അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനത്തിന് മുൻപിൽ മുൻജീവനക്കാരായ പെൺകുട്ടികളുടെ പ്രതിഷേധം. ശമ്പളം നൽകാതെ കബളിപ്പിക്കപ്പെട്ട ഇരുപതിലധികം പെൺകുട്ടികൾ പോലീസിലും ലേബർ ഓഫീസർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്നാണ് AKSMA എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ കണ്ണൂർ മുതൽ ഇടുക്കി വരെയുളള പെൺകുട്ടികളെ സംഘടിപ്പിച്ച് ഷഫീന ബീവിയുടെ നേതൃത്വത്തിൽ ഒലീവിയ ഡിസൈൻസിന് മുന്നിൽ പ്രതിഷേധം ഒരുക്കിയത്.
80,000 രൂപ വീതം ഓരോ കുട്ടികൾക്കും ശമ്പള കുടിശിഖയായി സ്ഥാപനം നൽകാൻ ഉണ്ടെന്നും. കൂടാതെ അവരുടെ മൊബൈൽ ഫോണുകളും സിംകാർഡുകളും സ്ഥാപന ഉടമ നിയമവിരുദ്ധമായി പിടിച്ചു വെച്ചിരിക്കുകയാണെന്നും ഷഫീന ബീവി പറഞ്ഞു, മാത്രമല്ല 6 പെൺകുട്ടികൾ ലൈംഗീക ചൂഷണത്തിനും വിധേയമായിട്ടുണ്ടെന്നും ആ സംഭവത്തിനും കേസുകൊടുത്തിട്ട് പോലീസ് കേസ് എടുക്കുന്നില്ലെന്നും ഷഫീന പറഞ്ഞു, ലൈംഗീക ചൂഷണത്തിനിരയായ പെൺകുട്ടികൾ പോലീസിൽ നിന്നും നീതിലഭിക്കാത്തതിനെ തുടർന്ന് അടൂർ കോടതിയിൽ ഒരു അഭിഭാഷകൻ മുഖേന സിഎംപി കൊടുക്കാൻ സമീപിച്ചിരുന്നെങ്കിലും അയാളും പെൺകുട്ടികളിൽനിന്നും 25000 രൂപ വാങ്ങിയെടുത്തിട്ട് സ്ഥാപന ഉടമയ്ക്കൊപ്പം ചേരുകയും പണം തിരികെ കൊടുക്കാതെ വക്കാലത്ത് ഒഴിയുകയും ചെയ്തതായി ഷഫീന പറഞ്ഞു.
ഈ വിഷയത്തിൽ ഉടൻ നിയമ നടപടി സ്വീകരിക്കുമെന്നും. പെൺകുട്ടികൾക്കു കിട്ടാനുള്ള ശമ്പളകുടിശിഖയും മൊബൈൽ ഫോണും സിം കാർഡുകളും തിരിച്ചു കിട്ടുംവരെ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് AKSMA കൂട്ടായ്മ എന്ന് ഷഫീന പറഞ്ഞു. ഭാവി സമരപരിപാടികൾ അടുത്തദിവസം പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്നും. അതിൻറെ മുന്നോടിയായി ജില്ലാ കളക്റ്റർക്കും പത്തനംതിട്ട എസ്പിക്കും പരാതി നൽകുമെന്നും കുട്ടികളും ഷഫീനയും പറഞ്ഞു.
20000 രൂപ സാലറിയും അക്കോമഡേഷനും ഫ്രീയായി നൽകുമെന്നു പറഞ്ഞാണ് പെൺകുട്ടികളെ ഇവർ ജോലിക്കെടുക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഇന്റർവ്യൂ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒലിവിയ ഡിസൈൻസിൽ പരസ്യത്തിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നുമല്ല നടക്കുന്നത് എന്നാണ് അവിടെ ജോലി ചെയ്തവർ പറയുന്നത്.
ഇരുപതിനായിരം രൂപ ശമ്പളമുണ്ടെന്ന് പറയുന്ന ജോലിയിൽ കയറാൻ 10,000 രൂപ ബോണ്ട് ചെയ്യിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. മാത്രമല്ല പിന്നീട് ഇൻഷുറൻസും പിഎഫ് ഉം മറ്റെന്തൊക്കെയോ കട്ട് ചെയ്തതായി പറഞ്ഞു ബാക്കി 8000 രൂപയായിരിക്കും കയ്യിൽ കിട്ടുക. അതുതന്നെ കുടിശിഖയാണ്.
മാത്രമല്ല ജോലിയിൽ കയറിക്കകഴിഞ്ഞാൽ പരസ്യം ചെയ്യുമ്പോലെ പലർക്കും അവിടെ ഒരു ഫിക്സഡ് സാലറിയില്ല. കമ്മീഷൻ ആണ് ഉള്ളത്. ഒരാൾ എത്ര രൂപയ്ക്ക് ജോലി ചെയ്യുന്നോ ആ പൈസയുടെ 10% ആണ് അയാളുടെ സാലറി. ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീയാണ് എന്ന് പറഞ്ഞതിനുശേഷം 1500 രൂപ അതിനും വാങ്ങും എന്ന് മുൻ ജീവനക്കാർ പറയുന്നു.
ട്രെയിനിംഗാണ് എന്നു പറഞ്ഞ് ആദ്യത്തെ 15 ദിവസം ഫ്രീ ആയിട്ടാണ് ജോലി ചെയ്യിപ്പിക്കുന്നത്. അതിനുശേഷം മിക്കപ്പോഴും ജോലിയില്ല എന്ന് പറഞ്ഞ് ജോലിയിൽനിന്നും പറഞ്ഞു വിടുകയും ചെയ്യും. എല്ലാ ആഴ്ചയും ഇന്റർവ്യൂ നടത്തി പുതിയ ജോലിക്കാരെ എടുത്തുകൊണ്ടിരിക്കുന്നതിനാൽ എപ്പോഴും സൗജന്യ ജോലിക്കാരെ ലഭിക്കുകയും ചെയ്യും. വലിയ തൊഴിൽതട്ടിപ്പും ചൂഷണവുമാണിവിടെ നടക്കുന്നത്.
ജോലി ചെയ്തതിനുശേഷം പൈസ പല കാര്യങ്ങൾക്കുള്ള ഫൈൻ ആണ് എന്ന് പറഞ്ഞാണ്കട്ട് ചെയ്യും. പരാതി കൊടുക്കുകയോ എതിർത്ത് സംസാരിക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക് വളരെ മോശമായ അനുഭവമാണ് ലഭിക്കുന്നത്. പോലീസുകാർ ഒക്കെ ഞങ്ങളുടെ ആണ് ഇത് ഞങ്ങളുടെ നാടാണ് എന്നൊക്കെ പറഞ്ഞാണ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുക. കഴിഞ്ഞദിവസം ഇത്രയും പെൺകുട്ടികൾ ആ സ്ഥാപനത്തിന് മുന്നിൽ ബഹളമുണ്ടാക്കിയിട്ടും അവിടുത്തെ ലോക്കൽ രാഷ്ട്രീയക്കാർ ആരും എന്താണ് പ്രശ്നമെന്ന് പോലും അന്വേഷിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ലെന്നും, എല്ലാവരും സ്ഥാപന ഉടമയ്ക്കൊപ്പമാണെന്നും പെൺകുട്ടികൾ പറയുന്നു, ഇതിനുമുമ്പും ഇവർക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട് അപ്പോൾ എല്ലാം ഒരു സിപിഎം നേതാവായിരുന്നു ഇടപെട്ട് ഇവരെ സംരക്ഷിച്ചിരുന്നതെന്ന് മുൻജീവനക്കാർ പറയുന്നു.


