Fri. Nov 20th, 2026

കോഴിക്കോട്: സംവരണമല്ല ജാതി വ്യവസ്ഥയാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളിയെന്ന് സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ. സോമപ്രസാദ്. ജാതി വ്യവസ്ഥയാണ് എക്കാലത്തും ഇന്ത്യാ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തി മനുഷ്യരെ പല കള്ളികളിലാക്കി നിർത്തുന്നത്. ജാതി വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ജാതിസംവരണം വേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡതക്ക് ജാതിസംവരണം വെല്ലുവിളി ഉയർത്തുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ. ജി.സുകുമാരൻ നായർ എൻ എസ് എസിന്‍റെ ബജറ്റ് സമ്മേളനത്തിൽ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെ .സോമപ്രസാദ്. ജാതി സംവരണത്തിനന്ത്യം കുറിക്കുന്നതിനായി കീഴ്മേൽ ശ്രേണീബന്ധമായി പ്രവർത്തിക്കുന്ന ജാതി വ്യവസ്ഥ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാനും അതിന്‍റെ ആദ്യപടിയായി എൻഎസ്എസ് എന്ന ജാതി സംഘടനയെ പിരിച്ചുവിടാനും ശ്രീ ജി. സുകുമാരൻ നായർ തയ്യാറാകുമോ? എന്ന് അദ്ദേഹം ചോദിച്ചു.

എനിക്ക് ഹിന്ദുവാകേണ്ട; നായരായാല്‍ മതിയെന്നു തീരുമാനിച്ച് സമുദായ പ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് ശ്രീ. ജി. സുകുമാരൻ നായർ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ? ജാതി വിവേചനം അരക്കിട്ടുറപ്പിക്കുന്ന പണിയാണ് ജാതി സംഘടനകൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ജാതി നിലനിൽക്കും കാലം ജാതി വിവേചനവും അതിനെ ആസ്പദമാക്കിയുള്ള ജാതി സംവരണവും നിലനിൽക്കും സ്വാതന്ത്ര്യം കിട്ടി 76 വർഷങ്ങൾ പിന്നിടുമ്പോഴും ജാതി സംവരണം തുടരേണ്ടി വരുന്നത് അധികാരവും സമ്പത്തും കൈവശം വെച്ച് അനുഭവിച്ചു വരുന്ന സവർണ്ണ സമ്പന്ന വിഭാഗം ദളിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്കര്‍ഹതപ്പെട്ട വിഹിതം അവര്‍ക്കു വിട്ടു നല്കാത്തതുകൊണ്ടുകൂടിയാണ്. അർഹതയുള്ളത് മാത്രമേ കൈവശമുള്ളൂ എങ്കിൽ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിനെ എന്തിനാണ് സവര്‍ണ സംഘടനകൾ ഭയപ്പെടുന്നതും എതിർക്കുന്നതും? എന്ന് സോമപ്രസാദ് ചോദിച്ചു.

ജാതി സംവരണം നിലനിൽക്കുന്നത് വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ യോഗ്യതയിൽ വെള്ളം ചേർക്കുമെന്ന് വിലപിക്കുമ്പോൾ എൻ എസ് എസിന്‍റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമങ്ങളും മാനേജ്മെൻറ് സീറ്റിലെ വിദ്യാർഥി പ്രവേശനവും അപേക്ഷകരുടെ യോഗ്യത മാത്രം മാനദണ്ഡമാക്കി നടത്താൻ എൻഎസ്എസ് തയ്യാറാവുമോ? എന്നദ്ദേഹം ചോദിച്ചു.

സംവരണ ആനുകൂല്യം ഉള്ളവർക്കും നിശ്ചിത ജോലിക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യത വേണമെന്നും അതിൽ യാതൊരു ഇളവും ഇല്ലെന്നും ശ്രീ.ജി സുകുമാരൻനായർ ഓർക്കണം. മാത്രമല്ല ഇ ഡബ്ല്യു എസ്(EWS) വന്നതോടെ സംവരണത്തിന് ആനുകൂല്യം ലഭ്യമാകാത്ത ഒരു ജനവിഭാഗവും ഇന്ന് ഇന്ത്യയിൽ ഇല്ലെന്നും കെ സോമപ്രസാദ് പ്രസ്താവയനിൽ പറഞ്ഞു.