Sat. Apr 20th, 2024

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ വാടക വീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെടുത്തു. വാടക വീടിന്റെ ഹാളിലെ തറ പൊളിച്ച് നടത്തിയ പരിശോധനയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു സംഭവസ്ഥലത്ത് നിന്നും ലഭിച്ചത്. കൂടാതെ പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നീ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റെ മൃതദേഹമാണ് കിട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

മോഷണക്കേസില്‍ പിടിയിലായ നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, സുഹൃത്ത് പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവര്‍ താമസിച്ചിരുന്ന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടക വീട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചശേഷമേ കൊല്ലപ്പെട്ട ആള്‍ ആരാണെന്ന് സ്ഥിരീകരിക്കുകയുള്ളു.

നിതീഷിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് സര്‍ജന്‍ സ്ഥലത്തെത്തിയാണ് തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് വിദഗ്ധമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ നടത്തിയ ഇരട്ടക്കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചത്. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ നിതീഷാണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്.