✍️ സുരേഷ്. സി.ആർ
“ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ
ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ…”
നവോത്ഥാനപ്രയത്നങ്ങളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുന്നതിലും ജാതിവിരുദ്ധ സമരങ്ങൾക്കും അടിമ വിമോചനത്തിനുംവേണ്ടി സമാനതകളില്ലാത്ത പോരാട്ടം സംഘടിപ്പിക്കുകയും ചെയ്ത നവോത്ഥാന നായകരിലെ മുൻനിരക്കാരനാണ് പൊയ്കയിൽ അപ്പച്ചൻ എന്ന കുമാരഗുരു (1878 – 1939). സ്വയം ദൈവമെന്ന് പ്രഖ്യാപിച്ച് പിആർഡിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘പ്രത്യക്ഷ രക്ഷാദൈവസഭ’യുടെ സ്ഥാപകനാണ്. കൊമരൻ, കുമാരൻ, യോഹന്നാൻ, പൊയ്കയിൽ ഉപദേശി അപ്പച്ചൻ തുടങ്ങി പന്ത്രണ്ടോളം പേരുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.
ക്രിസ്തീയ സഭകളിൽ നിലനിന്നിരുന്ന നഗ്നമായ ജാതിവിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് സാമൂഹ്യരംഗത്തേക്കുള്ള തന്റെ ചുവടുകൾ വയ്ക്കുന്നത്. സവർണജാതീയതയുടെ ക്രൂരതകളിൽനിന്നും രക്ഷ നേടാൻ ക്രൈസ്തവസഭകളിൽ ഇടംനേടിയ ദളിതർക്ക് അവിടെയും ജാതിവിവേചനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ആധുനിക കേരളസൃഷ്ടിക്കു കാരണമായ സംയുക്തരാഷ്ട്രീയസഭയും നിവർത്തനപ്രക്ഷോഭവും അയിത്തവിരുദ്ധപോരാട്ടങ്ങളും ക്ഷേത്രപ്രവേശനസമരങ്ങളും കർഷകത്തൊഴിലാളിപ്രക്ഷോഭങ്ങളും മറ്റും രൂപപ്പെടുന്നതിനും വിജയിക്കുന്നതിനും പശ്ചാത്തലമൊരുക്കുന്നതിൽ പൊയ്കയിൽ കുമാരഗുരുവിന്റെ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ ജനനം. തേവർക്കാട്ട് പള്ളിക്കൂടത്തിൽ നിന്ന് കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രമേ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചുള്ളൂ. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു മാതാപിതാക്കൾ. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന്, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി.

കുട്ടിക്കാലത്തുതന്നെ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്ന മടവതിയുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പട്ടപ്പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു.
ഹിന്ദുമതത്തിനുള്ളിലെ ജാതികൾക്കും ഉപജാതികൾക്കുമുള്ളിൽ തുടർന്നുവന്ന ഉച്ചനീചത്വങ്ങൾകാരണം മതപരിവർത്തനത്തിന് തയ്യാറായ ‘അധഃസ്ഥിത’ർക്ക് ക്രിസ്തുമതത്തിനുള്ളിലും വിവേചനം അനുഭവിക്കേണ്ടിവന്നു. സവർണാവർണവിവേചനം മാർത്തോമാസഭയ്ക്കുള്ളിലും നിലനിൽക്കുന്നത് യോഹന്നാൻ തിരിച്ചറിഞ്ഞു. പുലയ‐പറയ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്യപ്പെട്ടവർ ദളിതക്രിസ്ത്യാനികളായി അറിയപ്പെട്ടതും അവർക്ക് സവർണപള്ളികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതും ദളിതർക്കായി പ്രത്യേകം പള്ളികൾ സ്ഥാപിക്കപ്പെട്ടതും അദ്ദേഹത്തെ അലട്ടി. വിവേചനങ്ങൾക്കെതിരെ സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ഏർപ്പെടാൻ അദ്ദേഹം തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
ക്രിസ്തുമതത്തിനുള്ളിലെ സവർണ‐അവർണവിവേചനം ഇല്ലാതാക്കാൻ ദളിതക്രൈസ്തവരും സവർണക്രൈസ്തവരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. തന്റെ പരിഷ്കരണശ്രമങ്ങൾ മാർത്തോമാസഭയ്ക്കുള്ളിൽ മാറ്റം സൃഷ്ടിക്കുന്നില്ലെന്നു മനസ്സിലാക്കി ബ്രദറൻസഭയിൽ ചേർന്നു. എന്നാൽ, അവിടെയും വിവേചനങ്ങൾ കണ്ടതോടെ സ്വന്തമായി മറ്റൊരു സഭയ്ക്ക് രൂപംനൽകി. അതാണ് 1910ൽ രൂപീകരിച്ച പ്രത്യക്ഷരക്ഷാദൈവസഭ (പിആർ ഡിഎസ്). മുതലപ്രയിൽ നടന്ന യോഗത്തിലെ പ്രസംഗം ബ്രിട്ടീഷ് വിരുദ്ധമാണെന്ന പ്രചാരണത്തെ തുടർന്ന് പൊലീസ് നിർദേശപ്രകാരം അദ്ദേഹം ചങ്ങനാശേരി രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. ജഡ്ജിയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് കോടതിമുറിയിൽ തന്റെ സഭയുടെ പേര് പ്രത്യക്ഷ രക്ഷാദൈവസഭ (പിആർഡിഎസ്) എന്നദ്ദേഹം പ്രഖ്യാപിച്ചത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമൻ ചാരൻ എന്ന മുദ്രകുത്തപ്പെട്ട് തടവിലായി. ‘സമാധാനം, സമാധാനം, ലോകത്തിന് സമാധാനം’ എന്ന സാമ്രാജ്യത്വവിരുദ്ധ പ്രചാരണം നടത്തിയതിനാണ് അറസ്റ്റും തടവും. കുമാര ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന ‘മാരങ്കുളം സമാധാനജാഥ’ കേരളത്തിൽ നടന്ന ആദ്യത്തെ സാർവദേശീയമാനമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രതികരണങ്ങളിലൊന്നാണ്.
1921, 1931 എന്നീ വർഷങ്ങളിൽ അധഃസ്ഥിതരുടെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭൂരഹിതർക്ക് ഭൂമി നൽകുക, താണജാതിയിൽപ്പെട്ടവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുക, സർക്കാർ സർവ്വീസിൽ സംവരണം നൽകുക തുടങ്ങിയ വിപ്ലവകരമായ ആവശ്യങ്ങൾ പ്രജാസഭയുടെ മുന്നിൽ വെച്ചു. സർക്കാരിന്റെ അനുമതിയോടെ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറിൽ ആരംഭിച്ചു.
2006-ൽ വി.വി.സ്വാമി, ഇ.വി.അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.

