Mon. Nov 23rd, 2026

കൽപ്പറ്റ: ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന “ഊര്” എന്ന പേര് റദ്ദാക്കാനും പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് ആദിവാസി ദളിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിന് മേലുള്ള കടന്നുകയറ്റമാണ്. കോളനിവാസികൾ എന്ന് അരനൂറ്റാണ്ടുകളോളം കേരള സർക്കാർ സ്ഥാപിച്ചെടുത്ത വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണിത്. പേരുകൾ നിർദ്ദേശിക്കാൻ സർക്കാറിന് യാതൊരു അധികാരവുമില്ലെന്ന് വിവിധ ആദിവാസി സംഘടനകൾ.

ഊര് എന്ന പേര് റദ്ദാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വെക്കുക വഴി, ആദിവാസി ജനതയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഊരു കൂട്ടങ്ങളുടെ നിലനിൽപ്പിന് തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്. വനവകാശ നിയമത്തിന്റെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന “ഗ്രാമസഭകളെ” തകർക്കുന്നതുമാണ് ആദിവാസി ഊരിനു പകരം നഗർ, ഉന്നതി, പ്രകൃതി, തുടങ്ങിയ പ്രയോഗങ്ങൾ പാർട്ടി നേതാക്കളുടെ പേരിലുള്ള നഗറുകൾ സ്ഥാപിക്കാനുള്ള മത്സരവേദിയായി ആദിവാസി ദളിത് ജനവാസ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടതുണ്ട്. എന്തായാലും ഒരു ജന വിഭാഗത്തിന്റെ വാസസ്ഥലത്തിന് ഭരണകൂടം പേരിടേണ്ടതില്ല. സർക്കാർ ഉത്തരവ് പുന പരിശോധിക്കണം.

ദളിത് ആദിവാസികളുടെ അന്തസ്സു ഉയർത്തേണ്ടത് കോളനികളിൽ ഒതുക്കപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ചു കൊണ്ടായിരിക്കണം. കേരളത്തിലെ അരലക്ഷത്തോളം വരുന്ന കോളനികളും, ചേരികളും, ലക്ഷം വീടുകളും, ലയങ്ങളും മാറ്റമില്ലാതെ നിലനിർത്താൻ ഭൂപരിഷ്കരണ കാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ ശക്തനായ വക്താവാണ് മുൻമന്ത്രി കെ രാധാകൃഷ്ണൻ. ദളിതർക്ക് 3 സെന്റ് 5 സെന്റും എന്ന പദ്ധതി ഇപ്പോൾ ഫ്ലാറ്റുകളിലേക്ക് മാറ്റിയതും അദ്ദേഹത്തിന്റെ പാർട്ടിയാണ്. ആറാം പഞ്ചവത്സര പദ്ധതി മുതൽ (1987) ദേശീയതലത്തിൽ നടപ്പാക്കിയ പ്രത്യേക ഘടക പദ്ധതി വ്യക്തിഗത സാമ്പത്തിക വികസനമാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും കേരളത്തിൽ ഈ പദ്ധതി “കോളനി വികസനം” (habitat development ) ആക്കിയതും ഈ കൂട്ടർ തന്നെ.

പഞ്ചായത്ത് രാജ് നടപ്പാക്കിയതോടെ പ്രത്യേക ഘടക പദ്ധതികൾ ചിതറപ്പെട്ടു. കോടിക്കണക്കിന് വികസന ഫണ്ട് ലാപ്സ് ആക്കി കൊണ്ടിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് ഏറെക്കുറെ പൂർണ്ണമായും ബഡ്ജറ്റ് തുക ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ അതും തകർക്കപ്പെട്ടു. ഇ ഗ്രാൻഡ് തുക രണ്ടുവർഷങ്ങളിലേറെ കുടിശ്ശികയാണ്. സംഘപരിവാർ ദേശീയതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ ഗ്രാൻഡ് അട്ടിമറി മുൻ മന്ത്രി കെ രാധാകൃഷ്ണൻ കൂടുതൽ സങ്കീർണ്ണം ആക്കി. ഇ ഗ്രാൻഡ് അട്ടിമറിച്ച മന്ത്രി എന്ന നിലയിലാണ് കെ രാധാകൃഷ്ണൻ ചരിത്രത്തിൽ ഓർക്കപ്പെടുക. ആദിവാസി ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം നിർദ്ദേശിക്കുന്ന ഉത്തരവ് പുന പരിശോധിക്കൻ പ്രക്ഷോഭം ആരംഭിക്കുമെന്നും വിവിധ സംഘടനാനേതാക്കൾ സംയുക്തപ്രസ്താവനയിൽ പറയുന്നു.

എന്നാൽ കേരള മോഡൽ വികസനത്തിന്റെ ഭാഗമായി ദളിത് ആദിവാസി ജനവാസ കേന്ദ്രങ്ങൾക്ക് മേൽ കേരള സർക്കാർ അടിച്ചേൽപ്പിച്ച “കോളനി”എന്ന പ്രയോഗം റദ്ദാക്കാനുള്ള മുൻമന്ത്രി കെ രാധാകൃഷ്ണന്റെ തീരുമാനം സ്വാഗതാർഹമാണെന്നും എല്ലാ സർക്കാർ രേഖകളിൽ നിന്നും “കോളനി” എന്ന പ്രയോഗം നീക്കം ചെയ്യാനും, ജനവാസ കേന്ദ്രങ്ങൾക്ക് മുൻപിൽ ബോർഡുകളും പട്ടികജാതി വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ ഭിത്തികളിൽ എഴുതിവെച്ച ബോർഡുകളും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറാകണം എന്നും ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോഡിനേറ്റർ എം ഗീതാനന്ദൻ, ആദിജന സഭ ജനറൽ സെക്രട്ടറി സി ജെ തങ്കച്ചൻ, ആദി ജനസഭ ചെയർമാൻ വി സി സുനിൽ, സി എസ് ജിയേഷ് (ഗോത്ര മഹാസഭ) എന്നിവർ സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു.

2006ലെ തദ്ദേശ ജനതയുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര സഭ പ്രഖ്യാപനം
ആർട്ടിക്കിൾ 13 പ്രകാരം ഭാഷ :- ആദിവാസികൾക്ക് അവരുടെ ചരിത്രം ഭാഷ വാമൊഴി ആചാരങ്ങൾ എഴുത്തു സമ്പ്രദായങ്ങൾ സ്വന്തം പ്രദേശത്തിന്റെയും വ്യക്തികളുടെയും പേരുകൾ ഇവയൊക്കെ നിലനിർത്താനും സംരക്ഷിക്കുവാനുമുള്ള അവകാശമുണ്ട്. ആദിവാസികളെ സംബന്ധിച്ച രാഷ്ട്രീയവും നിയമപരവും ഭരണപരവുമായ രേഖകൾ അവർക്ക് മനസ്സിലാക്കാൻ കഴിയുന്നവയാണ് എന്ന് രാജ്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കാര്യങ്ങൾ വ്യക്തമാക്കുന്നതിന് വേണ്ടി ഉചിതമായ രീതിയിൽ വിവർത്തനമോ വ്യാഖ്യാനമോ ഉപയോഗപ്പെടുത്തുകയും ചെയ്യണം എന്നാണ് വ്യവസ്ഥ.