Tue. Nov 24th, 2026

തിരുവനന്തപുരം: പ്രതിഷേധം കനത്തിട്ടും മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തില്‍ സി പി എം. ലൈംഗിക പീഡന പരാതികളില്‍ കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിച്ചശേഷം രാജിയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലെ നിലപാട്.

തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. നാള ചേരുന്ന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നല്‍കിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു.

മുകേഷിന്റെ രാജി കാര്യത്തില്‍ സി പി ഐ രണ്ടുചേരിയിലായി. രാജി ആവശ്യപ്പെട്ട് ആനി രാജയെ പോലുള്ള നേതാക്കള്‍ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ മുകേഷിന്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. രാജി കാര്യത്തില്‍ സി പി എമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്നാണ് ബിനോയ് വിശ്വം പറയുന്നത്.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എം എല്‍ എക്കെതിരെ പോലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെയാണ് എല്‍ ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെച്ചില്ലലോയെന്നാണ് ഇ പി പ്രതികരിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊല്ലത്തെ മുകേഷിന്റെ എംഎല്‍എ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വീടിന് സമീപവും പൊലീസ് സുരക്ഷ ശക്തമാക്കി.