Sun. Apr 21st, 2024

✍️ കെ.പി.ഒ. റഹ്മത്തുല്ല

തിരൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന എന്‍സിപി നിലപാട് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പത്ത് മണ്ഡലങ്ങളിലും അയ്യായിരത്തിലധികം വോട്ട് പിടിക്കാന്‍ കഴിയുമെന്നാണ് എന്‍സിപി കണക്കുകൂട്ടുന്നത്. ഇങ്ങനെവന്നാല്‍ എല്‍ഡിഎഫിന് ആയിരിക്കും കൂടുതല്‍ ദോഷം ചെയ്യുക. കേരളത്തില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ നഷ്ടപ്പെടാനും എന്‍സിപി യുടെ നീക്കം കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പാര്‍ട്ടി രൂപീകൃതമായ കാലം മുതല്‍ എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന എന്‍സിപി കേരള ഘടകം അവരുടെ കേന്ദ്രനേതൃത്വം എന്‍ഡിഎ ക്ക് ഒപ്പമായിരുന്നിട്ടും കേരളത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എന്‍സിപി ഔദ്യോഗികവിഭാഗത്തെ ഒഴിവാക്കി പി സി ചാക്കോയെയും എ കെ ശശീന്ദ്രനെയും കൂടെ നിര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ഇതില്‍ എല്‍ഡിഎഫ് വിശ്വാസവഞ്ചന കാണിച്ചെന്ന് എന്‍സിപി കരുതുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പത്ത് മണ്ഡലങ്ങളില്‍ ഒറ്റക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിലാണ് എന്‍സിപി മത്സരിക്കുക. ഇവിടെയെല്ലാം പാര്‍ട്ടിയുടെ പാരമ്പര്യവോട്ടുകള്‍ പിടിക്കുന്നതോടൊപ്പം ജനസമ്മതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നിക്ഷ്പക്ഷ വോട്ടുകള്‍കൂടി സ്വന്തമാക്കാമെന്നാണ് എന്‍സിപി കണക്കുകൂട്ടുന്നത്. തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ ആയിരിക്കും മത്സരരംഗത്ത് ഇറക്കുക എന്നാണ് അറിയുന്നത്. ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരില്‍ ഓരോ വോട്ടും നിര്‍ണായകമാണ്. ശക്തമായ മത്സരമാണ് ഓരോ മുന്നണികളും കാഴ്ചവെക്കുക. കേരളത്തില്‍ നിന്ന് ഒരു എംപിയെ എങ്കിലും ജയിപ്പിക്കുമെന്ന് ബിജെപി ഉറപ്പ് പറയുന്ന മണ്ഡലം കൂടിയാണ് തൃശ്ശൂര്‍. അതിനുള്ള പ്രവര്‍ത്തനങ്ങളും കുറെ കാലമായി സുരേക്ഷ്ഗോപി നടത്തിവരുന്നുണ്ട്. സിപിഐ യുടെ സുനില്‍കുമാര്‍ രംഗത്ത് വരുന്നതോടെ മത്സരം കടുപ്പമുള്ളതായി മാറി. ഈ സാഹചര്യത്തിലാണ് എന്‍സിപി തൃശ്ശൂരില്‍ ഒറ്റക്ക് മത്സരിക്കുക. എല്‍ഡിഎഫിന് ലഭിക്കേണ്ട വോട്ടുകളായിരിക്കും എന്‍സിപി സ്ഥാനാര്‍ത്ഥി സ്വന്തമാക്കുക. അങ്ങനെവന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.



ആലപ്പുഴ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണ്. കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ മത്സരരംഗത്ത് ഇറങ്ങിയാല്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലാകും. എന്‍സിപി സ്ഥാനാര്‍ത്ഥികൂടി എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാക്കിയാല്‍ ആരിഫിന് വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജ് കോട്ടയത്തും ഇടുക്കിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ് കോട്ടയവും ഇടുക്കിയും. രണ്ടിടത്തും സ്വാധീനമുള്ള ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ കൂടി നിര്‍ത്തുന്നതോടെ എല്‍ഡിഎഫിന് തന്നെ ആയിരിക്കും ക്ഷീണമാവുക.

മുസ്ലീം സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. അതുകൊണ്ടുതന്നെയാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ എന്‍സിപി തയ്യാറെടുക്കുന്നത്. മണ്ഡലത്തിലെ മുസ്ലീം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് അത് ഗുണം ചെയ്യുമെന്ന് എന്‍സിപി നേതൃത്വം വിലയിരുത്തുന്നു. പൊന്നാന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി തന്നെ പൊന്നാനിയില്‍ മത്സരിക്കാനിറങ്ങുമെന്നാണ് അറിയുന്നത്. നേരത്തെ കോട്ടക്കല്‍ നിയമസഭ മണഡലത്തില്‍ രണ്ട് തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന മുഹമ്മദ് കുട്ടിക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും മറ്റ് സമീപ മണ്ഡലങ്ങളില്‍ നിന്നുമായി നല്ലൊരു ശതമാനം വോട്ട് സ്വന്തമാക്കാമെന്നാണ് എന്‍സിപി കണക്കുകൂട്ടുന്നത്. സാമുദായിക സമവാക്യങ്ങളും സ്വാധീനവും പൊന്നാനി മണ്ഡലത്തില്‍ നിര്‍ണായകമാകും.

പാലക്കാട് കോഴിക്കോട് മണ്ഡലങ്ങളില്‍ ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എന്‍സിപി തീരുമാനിച്ചിട്ടുള്ളത്. ത്രികോണമത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് പാലക്കാട്. ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ ശക്തിയുള്ള വോട്ടുകള്‍ പിടിക്കാന്‍ എന്‍സിപി ക്ക് കഴിഞ്ഞാല്‍ അത് എല്‍ഡിഎഫിന് തന്നെ ആയിരിക്കും ദോഷം ചെയ്യുക. ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ എന്‍സിപി എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്താല്‍ അത് എളമരം കരീമിന്റെ വിജയസാധ്യതെയാണ് ബാധിക്കുക.

എന്‍സിപി എല്‍ഡിഎഫിനെ പിന്തുണക്കാമെന്ന് പരസ്യമായി അറിയിച്ചിട്ടും എല്‍ഡിഎഫ് വിശ്വാസ വഞ്ചന കാണിച്ചെന്ന പാര്‍ട്ടി വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഏറെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റക്ക് നിന്നാല്‍ എല്‍ഡിഎഫിന്റെ വോട്ടുകളിലാണ് കുറവുണ്ടാവുക അത് ഗുണം ചെയ്യുക മറ്റ് മുന്നണികള്‍ക്കായിരിക്കും എന്നും വിലയിരുത്തപ്പെടുന്നു.