✍️ചന്ദ്രപ്രകാശ് എസ് എസ്
“ഇടത്തല്ല,വലത്തല്ല, നടുക്കല്ലെൻ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.
തുടിക്കുന്ന ജനത തൻ
കരളിൻ്റെ കരളിലെ
തുടുത്ത താമരപ്പൂവിലവൾ വാഴുന്നു.
പടകുറിച്ചൊരുങ്ങിയ
പതിതർ തൻ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടി ലവൾ പാറുന്നു”
കവി, ഗാനരചയിതാവ്, ഭാഷാപണ്ഡിതന്‍, നിരൂപകന്, പ്രബന്ധകാരൻ, അദ്ധ്യാപകൻ കമ്മ്യൂണിസ്റ്റ്, അദ്ധ്യാപക സംഘടനാ പ്രവര്ത്തകന്, പ്രഭാഷകന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള വിവരണാതീതമായ അറിവിന്റേയും സര്‍ഗ്ഗാത്മകതയുടേയും പര്യായമായിരുന്ന വി ടി കുമാരൻ.
എസ് കോരന്റെയും തിരുവാലയുടേയും മകനായി 1927 ജൂലൈ 1നു കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു.തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു.
ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു.1972 ൽ വി ടി കുമാരന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഗായകൻ വി ടി മുരളി മകനാണ്. 1986 ൽ അദ്ദേഹം അന്തരിച്ചു.

കെ പി എസ് മേനോന്റെ റഷ്യന്‍ പനോരമയെന്ന വിഖ്യാത ഗ്രന്ഥത്തില്‍നിന്ന് വായിച്ചൊരു പ്രാചീന റഷ്യന്‍ കഥാസന്ദര്‍ഭം വികസിപ്പിച്ച് വി ടി എഴുതിയ കവിതയാണ് ‘വോള്‍ഗയിലെ താമരപ്പൂക്കൾ’. അന്യാദൃശമായ ഒരു പ്രണയ കഥയാണിതിലുള്ളത്. സ്വപത്നിയുടെ മാറാരോഗത്തിന് ചികിത്സ ഇന്ത്യയിലെ താമരപ്പൂക്കളാണെന്ന് ഉപദേശം ലഭിച്ച രാജാവ് ഇന്ത്യയില്‍ താമരപ്പൂക്കള്‍ ശേഖരിക്കുന്നതിനായി സ്വയം എത്തിച്ചേരുകയാണ്.
പ്രശാന്തമായ ഒരിടത്ത് ശാന്തയെന്ന ഒരു പെണ്‍കിടാവില്‍നിന്ന് താമരക്കുരുക്കള്‍ ശേഖരിച്ച് രാജാവ് തിരച്ചെത്തുമ്പോഴേയ്ക്കും ആസ്ത്രയെന്ന പ്രിയപത്നി അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. ശോകാകുലനായ രാജന് താമരവിത്തുകളെല്ലാം വോള്‍ഗാ നദിയിലേക്ക് വലി്ച്ചെറിയുന്നു. അതോടെയാണ് വോള്‍ഗാനദിയില്‍ താമരപ്പൂക്കള്‍ വിടര്‍ന്നുതുടങ്ങിയത്. കവിതയിലെ രണ്ട് വരികളിങ്ങനെ – ”താമരപ്പൂക്കള്‍ വാടും താമരക്കുരുനില്ക്കും”
പാര്‍ട്ടി പറഞ്ഞാല്‍ അതനുസരിച്ച് എഴുതാനാവില്ലെന്ന ധിക്കാരമായിരുന്നു വി ടി യുടെ കാതല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ആത്മസംഘര്‍ഷം ചില്ലറയൊന്നുമായിരുന്നില്ല
കവിയ്ക്ക്. അദ്ദേഹം പാര്‍ട്ടിയുടെ ഒദ്യോഗിക പക്ഷത്തുതന്നെ നിലയുറപ്പിച്ചു. പലര്‍ക്കും താങ്ങാവുന്നതായിരുന്നില്ല അദ്ദേഹത്തിൻ്റെ നിലപാട്.
‘കമ്യൂണിസ്റ്റാണ് ഞാന്‍
എന്നെ കവിയായി-
ട്ടെണ്ണേണ്ട നിങ്ങള്‍ നിരൂപകരേ’എന്ന് പ്രഖ്യാപിച്ച കവിയുടെ
ആത്മസംഘര്‍ഷമാണ്
‘എന്റെ സരസ്വതി’
എന്ന കവിതയിലെ
“ഇടത്തല്ല,വലത്തല്ല, നടുക്കല്ലെന്‍ സരസ്വതി
വെളുത്തതാമരപ്പൂവിലുറക്കമല്ല”എന്ന ഈരടികൾ.
വി ടി യുടെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളേയും രചനകളേയും പറ്റി ഗൗരവമാര്‍ന്ന പഠനങ്ങൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്. നിര്യാതനായി 38 വർഷം കഴിഞ്ഞിട്ടും ചാനലുകളുടേയോ മാദ്ധ്യമങ്ങളുടേയോ വിമര്‍ശക കേസരികളുടേയോ സഹായമേതുമില്ലാതെ
വി ടി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.


