനത്തിൽ പങ്കെടുത്തത് 1963 ഫെബ്രുവരി മൂന്നിന് മദ്രാസ് മറീന ബീച്ചിൽ ആർഎസ്എസിന്റെ സമാപന യോഗത്തിൽ പങ്കെടുത്തു വലിയ പ്ലാറ്റ്ഫോറത്തിൽ അധ്യക്ഷത വഹിച്ചു മലയാളത്തിൽ പ്രസംഗം ചെയ്തു. ഹിന്ദു മഹാമണ്ഡല കാലത്തും ഗോൾവാക്കറെ സന്ദർശിക്കുന്നുണ്ട്.

പി പരമേശ്വരൻ എഴുതുന്നു – “ശ്രീ ഗുരുജിയുമായി നിലനിന്നിരുന്ന ആത്മബന്ധം അവസാനിക്കുന്നത് മന്നം കഠിനമായി രോഗം ബാധിച്ചു ആസനാവസ്ഥയിലായിരുന്നു സന്ദർഭത്തിൽ ആയിരുന്നു. ആ സംഭവം ഗുരുഗോവാക്കർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ ആർ ഹരി ഇങ്ങനെ കുറിക്കുന്നു “മെയ് മാസം ഒന്നിന് എറണാകുളത്തേക്ക് മടങ്ങും വഴി ചങ്ങനാശേരിയിൽ ജർജ ര ദേഹനായി ജീവിതസന്ധിയിൽ കഴിഞ്ഞുകൂടിയിരുന്ന വിവേകാനന്ദ ശിലാസ്മാരകസമിതിക്ക് ഏറ്റവും ദുർഘടം നിറഞ്ഞ കാലഘട്ടത്തിൽ വിക്രാന്തപൂർണ്ണമായ നേതൃത്വം കൊടുത്ത എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭൻ സ്വന്തം വസതിയിൽ പോയി കണ്ടു. രംഗം വീക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ നടുവിൽ നിന്ന് സ്വാമിജി ഗോൾവൽക്കർ (അങ്ങനെയാണ് മന്നം ഗുരുജിയെ വിശേഷിപ്പിരുന്നത്) സാഭിമാനം ആശ്വസിപ്പിച്ചു. അങ്ങ് എല്ലാംകൊണ്ടും പൂർണ്ണകാമൻ ആണ്. ഇംഗ്ലീഷും ഹിന്ദിയും കാര്യമായി അറിയാത്ത ആ ഭാരത കേസരിക്ക് പൂർണ്ണകാമൻ എന്ന വാക്കിൻറെ അർത്ഥം പൂർണമായും പിടികിട്ടി. ആമുഖം തെളിഞ്ഞു. രണ്ടുപേരും പരസ്പരം കൈപിടിച്ച് അഭിവാദ്യം ചെയ്തു.”

“ഹിന്ദു ധർമ്മസംരക്ഷണത്തിനും ദൃഢീകരണത്തിനും വ്യാപനത്തിനുമായി അവതാരം എടുത്ത് രാഷ്ട്രീയ സ്വയം സംഘത്തിൻറെ പോറ്റച്ചനായിരുന്നു മന്നം. സംഘം പിച്ചവെച്ച് നടക്കുവാൻ സഹായിക്കുകയും ചെയ്ത പ്രബലനായ വ്യക്തി മന്നത്ത് പത്മനാഭൻ ആയിരുന്നു. സംഘത്തിന് പറയത്തക്ക സ്ഥാപനങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് ക്യാമ്പ് നടത്തുവാനും മറ്റും സ്വന്തം സ്ഥാപനങ്ങൾ പോലെ സ്വാതന്ത്ര്യത്തോടുകൂടി ഉപയോഗിക്കാൻ അദ്ദേഹം എൻഎസ്എസ് സ്ഥാപനങ്ങൾ സന്തോഷത്തോടെ വിട്ടു നൽകി. സംസ്ഥാന അധ്യക്ഷനായിരുന്ന എൻ ഗോവിന്ദമേനോൻ സംഘത്തിന്റെയും സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. ആർഎസ്എസ് സർ സഘ് ചാലക് ആയിരുന്ന ഗുരുജി എന്ന് വിളിക്കുന്ന ഗോൾവൽക്കർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്നത് അദ്ദേഹത്തിൻറെ വീട്ടിലായിരുന്നു. ഗുരുജി കേരളത്തിൽ വരുമ്പോഴൊക്കെ മന്നവുമായി കണ്ട് സംസാരിക്ക പതിവായിരുന്നു. മാത്രമല്ല അവർ സഹോദരന്മാരെ പോലെ ഒന്നിച്ച് ഉണ്ട് ഉറങ്ങി ആ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. മന്നവും ആർഎസ്എസും തമ്മിലുണ്ടായിരുന്നത് ഒരിക്കലും പിരിയാൻ ആകാത്ത ആത്മബന്ധം തന്നെയായിരുന്നു. അദ്ദേഹം ഒരു സംഘ ബന്ധവും അനുയായിയും മാത്രമായിരുന്നില്ല. ഒരു സംഘ സ്വയംസേവകൻ തന്നെയായിരുന്നു.” (മന്നത്ത് പത്മനാഭനും ഹിന്ദു ഐക്യവും) മന്നവും ആർ എസ് എസ്സുമായി ഉള്ള ബന്ധം അത്രയും ദൃഢതയുള്ളതായിരുന്നു.

എൻഎസ്എസ് ആർഎസ്എസ് കോമ്പിനേഷൻ ആണ് കേരളത്തിൻറെ സാമൂഹ്യനീതിക്കും സാമുദായിക ഐക്യത്തിനും വിലങ്ങു തടി ആയത്. ശൂദ്ര ലഹള സമയത്തും നാം അത് കണ്ടതാണ്. മന്നം – സവർക്കർ സംയോജനത്തിന്റെ പുതു പിറവിയാണ് ശ്രീ രവിചന്ദ്രൻ. മന്നം എൻഎസ്എസ് സമ്മേളനത്തിൽ സവർക്കറെ ആനയിച്ച് ആദരിക്കുന്നു രവീന്ദ്രൻ ചിന്ന സവർക്കർമാരെ ആനയിച്ച ആദരിക്കുന്നു എന്ന് മാത്രം. മന്നം ആർ എസ് എസിൻ്റെ ശാഖകൾ സ്ഥാപിക്കാൻ സഹായിച്ചതു പോലെ സി രവിചന്ദ്രൻ പ്രഭാഷണങ്ങളിലൂടെ ഗോൾവൾക്കറുടെയും ഹിന്ദുവംശീയ വാദികളുടെയും ആശയങ്ങൾ പൊതുമണ്ഡലത്തിലേക്ക് എത്തിക്കുന്നു. സർ സംഘചാലകനെ ആദരിക്കുന്ന കാലവും വിദൂരമല്ല. രവിചന്ദ്രനെ സ്വാധീനിച്ച ആശങ്ങൾ തേടി യൂറോപ്പിലേക്ക് പോകേണ്ടതില്ല, അതൊക്കെ ഈ മണ്ണിൽ മനുവും, രണ്ട് ശങ്കരനും, വേലുതമ്പിയും പരിപാലിച്ച് പോന്നതാണ്.

മന്നത്തിൻ്റെ വംശീയ വാദ പ്രസംഗങ്ങൾക്കെതിരെ തിരുവിതാംകൂറിൽ ശക്തമായ എതിപ്പ് രേഖപ്പെടുത്തിയ സഹോദരൻ അയ്യപ്പനെ മന്നം വിരട്ടാൻ ശ്രമിച്ചതായി അരുമാനൂർ നിർമ്മലാനന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രവിചന്ദ്രൻ അധിക്ഷേപം മുഴുവൻ ചൊരിയുന്നത് ഡോ സി വിശ്വനാഥൻ്റെ നേർക്കാണ്. സാമുഹ്യ നീതിക്കും സാമുദായിക പ്രാധിനിധ്യത്തിനും വേണ്ടി ശബദ്മുയർത്തുന്നവർക്ക് ഒരേ അനുഭവം ആയിരിക്കും. സവർക്കറെ എഴുന്നുള്ളിച്ച മന്നത്തിനോടല്ല രവിചന്ദ്രൻ്റെ എതിർപ്പ് സഹോദരൻ അയ്യപ്പനോട് ആണ്. ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ സഹായിച്ച മന്നം മിത്രമാകുന്നതും ഹിന്ദു മതം നശിച്ചാലെ ജാതി നശിക്കൂ. ജാതി നശിച്ചാലെ സ്വാതന്ത്രം കിട്ടൂ എന്ന് പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പൻ ശത്രു ആകുന്നതും സ്വാഭാവികമാണ്.

(അവസരസമത്വവും ഫലസമത്വവും: ഡോക്ടർ സി വിശ്വനാഥന് പ്രത്യേക നന്ദി: ഈ വീഡിയോ എല്ലാവരും കാണേണ്ടതാണ്. സി രവിചന്ദ്രൻ്റെ ഹിന്ദുത്വ ആശയ പ്രചാരണത്തെ തുറന്ന് കാട്ടുന്ന ഗംഭീര പ്രസൻ്റേഷൻ. (ലിങ്ക് കമൻ്റിൽ ) മന്നത്തിന്റെ സമ്പൂർണ്ണ കൃതികൾ, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ: പി പരമേശ്വരൻ, നിവർത്തനം സാമൂഹ്യനീതിയുടെ ഇതിഹാസം: ഡോക്ടർ അഞ്ചയിൽ രഘു, ദേശാഭിമാനി ടി കെ മാധവൻ : എം കെ പവിത്രൻ, മന്നത്തു പത്മനാഭനും ഹിന്ദു ഐക്യവും: എംപി അപ്പു, എൻഎസ്എസ് ചരിത്രം രണ്ടാം വാല്യം: പ്രൊഫസർ ഹരീന്ദ്രനാഥ കുറുപ്പ്, മന്നത്തു പത്മനാഭൻ കർമ്മയോഗിയായ കുലപതി: പ്രൊഫസർ ഹരീന്ദ്രനാഥ കുറുപ്പ്, ഭാസ്കർ റാവു പ്രചാരക കർമ്മയോഗി: ആർ ഹരി, സ്വാതന്ത്ര്യ സമരത്തിൽ: എൻ എം നീലകണ്ഠൻ നായർ, പൗരസമത്വവാദം തിരുവിതാംകൂറിൽ: ഡോ എസ് ശിവദാസ് – ഡോ സി എൻ സോമരാജൻ, സി വി കുഞ്ഞുരാമൻ: പ്രഫ അരുമാനൂർ നിർമ്മലാനന്ദൻ)