Sat. Apr 20th, 2024

✍️ ലിബി.സി. എസ്

‘ഇങ്ങനെ പ്രസംഗിച്ച് നടന്നിട്ട് എന്തുകാര്യം?’ എന്ന് നമ്മളും പലപ്പോഴും ചോദിച്ചുപോകാറുണ്ട്.  ഇത് നവോത്ഥാനചരിത്രത്തിലെയും ഒരു വലിയ ചോദ്യം കൂടിയാണ്. നൂറുവർഷം മുൻപ് നാരായണഗുരു സഹോദരൻ അയ്യപ്പനോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. ‘ഇങ്ങനെ പ്രസംഗിച്ച് മാത്രം നടന്നിട്ട് എന്തുകാര്യം? എന്നചോദ്യം. “അയ്യപ്പൻ നന്നായി കവിതകൾ എഴുതും. നന്നായി ഉപന്യാസം എഴുതും, നന്നായി പ്രസംഗം പറയും, പക്ഷേ ഇങ്ങനെ പ്രസംഗിച്ച് നടന്നിട്ട് എന്തുകാര്യം അയ്യപ്പാ? നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യണ്ടേ? ”എന്ന്. ആചോദ്യത്തിൽ ഒരു ഉത്തരംകൂടി അന്തർലീനമായി കിടപ്പുണ്ട്. പ്രസംഗമല്ലാതെ വേറെന്തൊക്കെയോ ചെയാനുണ്ടെന്നുള്ള ഒരുത്തരം. ആചോദ്യമാണ് വെറും കെ.അയ്യപ്പനെന്ന അയ്യപ്പൻ മാഷിനെ ‘പുലയനയ്യപ്പനും’ സഹോദരൻ അയ്യപ്പനും ഒക്കെ ആക്കി മാറ്റിയത്.

എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റും തീയ സമുദായാംഗവും ആയ കെ സുരേന്ദ്രൻ വടക്കുനിന്നും തെക്കോട്ട് വെറുതെ വർഗ്ഗീയരാഷ്ട്രീയം പ്രസംഗിച്ചു നടക്കുന്നതിനിടയിൽ എവിടെയോ ഭക്ഷണം കഴിച്ചതിന് കെ സുരേന്ദ്രനിട്ട് ബിജെപി ഐടി സെല്ലിലെ ജാതി ജന്തുക്കൾ കൊടുത്ത പണിയെ ട്രോളാൻ ആണെങ്കിലും ചിലർ രണ്ടാം സഹോദരൻ അയ്യപ്പൻ എന്നൊക്കെ അങ്ങേരെ വിശേഷിപ്പിക്കുന്നത് കണ്ടു. ശൂദ്ര ആർത്തവ കലാപ നായകനും പക്കാ അന്ധവിശ്വാസിയും ഹിന്ദുത്വ വർഗീയവാദിയുമായ സുരേന്ദ്രനെ സഹോദരൻ അയ്യപ്പനുമായി തമാശയ്ക്ക് പോലും താരതമ്യം ചെയ്യുന്നത് വാസ്തവത്തിൽ അയ്യപ്പൻ മാഷിനെ അപമാനിക്കലാണ്. ഇൻഡ്യയിൽ തന്നെ ഹിന്ദുത്വവുമായി ഒരുതരത്തിലും സന്ധിചെയ്യാത്തവരും ഒരുതരത്തിലും അവർക്ക് വളച്ചൊടിക്കാൻ പറ്റാത്തവരുമായ മൂന്ന് പേരെ ഉള്ളൂ സഹോദരൻ അയ്യപ്പനും, പെരിയാറും ഡോ. അംബേദ്കറും. അതുകൊണ്ട് തമാശയ്ക്ക് പോലും അങ്ങനെ ചെയ്യാതിരിക്കുക.

സഹോദരൻറെ മിശ്രഭോജത്തിന് മുൻപും ശേഷവും വേറെയും പന്തിഭോജനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും സഹോദരൻ നടത്തിയ ഇടപെടലിനെ അവയൊന്നുമായി താരതമ്യപ്പെടുത്താവുന്നതല്ല.സംഘികൾക്ക് മാത്രമല്ല ഇവിടുത്തെ വിപ്ലവകാരികൾ എന്ന് അവകാശപ്പെടുന്നവർക്കു പോലും ഇനി 100 വർഷം കഴിഞ്ഞാലും ചെയ്യാൻ പറ്റാത്ത ഒന്നായിരുന്നു അതെന്ന് മനസിലാക്കണെമെങ്കിൽ അതേകുറിച്ച് പഠിക്കണം. ചെറായിലെ വിവാദമായ മിശ്രഭോജനത്തിന് ശേഷം സഹോദര സംഘം തന്നെ പലസ്ഥലത്തും ഇത് സംഘടിപ്പിച്ചിരുന്നു. അവയിലെല്ലാം ഭക്ഷണം കഴിക്കൽ മാത്രമല്ല ചെയ്തത്.

1917 ഏപ്രിൽ 29 ന് ആയിരുന്നു കൊച്ചിയിൽ കെ. അയ്യപ്പൻ ബി.എ. ബി.എൽ സഹോദര സംഘത്തിന് രൂപം നൽകിയത്. അതായത് നാരായണഗുരു ജാതിയും മതവുമെല്ലാം ഉപേക്ഷിച്ചതിൻറെ ഒന്നാം വാർഷിക ദിവസം.

മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃതവർഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവയായിരുന്നു സഹോദര സംഘത്തിൻറെ പ്രവർത്തന പരിപാടികൾ. ഈ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് ചെറായിയിൽ കേരളം രുചിച്ച സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.

മിശ്രഭോജനത്തിനു ശേഷം സഹോദരൻ അയ്യപ്പൻ അതിൽ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. സഹോദരന് മുൻപോ ശേഷമോ നടന്ന പന്തിഭോജന സദ്യകളിലൊന്നും ആരും ഇങ്ങനൊരു പ്രതിജ്ഞ ചൊല്ലിച്ചരുന്നില്ല. ഇന്ന് ആ പ്രതിജ്ഞക്കാണ് പ്രസക്തി സദ്യക്കല്ല. പ്രതിജ്ഞാ വാചകം ശ്രദ്ധിച്ചു വായിച്ചാൽ മനസിലാകും ഇത് മറ്റു പന്തിഭോജനങ്ങളുടെ ഗണത്തിൽ പെട്ടത് ആയിരുന്നില്ല എന്ന്.”ജാതി ശാസ്ത്രത്തിനും യുക്തിക്കും മനുഷ്യത്വത്തിനും എതിരാണെന്നും അതിനാൽ അതില്ലാതാക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്നായിരുന്നു പ്രതിജ്ഞാവാചകം.

(ഇന്ന് അധികാരവും കയ്യിൽവെച്ചു ‘ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്ന്’ കോടതിയിൽ എഴുതിക്കൊടുത്തവരുടെയും സാമൂഹ്യ നീതി അട്ടിമറിക്കാൻ സവർണ്ണ സംവരണം നടപ്പിലാക്കിയവരുടെയും അനുയായികളാണ് ട്രോളർമാരിൽ അധികവും എന്നതാണ് കോമഡി)

മിശ്രഭോജനം സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയനയ്യപ്പനെന്ന ബഹുമതിയാണ്. പക്ഷേ, അദ്ദേഹം എല്ലാ വിമർശനങ്ങളെയും ധീരമായി നേരിട്ടു.

പുലയ സമുദായത്തിൽ പെട്ട ചെറായി പള്ളിപ്പുറത്തുള്ള കോരശ്ശേരി വീട്ടിലെ അയ്യരും മകൻ കണ്ണനും ആണ് മിശ്രഭോജനത്തിൽ പങ്കെടുത്തത്. സഹോദര സംഘക്കാർ സമ്മേളനം നടത്തിയശേഷം കണ്ണൻ കറി കൂട്ടി കുഴച്ച ചോറ് അയ്യപ്പനും സുഹൃത്തുക്കളും ഇലയിൽ നിന്ന് എടുത്ത് കഴിക്കുകയായിരുന്നു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാൻ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു.

‘ജാതി നാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച ഈ സഹോദരസംഘമാണ് പിന്നീട് യുക്തിവാദി സംഘം ആയി മാറിയത്.

അതവിടെ സദ്യ ഉണ്ട് തീരുകയായിരുന്നില്ല. മിശ്രഭോജനത്തെ തുടർന്ന് നാരായണ ഗുരു പേരെഴുതി ഒപ്പിട്ട് ഇറക്കിയ മഹാ സന്ദേശം എല്ലാവർക്കും അറിയാമല്ലോ?“മനുഷ്യരുടെ മതം, വേഷം, ഭാഷ വസ്ത്രധാരണരീതി മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്ന് നാരായണഗുരു(ഒപ്പ്)”

അതിൽ ഭക്ഷണം കഴിക്കാൻ മാത്രമല്ല പറഞ്ഞത്. പരസ്പരം വിവാഹം കഴിക്കാനും പറയുന്നുണ്ട്. അതിൻറെ തുടർച്ചയായി മിശ്രവിവാഹ സംഘം രൂപംകൊള്ളുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോൾനിലവിലുള്ള Special Marriage Act, 1954 നിലവിൽ വരുന്നതിന് മുൻപേതന്നെ സഹോദരൻ കൊച്ചി നിയമസഭയിൽ മിശ്രവിവാഹിതർക്കായി നിയമം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തിരുന്നു.

അവിടുന്നൊക്കെ പുനരുത്ഥാനവാദികളായ സകലരും ഒത്തൊരുമിച്ച് യൂ ടേൺ അടിപ്പിച്ച ഉത്ഥാനം നഷ്ടപ്പെട്ട നവകേരളമാണെന്നൊക്കെ പറയുന്ന കേരളം പുനരുത്ഥാന കേരളമാക്കി മാറ്റിയിരിക്കുകയാണ്. അതിലെ പ്രമുഖരായ ഒരു കക്ഷി അവരുടെ പട്ടികജാതി മോർച്ചക്കാരായ എസ് സി/ എസ് ടി നേതാക്കൾക്കൊപ്പം നടത്തുന്ന നടത്തുന്ന പന്തിഭോജനത്തെ പരിഹസിക്കേണ്ടതില്ല. അതും പുനരുത്ഥാന പ്രവർത്തനത്തിൻറെ ഭാഗമായി കണ്ടാൽ മതി.