Mon. Nov 23rd, 2026

ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാന്‍. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കിയാല്‍ ഇസ്രയേലിനെതിരായ ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി പറഞ്ഞു.

ഒപ്പം, ഇസ്രയേലിന് അമേരിക്ക പിന്തുണ നല്‍കിയാല്‍ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. സ്വിറ്റ്‌സര്‍ലന്‍ഡ് വഴിയാണ് ടെഹ്‌റാനില്‍നിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തര്‍ക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രതികരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണച്ച് പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടില്ല എന്നര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ നയതതന്ത്രകാര്യാലയത്തില്‍ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിനെതിരേ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.