Sat. Nov 7th, 2026

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹരജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

നേരത്തെ കെജ്‌രിവാളിന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മെയ് 17ന് ബഞ്ച് ഹരജി വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരുന്നു. മനീഷ് സിസോദിയയുടെ അറസ്റ്റിന് ശേഷം കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്ന എന്ത് തെളിവുകളാണ് പുറത്ത് വന്നതെന്നും അത് വ്യക്തമാക്കി റിപോർട്ട് സമർപ്പിക്കാനും ബഞ്ച് ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാളിന്റെ വാദം.