Sun. Apr 14th, 2024

കൊല്ലം: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യ പ്രതിയായ സിന്‍ജോ ജോണ്‍സനെ കരുനാഗപ്പള്ളിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ സിന്‍ജോ ജോണ്‍സന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയമുണ്ടാകില്ലെന്ന് സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സിദ്ധാര്‍ഥനെ ഏറ്റവും ക്രൂരമായി മര്‍ദ്ദിച്ചതും ഭീഷണിപ്പെടുത്തിയതും സിന്‍ജോ ആണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

കേസിലാകെ 18 പ്രതികളാണുള്ളത്. നിലവില്‍ 11 പേരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ കസ്റ്റഡിയിലുമുണ്ട്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്. നാല് പ്രതികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.

അതിനിടെ, സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ സി പി എം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി. എസ് എഫ് ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഈ ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇവിടെ കെ എസ് യു അവരുടെ ഫ്‌ളെക്‌സ് സ്ഥാപിച്ചു. ‘എസ്എഫ്‌ഐ കൊന്നതാണ്’ എന്നെഴുതിയ ബോര്‍ഡാണ് കെഎസ്‌യു സ്ഥാപിച്ചത്.