കല്‍പ്പറ്റ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വാഹന നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയ സംഭവത്തില്‍ നടപടിയുമായി വയനാട് മോട്ടോര്‍ വാഹന വകുപ്പ്. ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം കരിമ്പട്ടികയില്‍ പെടുത്തി. വാഹനത്തിന്റെ ആര്‍ സി സസ്‌പെന്‍ഡ് ചെയ്യാന്‍ മലപ്പുറം ആര്‍ ടി ഒയോട് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.
രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര നടത്തിയതും വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്.
വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. ലൈസന്‍സ് വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഈ കുറ്റം ഒഴിവാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ സാഹചര്യത്തില്‍ വാഹനത്തിന്റെ ആര്‍ സി സസ്‌പെന്റ് ചെയ്യാനും വയനാട് എംവിഡി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വയനാട്ടില്‍ ആകാശ് തില്ലങ്കേരി നടപടിക്കിടയാക്കിയ യാത്ര നടത്തിയത്.

