Sun. Nov 22nd, 2026

കണ്ണൂര്‍: സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഫേസ്ബുക്കില്‍ ഭീഷണിമുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കില്‍ എഴുതിയത്.

റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിന് താഴെയിട്ട കമന്റിലാണ് ഈ പ്രതികരണം. ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന ആരോപണം വീണ്ടും ചര്‍ച്ചയായതിനു പിന്നാലെ ഫേസ്ബുക്കില്‍ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാല്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്.

ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന നിര്‍ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത് സി പി എം വിട്ടതുകൊണ്ടാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോള്‍ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞു.

ക്വാറി മുതലാളിമാര്‍ക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നോക്കിയതും മകനെയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും ഇക്കാര്യങ്ങളില്‍ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും മനു തോമസ് കുറിപ്പില്‍ പറഞ്ഞിരുന്നു.