Sun. Nov 22nd, 2026

ഐ.എ.എസ് ഓഫീസറും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടറുമായ ദിവ്യ എസ് അയ്യർക്ക് എതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണം. കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥയായ ദിവ്യ ഗുരുതര പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന വാർത്തകളെ തുടർന്നാണ് അന്വേഷണം.

മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട കളക്ടറുട ഔദ്യോഗിക വസതി സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു ഇതെന്ന് കോൺഗ്രസ്സ് നേതാവും ദിവ്യ എസ് അയ്യരുടെ ഭർത്താവുമായ ശബരിനാഥൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. കളക്ടറുടെ ഔദ്യോഗിക വസതി എന്നു പറയുന്നത് ക്യാംപ് ഓഫീസായാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കാലയളവിൽ തന്നെ പറയുന്നത് മന്ത്രിമാരുൾപ്പെടെ ഏത് ആളായാലും ഷെയ്ക്ക് ഹാൻഡ് മാത്രം നൽകുക അല്ലാതെ മറ്റു ഒരു തരത്തിലും ശരീരത്തിൽ സ്പർശിക്കാൻ പാടില്ല എന്നതാണ്. ഷെയ്ക്ക് ഹാൻഡ് നൽകുന്നത് പോലും അപ്പുറത്തുള്ളയാൾ കൈനീട്ടിയാൽ മാത്രമാണെന്നതും ഐ.എ.എസ് പരിശീലന കാലയളവിൽ പഠിപ്പിക്കുന്നതാണ്. ഈ പാഠം മറന്നാണ് ദിവ്യ എസ് അയ്യർ പ്രവർത്തിച്ചിരിക്കുന്നത്. ഇത് ഗുരുതര ചട്ട ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ എടുപ്പിക്കുക മാത്രമല്ല, അത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചതും, അതിനെ മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായികരിച്ചതും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കുന്നതിനു പോലും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അനുമതി ആവശ്യമാണ്. അതും ലംഘിക്കപ്പെട്ടോ എന്നതും ഇനി പരിശോധിക്കപ്പെടും.

ഇക്കാര്യങ്ങളിൽ എല്ലാം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ദിവ്യ എസ് അയ്യർക്ക് എതിരെ റിപ്പോർട്ട് നൽകിയാൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ദിവ്യ എസ് അയ്യർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

മന്ത്രി കെ രാധാകൃഷ്ണനെ കെട്ടിപിടിക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് മാത്രമല്ല, സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാകില്ലന്ന് പരസ്യമായി ദിവ്യ എസ് അയ്യർ ചാനലിലൂടെ പ്രതികരിച്ചതും അവർക്ക് തന്നെ വിനയായി മാറിയേക്കും. ഇക്കാര്യത്തിൽ കർക്കശ നിലപാടാണ് കേന്ദ്ര സർക്കാർ പിന്തുടർന്ന് വരുന്നത്.

മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ചത്തിസ്ഗഡ് കേഡറിലെ ഒരു ജില്ലാ കലക്ടർക്ക് നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് കണ്ടാണ് അന്ന് നടപടി സ്വീകരിച്ചിരുന്നത്.

ബസ്റ്റർ ജില്ലാ കളക്ടർ അമിത് കാട്ടാരിയക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിരുന്നത്. ഛത്തീസ്ഗഡ് ജഗതൽപുർ വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഹസ്തദാനം നൽകുമ്പോൾ അമിത് കട്ടാരിയ കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. ഇതാണ് ചട്ട ലംഘനമായി അധികൃതർ കണ്ടെത്തിയിരുന്നത്. ഉദ്യോഗസ്ഥന്മാർക്ക് ഓരോ സാഹചര്യങ്ങളിലും ധരിക്കേണ്ട ഡ്രസ് കോഡ് നൽകിയിട്ടുണ്ട്. ഐ.എ.എസുകാർ ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ നിരന്തരം കേന്ദ്ര ഏജൻസികൾ മോണിറ്റർ ചെയ്തു വരുന്നുണ്ട്.

കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎയുമായ ശബരിനാഥിൻ്റെ ഭാര്യയായ ദിവ്യ എസ് അയ്യർ ഐ.എ.എസ്, നാളെ ഭർത്താവിനേക്കാൾ വലിയ രാഷ്ട്രീയക്കാരി ആയാലും അത്ഭുതപ്പെടാനില്ല. അവർ അടുത്ത കാലത്തായി കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ അതാണ് തോന്നിപ്പോവുക.

സോഷ്യൽ മീഡിയകളിൽ താരമായാൽ എല്ലാം ആയി എന്ന ബോധമാണ് അവരെ നയിക്കുന്നതെന്നാണ് പ്രവർത്തികൾ കണ്ടാൽ തോന്നിപ്പോവുക. സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ഐ.എ.എസ് ഓഫീസർമാരുണ്ട്. അവരാരും തന്നെ തങ്ങൾ വഹിക്കുന്ന സ്ഥാനത്തിൻ്റെ അന്തസ്സ് വിട്ട് പെരുമാറുകയോ സോഷ്യൽ മീഡിയകളെ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ, ദിവ്യ എസ് അയ്യർ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. അവർ ചെയ്യുന്ന പ്രവർത്തികളെല്ലാം സോഷ്യൽ മീഡിയകളിലൂടെയാണ് മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തെ മറ്റു ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർ ശ്രമിച്ചാൽ എന്താകും അവസ്ഥ എന്നതും നാം ചിന്തിക്കേണ്ടതുണ്ട്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ പുലർത്തി പോരുന്ന പെരുമാറ്റ രീതികൾ നിലവിലുണ്ട്. അതിൽ നിന്നും വ്യത്യസ്തയാകാൻ ശ്രമിക്കുന്നത് ആരായാലും അത് ആ പദവിയുടെ അന്തസിന് എതിരു തന്നെയാണ്.

പ്രോട്ടോകോള്‍ പ്രകാരം ഐ.എ.എസ് പദവിയുടെ എത്രയോ മുകളില്‍ നില്‍ക്കുന്ന ഒരു മന്ത്രിയെ ആലിംഗനം ചെയ്തശേഷം അത് ഫോട്ടോ എടുപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ഇട്ടത് അത്ര നിഷ്‌കളങ്കമായ ഉദ്ദേശത്തിലല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.

ഇതിൽ നിന്നു തന്നെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ഇത്തരമൊരു ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണെന്നത് വ്യക്തമാണ്. ഈ പ്രവർത്തി ഒരു ഐ.എ.എസ് ഓഫീസർക്ക് ചേർന്നതാണോ എന്നത് കൂടി ഈ ഘട്ടത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഇത്തരം ‘ചെപ്പടി’ വിദ്യകളിലൂടെ ദിവ്യ എസ് അയ്യർ ഉദ്ദേശിക്കുന്നത് എന്തു തന്നെ ആയാലും അത് നടന്നിട്ടുണ്ട്. കോൺഗ്രസ്സ് നേതാവിൻ്റെ ഭാര്യ ആയിട്ടും അനധികൃതമായി ഭൂമി പതിച്ചു നൽകിയ വിവാദത്തിൽപ്പെട്ടിട്ടും അതൊന്നും തന്നെ അവരുടെ ഔദ്യോഗിക ജീവിതത്തെ ഇതുവരെ ബാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇടതുപക്ഷ സർക്കാറിൽ ജില്ലാ കളക്ടറാകാനും ഇപ്പോൾ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടറാകാനും അവർക്ക് സാധിച്ചിരിക്കുന്നത്. സീനിയർ ഐ.എ.എസ് ഓഫീസർ ഇരിക്കേണ്ട കസേരയിലാണ് താരതമ്യേന ജൂനിയറായ ദിവ്യ അയ്യർ ഇപ്പോൾ ഇരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.