Tue. Nov 24th, 2026

തിരുവനന്തപുരം: വിവാദങ്ങളില്‍ താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ താന്‍ മറുപടി പറയാന്‍ വൈകിയത് സിനിമ തിരക്കുകള്‍ മൂലമാണ്. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇല്ലാതെ പോയത്. തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹൻലാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്നും വ്യക്തമാക്കി. ഹേമ കമ്മീഷ് മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയിരുന്നു. തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നതായും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും, ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ അഭിപ്രായം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. ഇത് ആദ്യമായാണു കേള്‍ക്കുന്നത്.കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് നിങ്ങള്‍ക്കറിയുന്ന അറിവുതന്നെയാണ് എനിക്കുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹേമകമ്മിറ്റി റിപോര്‍ട്ടില്‍ മറുപടി പറയേണ്ടത് സിനിമ മേഖല ഒമ്മടങ്കമാണ്.‘അമ്മ മാത്രമല്ല. എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു. എല്ലാ മേഖലയിലും തെറ്റായ പ്രവണതകളുണ്ട്. തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം. ഒരാളോ സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടിവന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ എം എം എ എന്നത് ഒരു ട്രേഡ് യൂണിയന്‍ സംഘടനയല്ല. അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് സംഘടന ഉണ്ടാക്കിയത്. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്.എ എം എം എയുടെ ചുമതല സ്വീകരിക്കാൻ പല ഘട്ടങ്ങളിലും മടിച്ചിരുന്നു. എല്ലാവരുമായി ആലോചിച്ചാണ് ഞാൻ എ എം എം എയിൽ നിന്ന് ഒഴിഞ്ഞത്. ഇത്രയും ദിവസം മാറി നിന്നത് വ്യക്തിപരമായ കാരണങ്ങളാൽ ആണ്. വല്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ എനിക്ക് പ്രതികരിക്കാൻ കഴിയില്ല. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരങ്ങളില്ല. എന്റെ കൈയിൽ അല്ല നിങ്ങളുടെ കൈയ്യിലാണ് കാര്യങ്ങൾ നിൽക്കുന്നതെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഒരുമിച്ചെടുത്ത തീരുമാനമാണ്. മുതിര്‍ന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആര്‍ക്കുവേണമെങ്കിലും എ എം എം എയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം.പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല.കേരളത്തില്‍ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം.

ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് എഎംഎംഎ സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം. വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. അത് നിശ്ചലമായി പോകും. സിനിമ വ്യവസായത്തെ ഒന്നായി തകര്‍ക്കുന്ന രീതിയിലേക്ക് വിവാദങ്ങള്‍ കൊണ്ടുപോകരുതെന്നും മോഹന്‍ലാല്‍ അഭ്യര്‍ഥിച്ചു.