✍️ സുരേഷ്. സി.ആർ
“നിങ്ങളുടെ സമ്പാദ്യം മുഴുവൻ മുടക്കി നിങ്ങൾ ഒരു ചലച്ചിത്രം നിർമ്മിക്കുമ്പോൾ, അതിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെല്ലാം ലോകത്തിലെ പൊതുമാധ്യമങ്ങളുടെ സംവേദന തലത്തിൽ നിന്നുകൊണ്ടായിരിക്കണം.’’ – ആറ്റൻബറോ.
സിനിമ സംവാദമാകണമെന്നും വിയോജിപ്പുകൾ സൃഷ്ടിക്കണമെന്നും ആഗ്രഹിച്ച ചലച്ചിത്രകാരനാണ് റിച്ചാർഡ് സാമുവൽ ആറ്റൻബറോ (1923 – 2014). ബ്രിട്ടീഷ് ചലച്ചിത്രമേഖലയിലെ അതികായൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ നമ്മൾ അറിയുന്നത് ‘ഗാന്ധി’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനെന്ന നിലയിലാണ്.
1969-ൽ, ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യമായി സംവിധാനം ചെയ്ത ‘ഓ! വാട്ട് എ ലവ്ലി വാർ’, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തെക്കുറിച്ചുള്ള 1987-ലെ ‘ക്രൈം ഫ്രീഡം’ എന്നിവ ചലിച്ചിത്രകാരനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ്.
വിൻസ്റ്റൺ ചർച്ചിലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ‘യങ് ചർച്ചിൽ’ (1972), ചാർളി ചാപ്ലിന്റെ ജീവിതം പറയുന്ന ‘ചാപ്ലിൻ’ (1992), ആർക്കിബാൾഡ് ബെലാനിയെക്കുറിച്ചുള്ള ‘ഗ്രേ ഔൾ’ (1999) തുടങ്ങിയവ അതാതു വ്യക്തിത്വങ്ങളെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രലോകത്തെ അത്യപൂർവ സൃഷ്ടികളാണ്.
കേംബ്രിഡ്ജിൽ ജനനം. റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ നിന്ന് ബിരുദം നേടിയതിന് ശേഷം സിനിമയിലെത്തി. 1942-ൽ പുറത്തിറങ്ങിയ ‘ഇൻ വിച്ച് വി സെർവ്’ ആണ് അഭിനയിച്ച ആദ്യ സിനിമ. 1947-ൽ ഗ്രഹാം ഗ്രീനിന്റെ നോവലിനെ അധികരിച്ച് പുറത്തിറങ്ങിയ ‘ബ്രൈറ്റൻ റോക്ക്’ തിരക്കുള്ള നടനാക്കി. 1960-ൽ ‘ദ ആംഗ്രി സൈലൻസ്’ എന്ന സിനിമയിലൂടെ നിർമാണ രംഗത്തെത്തി. ഈ സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

1982- ലാണ് ഗാന്ധിടെ ജീവിത കഥ സിനിമയാക്കുന്നത്. ലൂയിസ് ഫിഷറിന്റെ ‘ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അറ്റൻബറോ ഗാന്ധി നിർമിച്ചത്. 20 വർഷത്തോളം ഈ സിനിമക്ക് വേണ്ടി തയ്യാറെടുപ്പികൾ നടത്തി.
എട്ട് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിലൂടെ അദ്ദേഹം മികച്ച നിർമാതാവിനും സംവിധാനത്തിനും പുരസ്കാരം സ്വന്തമാക്കി. സിനിമയിൽ ഗാന്ധിയുടെ ശവസംസ്കാരച്ചടങ്ങുകൾ ചിത്രീകരിക്കുന്ന സീനുകളിൽ മാത്രം മൂന്ന് ലക്ഷത്തിലേറെ ആളുകളെ പങ്കെടുപ്പിച്ച് ഇക്കാര്യത്തിൽ സിനിമ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടുകയും മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ അഹിംസാത്മക സമാധാന സമ്മാനത്തിനും അർഹനായി.
ദ ഗ്രേറ്റ് എസ്കേപ്പ്, 10 റോളിങ്ടൺ പ്രേസ്, മിറാക്കിൾ ഓൺ തേർട്ടിഫോർത്ത് സട്രീറ്റ്, ദ സാന്റ് പെബിള്സ്, ഐ ആം ആൾ റൈറ്റ് ജാക്ക്, സിയാൻസ് ഓൺ എ വെറ്റ് ആഫ്റ്റർ ന്യൂൺ, ദ ഷിപ്പ് ദാറ്റ് ഡൈഡ് ഓഫ് ഷെയിം, ബ്രന്നിഗാൻ, ദ ഫ്ളൈറ്റ് ഓഫ് ഫീനിക്സ്, ഡോക്ടർ ഡോലിറ്റിൽ, ജുറാസിക് പാർക്ക്- ദ ലോസ്റ്റ് വേൾഡ് എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന സിനിമകൾ.
1976-ൽ പ്രഭു പദവി ലഭിച്ച ആറ്റൻബറോ, ടാറ്റെ ഗ്യാലറി, ചെൽസി ഫുട്ബോൾ ക്ലബ് തുടങ്ങിയ നിരവധി സംഘടനകളിൽ സജീവമായിരുന്നു.
‘ഗാന്ധി’ സിനിമ അനിശ്ചിതമായി മാറ്റി വയ്ക്കപ്പെടേണ്ടിവരും എന്ന കാരണത്താൽ ലണ്ടനിലെ നാഷണൽ തിയേറ്ററിന്റെ അസോസിയേറ്റ് ഡയറക്ടറാവാനുള്ള ഒലിവറിന്റെ ക്ഷണം ഒരിക്കൽ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
നാടക ചരിത്രത്തിൽ ഏറ്റവും ദീർഘകാലം കളിച്ചതിന് റെക്കോർഡിട്ട അഗത ക്രിസ്റ്റിയുടെ ‘ദ മൗസ് ട്രാപ്പ്’-ലെ ഡിക്റ്റടീവ് സർജന്റ് ട്രോട്ടറുടെ വേഷം 1952-ൽ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്.


