ന്യൂഡല്‍ഹി: ഭരണഘടന സംരക്ഷിക്കപ്പെടുന്ന കാലംവരെ ഏകാധിപത്യ സര്‍ക്കാരിന്റെ എന്ത് പീഡനവും സഹിക്കാന്‍ തയ്യറാണെന്ന് മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ ഭാര്യ സുനിത കെജ്രവാളിനെ സന്ദര്‍ശിച്ച ശേഷം എ.എ.പി നേതാക്കളാണ് കെജ്രവാളിന്റെ സന്ദേശം മാധ്യമങ്ങളോട് പങ്കുവെച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രി ഗോപാല്‍റായ്, രാജ്യസഭാ എം.പി സഞ്ജയ് സിങ്, മറ്റ് നേതാക്കളായ സൗരഭ് ഭരദ്വാജ് എന്നിവരായിരുന്നു ബുധനാഴ്ച കെജ്രവാളിന്റെ ഭാര്യയെ സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച തിഹാര്‍ ജയിലില്‍ കെജ്രവാളിനെ സന്ദര്‍ശിച്ച ശേഷം ഭാര്യ സുനിതയാണ് ബുധനാഴ്ച വസതിയില്‍ നടന്ന യോഗത്തില്‍ സന്ദേശം നേതാക്കള്‍ക്ക് കൈമാറിയത്.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുമില്ലെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയതായി നേതാക്കള്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുകയെന്നതാണ് നമുക്ക് മുന്നിലെ പ്രധാന ദൗത്യം. അതിനായി ഏകാധിപത്യ സര്‍ക്കാരിന്റെ എന്ത് പീഡനവും സഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.അറസ്റ്റിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയ ശേഷം കെജ്രവാളിന്റെ പുറത്തുവന്ന ആദ്യ പ്രതികരണം കൂടിയാണ് ഈ സന്ദേശം.

