✍️ ചന്ദ്രപ്രകാശ് എസ് എസ്
പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ തിരക്കഥയെഴുതി അണിയിച്ചൊരുക്കി 1966 ഡിസം 2 ന് റിലീസ് ചെയ്ത സിനിമയാണ് സ്ഥാനാർത്ഥി സാറാമ്മ. മുട്ടത്തുവർക്കിയുടേതാണ് കഥ.എസ് എൽ പുരം സദാനന്ദൻ സംഭാഷണമെഴുതിയ ചിത്രത്തിൽ പ്രേം നസീർ, ഷീല അടൂർ ഭാസി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വയലാർ രചിച്ച് എൽ പി ആർ വർമ്മ സംഗീതം നൽകിയ നിരവധി ഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
സാറാമ്മയായി അഭിനയിച്ചത് ഷീലയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് എ ആർ റഹ്മാൻ്റെ പിതാവായ ആർ കെ ശേഖർ. ചിത്രത്തിലെ ‘കുരുവിപ്പെട്ടി നമ്മുടെ പെട്ടി, ‘കടുവാപ്പെട്ടി നമ്മുടെ പെട്ടി’എന്നീ രണ്ട് ഗാനങ്ങൾ പാടിയത് അടൂർ ഭാസിയാണ്. അക്ഷേപഹാസ്യ രൂപത്തിലുള്ള സിനിമയിൽ ഇന്നത്തെ കാലുമാറ്റ രാഷ്ട്രീയത്തെ അന്നേ പ്രവചിക്കാനായി എന്നത് ഒരു പ്രധാന സവിശേഷതയാണ്. കുരുവിപ്പെട്ടിയ്ക്ക് വോട്ടു പിടിക്കുന്ന അടൂർ ഭാസി തന്നെ കടുവാപ്പെട്ടിയ്ക്കും വോട്ട് പിടിക്കുന്നുണ്ട്.
സിനിമയിലെ തെരഞ്ഞെടുപ്പുരംഗങ്ങളിൽ അഭിനയിക്കുക മാത്രമല്ല, പ്രചരണഗാനങ്ങൾ പാടി ഹിറ്റാക്കിയിട്ടുമുണ്ട് അദ്ദേഹം. ‘തെരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ അരിയുടെ കുന്നുകൾ നാടാകെ’ ‘തോട്ടുംകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും’ തുടങ്ങിയ എടുത്താൽ പൊങ്ങാത്ത വാഗ്ദാനങ്ങൾ പാട്ടുകളിലുണ്ട്.
സിനിമ മാറ്റി നിർത്തിയാൽ ജീവിതത്തിൽ അടൂർ ഭാസി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാവുന്നത് തന്നെ. ആർഎസ്പി ടിക്കറ്റിൽ തിരുവനന്തപുരം നഗരസഭയിലേയ്ക്ക് വഴുതയ്ക്കാട് വാർഡിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. പേരിൽ അടൂർ എന്ന സ്ഥലപ്പേർ ഉണ്ടെങ്കിലും തിരുവനന്തപുരവുമായിട്ടായിരുന്നു അടൂർ ഭാസിയുടെ ബന്ധം മുഴുവനും.
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനും മാർത്താണ്ഡവർമ്മ, രാമരാജ ബഹദൂർ, ധർമ്മരാജ എന്നീ ചരിത്രാഖ്യായികളുടെ കർത്താവുമായ സി വി രാമൻപിള്ളയുടെ ചെറുമകൻ, മലയാളത്തിലെ പ്രശസ്ത ഹാസ്യ സാഹിത്യകാരൻ ഇ വി കൃഷ്ണപിള്ളയുടെ മകൻ, വഴുതയ്ക്കാട്ടെ പ്രശസ്തമായ റോസ്ക്കോട്ട് കുടുംബാംഗം എന്നീ നിലകളിലും, വലിയ ബന്ധുബലവുമൊക്കെ പ്രതീക്ഷിച്ചായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.
ആർ എസ് പി നേതാക്കളായ കൗമുദി ബാലകൃഷ്ണൻ, ശ്രീകണ്ഠൻ നായർ തുടങ്ങിയ നേതാക്കൾ മുൻകൈ എടുത്താണ് അടൂർ ഭാസിയെ വഴുതയ്ക്കാട് വാർഡിൽ മത്സരിപ്പിച്ചത്. അദ്ദേഹം സ്വന്തം നിലയിൽ വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ച് പ്രചരണം നടത്തി. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന തികഞ്ഞ ശുഭാപ്തിവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. പട്ടം താണുപിള്ള അടൂർ ഭാസിയുടെ എതിർ സ്ഥാനാർത്ഥിയ്ക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തിറങ്ങി. വോട്ടെണ്ണിയപ്പോൾ 32 വോട്ടിന് അടൂർ ഭാസി പരാജയപ്പെട്ടു.
ഇത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. ആൾ ബലയും ബന്ധുബലവുമെല്ലാം ഉണ്ടായിട്ടും വളർന്ന സ്വന്തം നാട്ടിൽ ഉണ്ടായ പരാജയം തുടർന്നും കക്ഷിരാഷ്ട്രീയത്തിൽ തുടരണോ വേണ്ടയോ എന്ന തരത്തിൽ അദ്ദേഹത്തെ എത്തിയ്ക്കുകയും ഒടുവിൽ രാഷ്ട്രീയം തന്നെ വേണ്ടന്ന് വയ്ക്കുകയുമായിരുന്നു.
രണ്ട് തവണ മികച്ച നടനാകാനുള്ള അവസരം അടൂർ ഭാസിയ്ക്കുണ്ടായി. വഴുതയ്ക്കാട് വാർഡിൽ സ്ഥിതിചെയ്യുന്ന ടാഗൂർ തിയേറ്ററിൽ വച്ചാണ് ഒരു തവണ അദ്ദേഹം അവാർഡ് സ്വീകരിച്ചത്. അവാർഡ് വാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ അദ്ദേഹം ഈ പഴയ സംഭവം ഹാസ്യാത്മകമായി തന്നെ അന്ന് അയവിറക്കി. താൻ തോറ്റ വാർഡിൽ സ്ഥിതിചെയ്യുന്ന ടാഗൂർ തിയേറ്ററിൽ വച്ച് അവാർഡ് വാങ്ങാൻ ഇടവന്നതിൽ അദ്ദേഹം അഭിമാനം കൊള്ളുകയും ചെയ്തു.
ആർ എസ് പി ടിക്കറ്റിൽ തന്നെ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിൽ മത്സരിച്ച് കൗൺസിലറായ മറ്റൊരു ഹാസ്യനടനുണ്ട്. സാക്ഷാൽ ഇന്നസെൻ്റ് !
അടൂർ ഭാസിയുടെ അച്ഛൻ ഇ വി കൃഷ്ണപിള്ള 1931 ൽ കൊട്ടാരക്കര കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും1932 ൽ പത്തനംതിട്ടയിൽ നിന്നും ശ്രീമൂലം അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


