ചേർത്തല: മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെ ദിവ്യാത്ഭുത- രോഗശാന്തി ശൂശ്രൂഷകളുടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിക്കുന്നയാൾ എന്ന രീതിയിൽ പ്രസിദ്ധനായ ഫാദർ ഡോ.വിപി ജോസഫ് കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നും വർഷാവർഷം നടത്തിവരാറുള്ള ജപമാല റാലി അർത്തുങ്കലിൽ സമാപിച്ചു. ഇസ്രായേൽ – ഗാസ ഏറ്റുമുട്ടൽ മിക്കവാറും ഇന്നത്തോടെ തീരും. കഴിഞ്ഞ രണ്ടുവർഷമായി ലോക സമാധാനത്തിനായി ഇതുപോലെ ജപമാല ചൊല്ലി റാലി നടത്തിവരുന്നുണ്ട്.
കഴിഞ്ഞ വർഷവും ഇതേ നിയോഗംവെച്ച് ഉടമ്പടി എടുത്ത് ജപമാല റാലി നടത്തിയിരുന്നതിനാൽ
അവിടെ കഴിഞ്ഞ ഒരുവർഷം മുടിഞ്ഞ സമാധാനം ആയിരുന്നല്ലോ? വീണ്ടും ഒരു വർഷംകൂടി കൃപാസനം ടൈംപീസ് മാതാവിൻറെ തിരു സന്നിധിയിൽ നിന്നും അർത്തുങ്കലിലെ പകർച്ചവ്യാധി പുണ്യാളൻറെ തിരു സാന്നിധിയിലേക്ക് ജപമാല ചൊല്ലി റാലി നടത്തുകയായിരുന്നു. രണ്ട് ലക്ഷത്തിലധികം പേർ റാലിയിൽ പങ്കെടുത്തതായിട്ടാണ് സംഘടകരുടെ അവകാശവാദം.
കഴിഞ്ഞതവണ ഇതിൽ പങ്കെടുത്ത് “കൃപാസനം ജപമാല റാലി ലോകത്തിന് വെളിച്ചം പകരുമെന്നു” പറഞ്ഞ ആലപ്പുഴയിലെ കനൽ ഒരുതരി തന്നെ അണഞ്ഞു പൂർണ്ണമായും കരിക്കട്ട ആയിപ്പോയെങ്കിലും ആരും പരിഹസിക്കണ്ട! ഇത്തവണ നസറത്തിൽ തിരുകുടുംബത്തിന്റെ ഭവനം നിലനിന്നിരുന്ന സ്ഥലത്തിനടുത്തായി ഭൂമിയുടെ ഭൂഗർഭത്തിൽ സംരക്ഷിച്ചിരിക്കുന്ന വി.യൗസേപിതാവിൻറെ കല്ലറയുടെ വാതിൽക്കൽ പോയി ധ്യാന നിമഗ്നനായിരുന്ന ശേഷം പരിശുദ്ദാത്മാഭിഷേകവുമായാണ് അവിടുന്ന് ചൊല്ലിത്തുടങ്ങിയ ജപമാല ജോസപ്പ് അച്ചൻ ലക്ഷക്കണക്കിന് കുഞ്ഞാടുകളുമായി റാലി നടത്തി ചൊല്ലി ഇന്ന് അർത്തുങ്കലിൽ സമർപ്പിച്ചത്. ഇത്തവണ മിക്കവാറും എന്തെങ്കിലുമൊക്കെ നടക്കും.
ഇത് ആ ഇസ്റായേൽ എംബസിയുടെ മുൻപിൽ പോയി ചൊല്ലിയിരുന്നെങ്കിൽ കുറച്ചുകൂടി ഫലം കിട്ടിയേനെ. ഞങ്ങൾ അർത്തുങ്കൽ ഉള്ളവർക്ക് ഇസ്രായേൽ – ഗാസ ഏറ്റുമുട്ടലിൽ ഒരു പങ്കുമില്ലല്ലോ? എന്നൊക്കെയാണ് സമാധാന റാലിക്കെത്തിയവരുടെ സമാധാനക്കേടുമൂലം സമാധാനം നഷ്ടപ്പെട്ട അർത്തുങ്കലിലെ സാദാരണ മനുഷ്യർ ചോദിക്കുന്നത്. രാവിലെ മുതൽ റോഡ് മുഴുവൻ ബ്ലോക്ക് ആയിരുന്നു.
കൃപാസനം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ദിവ്യാത്ഭുതങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നേരത്തെ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഒരു ‘ദൈവശാസ്ത്ര’ കമ്മീഷനെ വെച്ചിരുന്നു. കമ്മീഷൻ അംഗങ്ങളായ ആ ‘ശാസ്ത്രജ്ഞമാർ’ കൃപാസനത്തെയും അവിടത്തെ പ്രവർത്തികളെയും വിശകലനം ചെയ്യുകയും കൃപാസനം പത്രം ദൈവശാസ്ത്ര പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും അവിടെ സഭാ വിരുദ്ധമായോ വിശ്വാസ വിരുദ്ധമായോ ദൈവശാസ്ത്ര വിരുദ്ധമായോ ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചില്ല എന്ന സാക്ഷ്യപത്രം നൽകുകയും ആലപ്പുഴ കലവൂർ ഉള്ള കൃപാസന ആത്മീയ കേന്ദ്രത്തിന് ആലപ്പുഴ മെത്രാൻ സഭയുടെ അംഗീകാര മുദ്ര നൽകുകയും ചെയ്തിട്ടുള്ളതാണ്.
എന്ന് കരുതി ആരും തെറ്റിദ്ധരിക്കരുത് ഇത് ലത്തീൻ കുഞ്ഞാടുകളുടെ കലാപരിപാടി മാത്രമാണെന്ന്. എന്തയാലും ജോസഫ് അച്ചൻ ആള് പുപ്പുലിയാണ് കോട്ടയത്തും പാലായിലും കാഞ്ഞിരപ്പളിയിലും ഇടുക്കിയിലും കട്ടപ്പനയിലും തൊടുപുഴയിലും മൂവാറ്റുപുഴയിലും കോതമംഗലത്തും തൃശൂരിലും ഇരിങ്ങാലക്കുടയിലുമെല്ലാമുള്ള നല്ല ഒന്നാംതരം തോമാശ്ലീഹാ ചതിച്ച ബ്രഹ്മദത്തൻ നമ്പൂതിരിമാരുടെയും കേശവൻ നായർമാരുടെയും പിന്മുറക്കാരായ സവർണ ക്രിസ്ത്യാനികളെയാണ് കൃപാസനം പത്രം തീറ്റിച്ച് മയക്കി നൂറുകണക്കിന് വണ്ടികളിൽ ഇവിടെ എത്തിച്ചിരിക്കുന്നത്. ഈ അല്ലേലൂയാ സൂത്രം വട്ടായി കിട്ടായി വളവനാൽമാരൊക്കെ കണ്ടു പഠിക്ക്! ഇതുപോലൊരു പത്രാധിപർ ലോകചരിത്രത്തിൽ വേറെ ഉണ്ടാകില്ല! എട്ട് ഭാഷകളിൽ ഓൺലൈനും 17 ഭാഷകളിൽ പ്രിൻറ് എഡീഷനും അവൈലബിൾ ആണ്. ദിവ്യാത്ഭുത സിദ്ധികൾ പ്രിൻറ് എഡീഷൻ വാങ്ങി ഉപയോഗിച്ചാൽ മാത്രം.


