✍️ അനുരാജ് ഗിരിജ കെ എ
മലയാളത്തിലിറങ്ങിയ മികച്ച ജാതിവിരുദ്ധ ഉള്ളടക്കമുള്ളൊരു സിനിമയാണ് “പുഴു”. ആ സിനിമ പിന്തുടരുന്ന കഥ പറച്ചിലിന്റെ പാറ്റേൺ ഒരുപക്ഷേ ആദ്യമായായിരിക്കും മലയാളത്തിൽ പരീക്ഷിക്കപ്പെടുന്നത്.
പൊതുവിൽ ജാതിവിരുദ്ധ സിനിമകൾ എന്ന ലേബലിൽ വരുന്ന സിനിമകൾ പിന്തുടരുന്ന പാറ്റേൺ ഏകദേശം ഇങ്ങനെയാണ്.
– ഒരു ദളിത് കഥാപാത്രം ഉണ്ടാകും.
– അയാൾക്കെതിരെ ഒരു അനീതി സംഭവിക്കും.
– അയാൾക്ക് അനുകൂലമായ സിമ്പതി ക്രിയേറ്റ് ചെയ്യപ്പെടും.
– ക്ളൈമാക്സിൽ അയാൾക്ക് നീതി ലഭിക്കുന്നു / ലഭിക്കാതിരിക്കുന്നു.
ഈ സിനിമകൾക്കെല്ലാം ഉള്ള പ്രത്യേകത, ദളിത് കഥാപാത്രം അനുഭവിക്കുന്ന ദൈന്യതയെയാണ് സിനിമ ഫോളോ ചെയ്യുന്നത് എന്നതാണ്. അതിനെ enhance ചെയ്യാൻ മാത്രം ആന്റഗോണിസ്റ്റ് ആയ ആളെ/ആളുകളെ ഭീകരവൽക്കരിക്കുകയും ചെയ്യും.
ഇവിടെയാണ് “പുഴു” വ്യത്യസ്തമാകുന്നത്. “പുഴു” സിനിമയിലാകെ പിന്തുടരുന്നത് ഒരു സവർണ്ണന്റെ ആത്മസംഘർഷങ്ങളെയാണ്. എന്താണ് ഒരു സവർണ്ണനെ ജാതിവാദിയായി നിലനിർത്തുന്നത്, അയാളെ ജാതിവാദിയായി തുടരാൻ പ്രേരിപ്പിക്കുന്ന യുക്തികൾ ഒക്കെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

ഏറ്റവും ചുരുക്കി പറഞ്ഞാൽ ജാതി എന്നാൽ ദലിതന്റെ ദൈന്യത എന്ന ഇക്വേഷൻ ബ്രെയ്ക്ക് ചെയ്ത് സവർണ്ണനെ ജാതിവാദിയായി നിലനിർത്തുന്ന സാഹചര്യങ്ങളിലേക്ക് ക്യാമറ തിരിച്ചു വയ്ക്കാനുള്ള വിപ്ലവകരമായ കാര്യം ചെയ്ത സിനിമയാണ് പുഴു.
ലോകത്ത് പ്രണയിച്ചു വിവാഹം കഴിക്കുന്നതിനാൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ. മറ്റൊരു രാജ്യത്തും ആളെ കൊന്ന് പ്രണയത്തെ അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്ല. ആ വ്യവസ്ഥിതിയുടെ പ്രോഡക്റ്റ് ആയ ഇന്ത്യൻ സവർണ്ണന് നേരെ ക്യാമറ തിരിയുമ്പോൾ ദലിതന്റെ ദൈന്യത പറയുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ പ്രശ്നം ഉണ്ടാകും.
സഹജീവിയെ തുല്യ പൗരനായി കാണാൻ ഇന്നും കഴിയാത്ത ഇന്ത്യൻ സവർണ്ണർ വച്ചു പുലർത്തുന്ന ഇടുങ്ങിയ മാനസികാവസ്ഥ എത്രയോ വർഷമായി സിനിമ ഡിസ്കസ് ചെയ്യാതെ ഇരിക്കുകയായിരുന്നു. അത് ഡിസ്കസ് ചെയ്തു തുടങ്ങുമ്പോൾ മറുപടികൾ പറയേണ്ടി വരുമല്ലോ! അപ്പോൾ ചൊറിച്ചിൽ ഒക്കെ സ്വാഭാവികമാണ്!

