✍️ ലിബി. സി. എസ്.
ശ്രീനരായണ ഗുരുവിൻറെ സമാധി ദിനത്തിൽ ശിവഗിരി മഠം നിർദ്ദേശിച്ച സനാതനികളുടെ “ഓം നമോ നാരായണായ” എന്ന ഭക്ത പ്രഹ്ലാദ മന്ത്രം ആണോ ജപിക്കേണ്ടത്? ഈ മറ്റേ ഭഗവാൻ നാരയണനെ സ്തുതിക്കുന്ന അഷ്ടാക്ഷരി മന്ത്രം ജപിക്കണോ അതോ ” *ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ” ജപിക്കണോ അതല്ല എങ്കിൽ കുമാരൻ ആശാൻ രചിച്ച “ഗുരുസ്തവം” ചൊല്ലണോ അതോ “അരുളുള്ളവനാണ് ജീവിയെന്ന് ഉരുവിട്ടീടുകയീ നവാക്ഷരി” എന്ന ഗുരു പറഞ്ഞ നവാക്ഷരി ചൊല്ലണോ എന്നൊക്കെയുള്ള തർക്കമാണ് ശ്രീനാരയണീയർക്കിടയിൽ. മിക്കവാറും എല്ലാം കൂടി ചൊല്ലി ശ്രീനാരായണീയർ ഇന്നതിന് പരിഹാരം കാണുകയും ചെയ്യും. ചില ശാഖക്കാർ യജ്ഞങ്ങൾ വരെ സംഘടിപ്പിച്ചിട്ടുണ്ട്, ഇതാണ് 97 വർഷങ്ങൾകൊണ്ട് ശ്രീനാരയണഗുരു നയിച്ച സാംസ്‌കാരിക വിപ്ലവത്തിന് സംഭവിച്ച ഗതികേട്! എന്തു ചൊല്ലിയിട്ടും പ്രത്യേകിച്ചൊരു കാര്യവുമില്ല. ഇനിയുള്ളകാലം ഇതൊക്കെചൊല്ലിക്കൊണ്ടിരിക്കുകയെ നിവൃത്തിയുള്ളൂ.
ശ്രീനാരയണ ഗുരുവിൻറെ പ്രധാന സന്ദേശങ്ങളിൽ ഒന്നായിരുന്നു “സംഘടിച്ചു ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്നത്. അതിനായി ഗുരുതന്നെ രണ്ട് സംഘടനകൾ ഉണ്ടാക്കി അതുകൂടാതെ ഗുരുവിൻറെ പേരിൽ ഇന്ന് ആയിരക്കണക്കിന് സംഘടനകൾ ഉണ്ട്, പക്ഷേ യാതൊരു ഫലവുമില്ലന്നാണ് കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ പറഞ്ഞതനുസരിച്ച് വിദ്യനേടിയെങ്കിലും പ്രബുദ്ധരായില്ല, വിദ്യകൊണ്ട് ഉദ്യോഗം മാത്രം നേടി.
66 വർഷം മുൻപ് ഇതുപോലൊരു സമാധി ദിനത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിനെ വേദിയിലിരുത്തി പൊരിച്ചുകൊണ്ട് പത്രാധിപർ കെ, സുകുമാരൻ തൻറെ കുളത്തൂർ പ്രസംഗം നടത്തിയത്. ഇ എം എസ് മന്ത്രി സഭയുടെ ആദ്യ ഭരണപരിഷ്കരണ കമ്മറ്റി റിപ്പോർട്ടിൽ തന്നെ സവർണ്ണ സംവരണം കൊണ്ടുവരാൻ ശ്രമം നടന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസംഗം.
പ്രസ്തുത പ്രസംഗത്തിൽ പത്രാധിപർ ഇങ്ങനെ പറയുന്നു.
“1940 – ൽ നമ്മുടെ മുഖ്യമന്ത്രി (ഇ.എം.എസ്. നമ്പൂതിരിപ്പാട്) ഒളിവിൽപ്പോയി. നാലുവഴിക്കും അന്വേഷണം നടത്തിയശേഷവും അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ലെന്നു കണ്ട് ഇ.എം.എസി നെ ബന്ധിക്കുവാൻ വിവരം നൽകുന്നവർക്ക് 1000 രൂപ പാരിതോഷികം നൽകുമെന്നു ബ്രിട്ടീഷ് സിംഹാസനം വിളംബരം ചെയ്തു. കണ്ണൂരിനു സമീപമുള്ള കുന്നുകളും കല്ലുകളും നിറഞ്ഞ ചെറുമാവിലായി എന്ന മനോഹരമായ ഗ്രാമപ്രദേശമാണു സഖാവ് ഇ.എം.എസി ന് ഒളിപ്പോരിനു പററിയ നികുംഭിലയായി സഖാവ് പി.കൃഷ്ണപിള്ള തെരഞ്ഞെടുത്തത്. അവിടെ മധ്യപ്രായം കഴിഞ്ഞിരുന്ന പോക്കൻ എന്നൊരു ചെത്തുകാരനും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്ന ഓടു മേഞ്ഞതെങ്കിലും മൂന്നു മുറികൾ മാത്രമുള്ള ഒരു ചെറിയ ഭവനമുണ്ടായിരുന്നു. അതിൽ 7 അടിനീളം, 5 അടി വീതി, 6 അടി പൊക്കമുള്ള ഒരു മുറിയിലാണ് എല്ലാ മനുഷ്യാവശ്യങ്ങളും നിർവഹിച്ചുകൊണ്ടു നമ്മുടെ മുഖ്യമന്ത്രി രണ്ടുകൊല്ലം താമസിച്ചു കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനശില പാകിയത്. പോക്കൻ സമ്പാദിച്ച ചോറും മീനും ശ്രീമതി പോക്കൻ വിളമ്പിക്കൊടുത്ത്, കാക്കയും കിളിയും കൊത്തിക്കൊണ്ടുപോകാതെ നമ്മുടെ മുഖ്യമന്ത്രിയെ രണ്ടുകൊല്ലം ഭ്രദമായി കാത്തുസൂക്ഷിച്ചു സംരക്ഷിച്ചു. ചെത്തുകാരന്റെ വംശപരമ്പരയിൽപ്പെട്ട പോക്കനും പോക്കിയും കാത്തുസൂക്ഷിച്ചതുകൊണ്ടായിരിക്കാം ബ്രിട്ടീഷ് സിംഹാസനം വാഗ്ദാനം ചെയ്ത ആ ആയിരം രൂപ പാരിതോഷികം ഇന്നും ചെലവാകാതെ സർക്കാർ ഭണ്ഡാരത്തിൽത്തന്നെ കിടക്കുന്നത്. അങ്ങനെയുള്ള ഈ ഇ.എം.എസ്. മണ്ടയിലിരിക്കുന്ന കമിററി, അതിൽ ഈഴവനില്ലാത്ത തക്കം നോക്കി നീതികേടു കാണിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചതുമില്ല. കഴിഞ്ഞ ദിവസമാണ് ആ കമ്മിററിയുടെ റിപ്പോർട്ട് എന്റെ കൈയിൽ കിട്ടിയത്. അതിന്റെ പുറങ്ങൾ മറിച്ചു നോക്കുന്നതിനിടയിൽ ഒരു ഭാഗം എന്റെ ശ്രദ്ധയിൽപ്പെട്ടു.ആപ്പിന്റെ ഉഗ്രമായ അഗ്രം തന്നെ അതിസമർഥമായി ജാതിക്കെതിരായി പടവെട്ടുകയും കമ്യൂണിസത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്ത പൊക്കന്റെ പിൻമുറക്കാരായ ശ്രീനാരായണ ശിഷ്യൻമാരുടെ അണ്ണാക്കിൽ അടിച്ചു കയറിയിരിക്കുന്ന അതിവിചിത്രമായ ഒരു ചിത്രമാണു ഞാൻ അവിടെ കണ്ടത്…”
“സംവരണ വ്യവസ്ഥ നിലനിറുത്തുന്നതു മന:ശാസ്ത്രപരമായി, ജാതിചിന്തയെ നിലനിറുത്തുവാൻ സഹായിക്കുകയേയുള്ളൂ എന്ന വിചിത്രമായ വാദഗതിയും റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു . ദൈവത്തിനു കൊടുക്കാനുള്ളതു ദൈവത്തിനും ചെകുത്താനു കൊടുക്കാനുള്ളതു ചെകുത്താനും കൊടുത്തുകഴിഞ്ഞാൽ ഈ രാജ്യത്തു ജാതിചിന്തയേ ഉണ്ടാവുകയില്ല. നമ്മുടെ രാഷ്ട്രീയരംഗത്ത് എത്രയോ പ്രാവശ്യം ചർച്ചാ വിഷയമായി ” കാട്, കാട് ” എന്നു ആക്ഷേപിച്ചു തള്ളപ്പെട്ട നശിച്ച പൗരാണിക ചിന്താഗതിയുടെ ഒരു അവശിഷ്ടത്തെ പുതുമയുള്ള ആശയഗതിയായി പൊക്കിപ്പിടിച്ചു വീണ്ടും അവതരിപ്പിക്കുവാൻ നാണം തോന്നാതെ പോയല്ലോ റിഫോംസ് കമ്മിറ്റിക്ക് എന്നു ഞാൻ അദ്ഭുതപ്പെടുന്നു. മറെറാരു വിചിത്രവാദം കമ്മിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് താഴെക്കിടയിലുള്ള ഉദ്യോഗങ്ങൾ, പിന്നോക്ക സമുദായങ്ങൾക്കും, സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ പാടുള്ളൂ എന്നതാണ്. എന്നാൽ മുന്നോക്ക സമുദായങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലതാനും. സാമ്പത്തികശേഷി ഉദ്യോഗലബ്ധിക്കു മാനദണ്ഡമാക്കുകയാണെങ്കിൽ, അതിൽപ്പിന്നെ പിന്നോക്കമെന്നും മുന്നോക്കമെന്നും ജാതിയുടെ പരിഗണന ആവശ്യമുണ്ടോ? സംവരണവ്യവസ്ഥയുടെ പ്രയോഗം കൊണ്ട് ഉദ്യോഗമണ്ഡലത്തിലേക്ക് അൽപ്പാൽപ്പമായി പിടിച്ചു കയറിയ ഈഴവനെയും മുസ്ലീമിനെയും മററു പിന്നോക്ക സമുദായക്കാരെയും അവിടെനിന്നും ഇറക്കിവിട്ട് സർക്കാർ ഉദ്യോഗമാകുന്ന അപ്പവും മീനും പണ്ടേപ്പോലെ തങ്ങൾക്കു മാത്രമായി അനുഭവിക്കാൻ വ്യവസ്ഥ ചെയ്യുന്ന കൗശലപൂർവമായ ഒരു കെണിയാണ് ഈ നിർദ്ദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ബുദ്ധി, അവരുടെ പാർട്ടി പരിഗണനയും പാർട്ടിഭക്തിയും അടിയുറച്ചതായിരുന്നാലും ഈഴവർക്കു ശേഷിച്ചിട്ടുണ്ടെന്നു വേണ്ടപ്പെട്ടവർ മനസ്സിലാക്കുന്നതു നന്നായിരിക്കും….”
അവിടെ പക്ഷേ കെ സുകുമാരന് തെറ്റി എന്നാണ് വർത്തമാന കാല അനുഭവങ്ങൾ തെളിയിക്കുന്നത്.
പ്രസംഗത്തിൽ പത്രാധിപർ തുടരുന്നു” റിഫോംസ് കമ്മിറ്റി റിപ്പോർട്ടിൽ വിചിത്രമായ ഈ അഭിപ്രായ ഗതികൾക്ക് ഉത്സാഹപൂർവമായ സ്വീകരണമാണു ലഭിച്ചിരിക്കുന്നത്. ഒരു എതിർശബ്ദം പോലും അതിലില്ല. ഒരു മലയാള ബ്രാഹ്മണനും ഒരു തമിഴ് ബ്രാഹ്മണനും ഒരു മഹാരാഷ്ട്രനും ഒരു സിറിയൻ ക്രിസ്ത്യാനിയും ഒരു വെള്ളാളനും മൂന്നു നായൻമാരും കൂടി ചരതിച്ചിറക്കിയ റിപ്പോർട്ടിൽ മറിച്ചഭിപ്രായം പറഞ്ഞിരുന്നുവെങ്കിൽ മാത്രമേ അത്ഭുതത്തിനവകാശമുണ്ടായിരുന്നുള്ളൂ . ഈ റിപ്പോർട്ട് കണ്ടപ്പോഴാണ് ഈഴവന്റെയും മുസ്ലിമിന്റെയും മറ്റു പിന്നോക്ക വർഗ്ഗക്കാരുടെയും കാര്യം അവർ സ്വയം അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അവരോട് എത കടപ്പാടുള്ളവരായിരുന്നാലും മററുള്ളവർ അന്വേഷിച്ചാൽ അതു പന്തിയാവുകയില്ലെന്നും എനിക്കു ബോധ്യമായത്. റിഫോംസ് കമ്മിറ്റിയിൽ അംഗമായിരിക്കാൻ യോഗ്യതയുള്ളവരില്ലാതിരുന്നതു കൊണ്ടല്ല, ആ സമുദായങ്ങളിൽ നിന്ന് ആരെയും അതിൽ ഉൾപ്പെടുത്താതിരുന്നത്. അവരുടെ കൂട്ടത്തിലും അംഗത്വത്തിനു യോഗ്യതയുള്ള എക്സ് മുഖ്യമന്ത്രിയും റിട്ടേർഡ് ഉദ്യോഗസ്ഥൻമാരും ധാരാളമുണ്ട്. അവരിൽ ഒരാളെയെങ്കിലും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നു മഹാനായ മുഖ്യമന്ത്രിക്കു (ഇ.എം.എസ്നമ്പൂതിരിപ്പാട്) തോന്നിയില്ല. റിഫോംസ് കമ്മിററിയിൽ ഒരു ഈഴവനോ ഒരു മുസ്ലീമോ ഒരു അധകൃതനോ ഉണ്ടായിരുന്നുവെങ്കിൽ, ഈ രാജ്യത്ത് അധിവസിക്കുന്ന എഴുപതുശതമാനം വരുന്ന വമ്പിച്ച് ജനസമുദായത്തിന്റെ ഭാവിയെ ഗൗരവതരമായി ബാധിക്കുന്ന ഈ പ്രശ്നത്തെപ്പററി ഇത്ര ലാഘവബുദ്ധിയോടുകൂടി കമിററി അഭിപ്രായ പ്രകടനം നടത്തുമായിരുന്നില്ല. മഹാരാജാവു ഭരിച്ചാലും, കോൺ ഗ്രസ് ഭരിച്ചാലും, എന്തിനു കമ്യൂണിസ്റ്റ് ഭരിച്ചാലും ശ്രീനാരായണന്റെ സംരക്ഷണയിലും പ്രചോദനത്തിലും ഉയർന്നുവരുന്ന ഈഴവരേയും ഈഴവരെപ്പോലെ ചവിട്ടിത്താഴ്ത്തപ്പെട്ട മറ്റു സമുദായങ്ങളെയും ഉന്നതമായ അധികാര പീഠത്തിലിരുന്നുകൊണ്ട് പിന്നെയും തലയിൽ ചവിട്ടിത്താഴ്ത്തുന്ന ഒരു പ്രവണതയാണ് അധികാരി വർഗം എന്നും പ്രദർശിപ്പിച്ചു പോന്നിട്ടുള്ളത്…”
“ആ റിപോർട്ടും പൊക്കിപ്പിടിച്ചു ക്യാബിനററിൻറ അംഗീകാരത്തിനായി ചെല്ലുന്ന മുഖ്യമന്ത്രിക്ക് എന്തു സ്വീകരണ മായിരിക്കും സംവരണ സമുദായങ്ങളിലെ മന്ത്രിസഭാംഗങ്ങളായ ചാത്തനും മജീദും ഗോപാലനും ഗൗരിയും നൽകുന്നതെന്നു മുഖ്യ മന്ത്രി ആലോചിച്ചു കാണുകയില്ല. ഈ നാലു പേരും അങ്ങേയററത്തെ പാർട്ടി ഭക്തിയുള്ളവരാണെങ്കിലും, പാർട്ടി അച്ചടക്കത്തിൽ അവരെ അതിശയിക്കുന്നവരാരുമില്ലെങ്കിലും, അവർക്കും ആത്മാഭി മാനബോധമുണ്ടെന്നു മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു…”
“സ്വവർഗത്തിൻറയും സ്വസമുദായത്തിന്റെയും താൽപര്യം സംരക്ഷിക്കേണ്ട സന്ദർഭം വരുമ്പോൾ ഓരോരുത്തരുടെയും ഉള്ളിൽ ചുരുട്ടിയിട്ടിരിക്കുന്ന ജാതി, പത്തി വിടർത്തുന്നു. മന്ത്രിമാരെന്നോ, പാർട്ടി സഖാ ക്കളെന്നോ ഉള്ള ചിന്തയേ അവർക്ക് അപ്പോൾ ഉണ്ടാകാറില്ല. അവിടെയും പൊതുവെ പറഞ്ഞാൽ ഭേദപ്പെട്ടവർ ഈഴവരാണ്. അവർക്കു ജാതിയേക്കാൾ വലുതു പാർട്ടിയാണ്. അതു നല്ലതുതന്നെ. പക്ഷേ, സ്വന്തം സമുദായത്തിൽപ്പെട്ട ചിലരുടെ ദുരഭിമാനം സംരക്ഷിക്കുന്നതിനുപോലും ഒരു മനഃസാക്ഷിക്കുത്തും കൂടാതെ അന്യസമുദായ ത്തിലെ എത്ര സമുന്നതനായ വ്യക്തിയുടെ നേരെയും കഠിനത കാണിക്കുന്നതിനു ചില സമുദായത്തിൽപ്പെട്ട മന്ത്രിമാർക്കോ നേതാവിനോ യാതൊരു സങ്കോചവുമില്ല. അതാണു ജാതി. ഈ ജാതിയെ ഹോമിച്ചടക്കാതെ ജനകീയം വന്നാലും കോൺഗ്രസ് വന്നാലും കമ്യൂണിസ്ററ് വന്നാലും കേരളത്തിനു രക്ഷയില്ല…”
ഒപ്പം ഇ എം എസ് ൻറെ പ്രസംഗത്തിലെ മഹത്തായ ആർഷഭാരത സംസ്കാരത്തെ കുറിച്ചും അതിൽ വന്ന ചെറിയ ചില പുഴുക്കുത്തുകളെ നശിപ്പിക്കുകയും ചെയ്ത സന്യാസി വര്യനാണ് ശ്രീനാരയണഗുരു എന്ന പ്രസ്താവനയ്ക്ക് പത്രാധിപർ കൊടുത്ത മറുപടിയും ഇന്ന് ഭക്ത പ്രഹ്ലാദ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുന്നവർ ശ്രദ്ധിക്കുന്നത് നല്ലതാണ്. “ഒരു ഉദാഹരണം ഞാൻ പറയാം: കഴിഞ്ഞ കൊല്ലം പേട്ടയിൽ ചേർന്ന ചതയദിന സമ്മേളനത്തിൽ മഹാപണ്ഡിതനായ ഒരു അതിമാനുഷൻ നാരായണഗുരുവിന്റെ മഹത്വത്തിന്റെ ഉത്പത്തിസ്ഥാനം കണ്ടെത്തി. അദ്ദേഹം ചെയ്ത അതിഗംഭീരമായ അധ്യക്ഷപ്രസംഗത്തിൽ, ശ്രീനാരായണൻ വർണാശ്രമ ധർമങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ഒരു ഹൈന്ദവ യോഗീശ്വരനായിരുന്നുവെന്നും, ആ വിശ്വാസമാണ് അദ്ദേഹത്തെ മഹാനാക്കിത്തീർത്തതെന്നും ഒരു സങ്കോചവും കൂടാതെ പറഞ്ഞിരുന്നു. ചുറ്റും കൂടിയിരുന്നവരെല്ലാം, കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടിനെ അനുസ്മരിപ്പിക്കുമാറ് “അതു ശരിയാണതു ശരിയാണ് ” എന്നു തലകുലുക്കി സമ്മതിക്കുകയും ചെയ്തു. ഏതാണ്ട് അതൊക്കെ തന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. മനുഷ്യനും മനുഷ്യനും തമ്മിൽ ഉച്ചനീചകർമങ്ങൾ നിശ്ചയിച്ച് അവരെ ജാതികളായി തരംതിരിച്ച് അവരിൽ പ്രബലരായുള്ളവരെ മാത്രം പ്രീണിപ്പിക്കുന്ന ഭാരതീയ സമ്പ്രദായത്തിന് അടിസ്ഥാനശിലയായിക്കിടന്ന ചാതുർവർണ്യവ്യവസ്ഥിതിയിൽ അടിയുറച്ച സനാതന ധർമ്മത്തിന്റെ വിശ്വാസക്കാരനായിരുന്നു വിശ്വാസക്കാരനായിരുന്നു ശ്രീനാരായണ ഗുരുസ്വാമികൾ എന്നു പറയുന്നവർക്ക് നല്ല അടി തന്നെയാണു കൊടുക്കേണ്ടത്…”
എന്തായാലും അന്ന് ആ ഒരൊറ്റ പ്രസംഗത്തോടെ സിപിഐ തൃശൂരിൽ അടിയന്തിര സംസ്ഥാന കമ്മിറ്റികൂടി മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞു. അതായിരുന്നു അന്നത്തെ സംഘടനാബലം എന്നാൽ എന്താണ് ഇന്നത്തെ അവസ്ഥ എന്ന് ജപയജ്ഞമൊക്കെ കഴിയുമ്പോഴെങ്കിലും ചിന്തിച്ചാൽ നല്ലത്. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജപിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ!


