Sun. Nov 22nd, 2026

✍️ ലിബി.സി. എസ്

മാധ്യമം ദിനപത്രത്തിൽ ‘രാമായണ സ്വരങ്ങൾ’ എന്നപേരിൽ ഡോ. ടിഎസ് ശ്യാംകുമാർ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനപരമ്പരയിലൂടെ രാമായണ വിമർശനം നടത്തിയെന്നതിൻറെ പേരിൽ മാധ്യമം ദിനപത്രത്തിനും ഡോ. ടി. എസ് ശ്യാം കുമാറിനും എതിരെ ശശികലയും ഹിന്ദുത്വവാദികളും ഭീഷണി തുടങ്ങിയിരുക്കുകയാണല്ലോ? രാമായണ വിമർശനം നടത്തുന്നവർക്കെതിരെ ഹിന്ദുത്വവാദികൾ തിരിയുന്നത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമൊന്നും ഇതാദ്യത്തെ സംഭവമല്ല.ഡോ. കെ. എസ് ഭഗവാന് ഹിന്ദുത്വവാദികൾ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത് രാമായണ വിമർശനത്തിന്റെ പേരിലാണ്.

2015ൽ ഡോ എം എം ബഷീർ മാതൃഭൂമി പത്രത്തിൽ രാമായണത്തെ കുറിച്ച് കോളം ചെയ്തപ്പോൾ ഇവർ മാതൃഭൂമിക്കും ഡോ എം എം ബഷീറിനും എതിരെ രംഗത്തുവന്നിരുന്നു. വാനരസേന മാതൃഭൂമി ഓഫീസിലേക്ക് മാർച്ച് നടത്തി. അഞ്ചുദിവസത്തെ കൊളത്തോടെ പൂർണ്ണമാക്കാതെ അദ്ദേഹത്തിന് എഴുത്ത് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മാതൃഭൂമി പത്രം ഈ വിഷയത്തിൽ നിശബ്ദത പാലിച്ചതിന് കാരണം അവരുടെ ബിസിനസ് താല്‍പര്യങ്ങളാവാം. സര്‍ക്കുലേഷനെ ബാധിക്കുമോ എന്ന വേവലാതി ഉണ്ടായിക്കാണും. അവരുടെ ഇത്തരം പ്രശ്‌നങ്ങളെ കൂടി നമ്മള്‍ പരിഗണിക്കണം. അതാണല്ലോ ഹരീഷിൻറെ മീശയ്ക്കും സംഭവിച്ചത്? എന്നാല്‍ ബഷീര്‍ എഴുത്ത് നിര്‍ത്തരുതായിരുന്നു. ഡോ. എം എം. ബഷീർ മലയാള സാഹിത്യ ലോകത്തെ അതികായനായിരുന്നു. ആശാനെക്കുറിച്ചും, വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും, ഖുറാനെ കുറിച്ചും , ശ്രീനാരായണ ഗുരുവിനെക്കുറിച്ചും, രാമായണത്തെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ പഠനങ്ങളും ലേഖനങ്ങളുമൊക്കെ അതിന് മുൻപേ അദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷെ 2015 ൽ അദ്ദേഹം കേരളത്തിൽ വെറും മുസ്ളീം മാത്രം ആയിമാറി. അതാണ് പുനരുത്ഥാന കേരളം.

ഇപ്പോൾ ഡോ. ടി എസ് ശ്യാംകുമാർ മാധ്യമത്തിൽ എഴുതുന്നു എന്നതാണ് ഉയർത്തിക്കാട്ടുന്നത്. മാധ്യമം മാനേജ്‌മെന്റിന്റെ മതമാണ് പ്രശ്‌നം. എല്ലാ വര്‍ഷവും ഈ സംഘികളുടെ രാമായണമാസത്തിൽ മാധ്യമത്തിലും എല്ലാദിവസവും രാമായണത്തെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വരാറുണ്ട്. ഇത്തവണ അതെഴുതുന്നത് ഡോ.ശ്യാംകുമാർ ആണെന്നേയുള്ളൂ. ശ്യാംകുമാറിന്റെ വീക്ഷണങ്ങളോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ പത്രത്തിലോ മാധ്യമം പത്രത്തിലോ തന്നെ എതിരഭിപ്രായങ്ങൾ എഴുതാമല്ലോ?

മാധ്യമത്തിൽ അല്ലാതെ വേറേതെങ്കിലും പത്രത്തിൽ ശ്യാം കുമാറിന് രാമായണ വിമർശനം നടത്തിക്കൂടെ എന്നാണ് ചിലരുടെ ചോദ്യം, ഇവിടെ രാമായണ മാഹാത്മ്യങ്ങൾ അല്ലാതെ രാമായണ വിമർശനം പ്രസിദ്ധീകരിക്കാൻ ദേശാഭിമാനിയോ ജനയുഗമോ പോലും ധൈര്യം കാണിക്കാത്ത കാലത്താണ് ഈ ചോദ്യം എന്നതാണ് കോമഡി. മാധ്യമം മാനേജ്‌മെന്റിൻറെ അടുത്ത് എംഎം ബഷീറിനെ കാര്യത്തിൽ ഇറക്കിയ പഴയ ഭീഷണി ഓടില്ലെന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. മാതൃഭൂമിയെ പോലെ സർക്കുലേഷനെ ബാധിക്കുമോ എന്ന് ഭയക്കാൻ മധ്യമത്തിന്റെ സർക്കുലേഷൻ സംഘികൾക്കിടയിൽ അല്ലല്ലോ?

“മാധ്യമം’മാധ്യമ ധർമ്മം മറക്കുന്നുവോ?” എന്നുചോദിച്ച് ശശികല ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. കൂടാതെ ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ നിയമനടപടി സ്വീകരിക്കാൻ പോകുന്നു എന്നൊക്കെപറഞ്ഞു പത്രസമ്മേളനം നടത്തിയതായി ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റും ഇട്ടിരിക്കുന്നതും കുറേപ്പേർ അതിനടിയിൽ ശ്യാംകുമാറിനെതിരെയും മാധ്യമത്തിനെതിരെയും വർഗീയക്കുരു പൊട്ടിക്കുന്നതും കണ്ടു. ഒരു ലേഖനം പ്രസിദ്ധീകരിച്ചാൽ എന്തു നിയമനടപടിയാണാവോ? കേസില്ലാവക്കീലിന് കുറച്ചു നാളത്തേയ്ക്ക് ഒരു കേസാകട്ടെ!

അന്ന് എംഎം ബഷീറിൻറെ കാര്യത്തിൽ പത്രം ഹിന്ദു മാനേജ്‌മെന്റിന്റെ ആയിരുന്നെങ്കിലും എഴുത്തുകാരൻ മുസ്ലിം നാമധാരിയായിരുന്നു എന്നതാണ് വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചത്. ഇന്ന് പണ്ടേ സംഘികളുടെ കണ്ണിലെ കരടായ ഡോ. ടി. എസ്. ശ്യാമിനെയും മാധ്യമത്തെയും ടാർജറ്റ് ചെയ്തുകൊണ്ടുള്ള വിദ്വേഷ പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്.

ഏറെക്കുറെ എല്ലാ മാധ്യമങ്ങളും അവര്‍ക്കൊപ്പാണ്. അവരാണ് സമൂഹത്തില്‍ അഭിപ്രായം രൂപീകരിക്കുന്നവരായി പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അവരാണ് മലയാളികളുടെയും ഇന്ത്യക്കാരുടെയും ബോധനിലവാരത്തെപോലും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍നിന്ന് പുറത്തുകടക്കുകയാണ് വേണ്ടത്. ജനങ്ങളുടെ ചിന്താഗതിയെയാണ് മാറ്റേണ്ടത്. അത് വലിയ പ്രയത്മാണ്. അതാണ് ഡോ. ശ്യാമിനെപ്പോലെ അപ്പൂർവം ചിലരെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത്.

ഡോ. ടി. എസ്. ശ്യാമിനും മാധ്യമത്തിനും ജനാധിപത്യ സമൂഹം ഐക്യദാർഢ്യം നൽകുകയാണ് വേണ്ടത്.