Sat. Nov 21st, 2026

ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി നിതീഷ് കുറ്റം സമ്മതം നടത്തി. ഇതിന് പിന്നാലെ പ്രതിക്കെതിരെ രണ്ട് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീട്ടില്‍ പരിശോധന നടത്തും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷില്‍ ഉണ്ടായ പെണ്‍കുഞ്ഞിനെ കൊന്ന് സാഗര ജങ്ഷനിലുള്ള വീട്ടില്‍ കുഴിച്ചിട്ടതാണ് ആദ്യ സംഭവം. പിന്നീട് സാഗര ജങ്ഷനിലെ വീട് വിറ്റ വിഷ്ണു കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ മറ്റൊരു വീട് വാടകയ്ക്ക് എടുത്തു. ഇവിടെവെച്ചാണ് വിഷ്ണുവിന്റെ അച്ഛന്‍ വിജയനെ കൊലപ്പെടുത്തിയത്. വീടിന്റെ തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം കോണ്‍ക്രീറ്റ് ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ കൊലപാതകം.

കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, സഹായി പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവര്‍ മോഷണക്കേസില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികളിലൊരാളായ വിഷ്ണുവിന്റെ മാതാവിനെയും സഹോദരനെയും വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.