Sat. Nov 21st, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

രാമായണത്തെയും രാമനേയും സംബന്ധിച്ച് പലവിധ ചർച്ചകളും നടക്കുന്ന കാലമാണല്ലോ കർക്കടകമാസം. അക്ഷരം പഠിച്ച് രാമായണം വായിച്ചതിന് ഉടലോടെ കത്തിയ തീയ്യസ്ത്രീയാണ് കണ്ണൂരിൽ തോട്ടിൻകര ഭഗവതിയായി മാറിയത്. അത് പിന്നീട് തോട്ടിൻകര ഭഗവതി തെയ്യമായി കെട്ടിയാടപ്പെട്ടു. കേരളത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ നടക്കുന്ന ആചാരമായ തെയ്യത്തിൻ്റെ ഒരു വകഭേദമാണ് തോട്ടിൻകര ഭഗവതി തെയ്യം.

ചില തെയ്യങ്ങളുടെ ഉല്പത്തിക്കഥകളിൽ നിന്നും കേരളോല്പത്തിയെപ്പറ്റി വരെ ചരിത്രപാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് ഈ രംഗത്തെ ചരിത്രകാരന്മാർ പറയുന്നത്. പുതിയ കാലത്തോടും, പുതിയ തലമുറയോടും തോട്ടിൻകര ഭഗവതിയ്ക്ക് പലതും പറയാനുണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. നാടുവാഴിത്തത്തിനും സവർണ്ണ നെറികേടിനും ഇരയായ ഒരു പാവം തീയ്യസ്ത്രീയാണ് ഇതിലെ നായിക. രാമായണവുമായി ബന്ധപ്പെട്ട പലവിധ ചർച്ചകളും, വാദങ്ങളും, വിവാദങ്ങളും നടക്കുന്ന കാലത്ത് തോട്ടിൻകര ഭഗവതി തെയ്യം എന്തുകൊണ്ടും പ്രസക്തമാണ്.

ഇതൊരു കഥയോ, ഐതീഹ്യമോ പെരുപ്പിച്ച ചരിത്രമോ, മിത്തോ, പൊലിപ്പിച്ച യഥാർത്ഥ്യമോ ആകാം. അതേസമയം രാമായണം വായിക്കാൻ ഒരുകാലത്ത് തീയരും, ഈഴവരുമടക്കമുള്ള താണ ജാതിക്കാർക്ക് വിലക്കുണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പ്രത്യേകിച്ചും താണജാതി സ്ത്രീകൾക്ക്. രാമനും രാമായണവുമൊക്കെ ഇപ്പോൾ എന്തിൻ്റെ പ്രതീകമാണെന്ന് സാധാരണ മനുഷ്യനുപോലും അറിയാം.അധികാരസ്ഥാനങ്ങൾ സംരക്ഷിക്കാനും ഭിന്നസ്വരങ്ങളെ അടിച്ചമർത്താനും ഇന്ന് രാമനും രാമായണത്തിനും കഴിയും.

കണ്ണൂരിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ തോട്ടിൻകര ഭഗവതി തെയ്യം കെട്ടിയാടാറുള്ളൂ. രൗദ്രഭാവം രൂപംപൂണ്ട തെയ്യങ്ങളിലൊന്നാണിത്.അക്ഷരം പഠിച്ചതിനും അക്ഷരമോതിയതിനുമാണ് ഒരു തീയ്യസ്ത്രീ ഉടലോടെ കത്തിയത്. പ്രതിഷേധത്തിൻ്റെ തീപ്പന്തങ്ങൾ ശരീരത്തിന് ചുറ്റും ആവാഹിച്ച് തലയിൽ കത്തുന്ന തീയുമായി ഉത്സവ സമയത്ത് അവൾ കാവുകളിൽ ഇറങ്ങും.കനലാണ് അവളുടെ കണ്ണിൽ എരിയുന്നത്.വെറും കനലല്ല,ചെങ്കനൽ. നെഞ്ചിൽ നെരിപ്പോടുമായി വന്ന് നിങ്ങളെന്തിനെന്നെ കൊന്നുവെന്ന ചോദ്യം അവൾ പുരുഷാരത്തോട് ചോദിക്കും.ഒരു പാവം പഴയ തീയ്യത്തിപ്പെണ്ണ് തോട്ടിൻകര ഭഗവതിയെന്ന അമ്മദൈവമായി പുനരവതരിച്ചു നിറഞ്ഞാടുമ്പോൾ പോയ കാലത്ത് അടിച്ചമർത്തപ്പെട്ട അധഃസ്ഥിതരായ സ്ത്രീകളുടെ പ്രതീകമായി അവൾ മാറുകയാണ്.

പ്രാചീന കേരളത്തിൽ നടമാടിയിരുന്ന സവർണ്ണമേധാവിത്വവും, പുരുഷമേധാവിത്വവും, നാടുവാഴി ഭരണവും താണജാതിക്കാരായ സ്ത്രീകൾക്ക് മേൽ പല രീതിയിൽ പീഡനങ്ങൾ അടിച്ചേൽപ്പിച്ചിരുന്നു. അത്തരത്തിൽ കൊടിയ ക്രൂരതയ്ക്കിരയായ തീയ്യപ്പെണ്ണാണ് തോട്ടിൻങ്കര ഭഗവതി. ഒരു തീയ്യത്തി പെണ്ണ് തോട്ടിൻകര ഭഗവതിയായതിന് പിന്നിലെ കഥ ഇങ്ങനെ –

അവൾ നൊന്തുപെറ്റ പന്ത്രണ്ട് മക്കളും അകാലത്തിൽ മരിച്ചു.അതിൽ മനംനൊന്ത് ഒരിത്തിരി മന:സമാധാനവും ദുരിതപർവങ്ങളും മാറിക്കിട്ടുമെന്ന് ധരിച്ച് അവൾ സ്വന്തം കുടിയിലിരുന്ന് രാമായണ പാരായണം നടത്തുകയായിരുന്നു. ആ സമയം അന്നാട്ടിലെ നാടുവാഴിയുടെ കാര്യസ്ഥൻ അതുവഴി വന്നു.അതി മനോഹരമായി രാമായണം വായിയ്ക്കുന്ന സ്ത്രീശബ്ദം കാര്യസ്ഥൻ കേൾക്കുന്നു. ശബ്ദസാന്നിദ്ധ്യം ലക്ഷ്യം വച്ച് ചെന്നു നോക്കിയപ്പോൾ ഒരു തീയ്യസ്ത്രീ വിളക്കുകത്തിച്ച് വച്ച് ചമ്രം പടിഞ്ഞിരുന്ന് രാമായണം വായിക്കുന്നു. കാര്യസ്ഥൻ ഈ രംഗം കണ്ട് ക്ഷോഭിക്കുന്നു.

“എന്ത് ? തീയ്യസ്ത്രീ രാമായണം വായിക്കുന്നോ? നിനക്കും അക്ഷരമോ? കലികാലം എന്നല്ലാണ്ട് എന്താ പറയുക? രാമായണം വായിച്ചാൽ നാവറുക്കേണ്ട, കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കേണ്ട ഒരു ചണ്ഡാലപ്പെണ്ണ്. നിനക്കും രാമായണമോ” യെന്ന് ചോദിച്ച് കാര്യസ്ഥൻ കേട്ടപാതി കേൾക്കാത്ത പാതി വിവരം നാടുവാഴിയെ അറിയിക്കുന്നു.

‘നാടുവാഴി തമ്പുരാൻ’ അവളെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി ചോദ്യവും ഭേദ്യവും ചെയ്തു. അവൾ അക്ഷരം പഠിച്ചിട്ടുണ്ടെന്നും കേട്ട കാര്യങ്ങളെല്ലാം ശരിയാണെന്നും നിഗമനത്തിലെത്തുന്നു. ക്ഷുഭിതനായ നാടുവാഴി അവളെ കൊന്നുകളയാൻ ഉത്തരവിട്ടു. നഗ്നയാക്കി തലയിൽ നെരിപ്പോടും തീപ്പന്തവും വച്ച് കൊല്ലാനായിരുന്നു നാടുവാഴിയുടെ കല്പന.

തലയിൽ ആളിപ്പടർന്ന അഗ്നിയുമായി അവിടെനിന്നും ഇറങ്ങിയോടിയ ആ തീയ്യപ്പെണ്ണ് സമീപത്തെ തോട്ടിൽ ചാടി തീയണച്ചു. മരണ വെപ്രാളത്തോടെ തൊട്ടടുത്തുള്ള ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചു. അവിടുത്തെ തറവാട്ടമ്മ അവൾക്ക് കുടിക്കാൻ വെള്ളവും നഗ്നതമറയ്ക്കാൻ വസ്ത്രവും നൽകി. അല്പസമയത്തിനുള്ളിൽ തീയ്യത്തി അവിടെ മരിച്ചുവീണു.

ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും സ്ത്രീയുടെ മൃതദേഹം തറവാട്ടിൽ ദഹിപ്പിക്കുന്നു. അങ്ങനെ തീയ്യസ്ത്രീ തോട്ടിൽകര ഭഗവതിയായി. ആ നാമത്തിൽ അവളെ കെട്ടിയാടാൻ കുടുംബം തീരുമാനിച്ചു. കണ്ണൂരിലെ വളരെ അപൂർവ്വം കാവുകളിൽ മാത്രമേ തോട്ടിൻങ്കര ഭഗവതി കെട്ടിയാടാറുള്ളു.

കുരുത്തോല തിരുമുടിക്കു മുകളിൽ കത്തുന്ന തിരികളും അരയിൽ തീപ്പന്തങ്ങളുമായി രാത്രി ഏറെ വൈകി കാവുകളിൽ കെട്ടിയാടുന്ന ഈ തെയ്യക്കോലം കാഴ്ച്ചക്കാരിൽ ഭയം ജനിപ്പിക്കുന്നതാണ്. ചുറ്റും കത്തിച്ചു പിടിച്ച അനേകം ഓല ചൂട്ടുകളുടെ ചുവന്ന വെളിച്ചത്തിലാണ് തെയ്യത്തിൻ്റെ നിറഞ്ഞാട്ടം.തോട്ടിൻകര ഭഗവതിയെന്ന അമ്മദൈവത്തെ കാണാൻ ദൂരദേശങ്ങളിൽ നിന്നു പോലും ഇപ്പോഴും ഭക്തർ ഈ തെയ്യം കെട്ടിയാടപ്പെടുന്ന പ്രദേശങ്ങളിൽ എത്താറുണ്ട്.