Sun. Apr 14th, 2024

കൊച്ചി: ക്രിമിനൽ അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിന് പുറമെ നിലവില്‍ ആളൂരിനെതിരെ രണ്ട് കേസുകള്‍ സെന്‍ട്രല്‍ പൊലീസിലുണ്ട്. പരാതിക്കാരിയെ ഓഫിസില്‍ വച്ച് അപമാനിച്ചുവെന്നതും, ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസുമാണ് ആളൂരിനെതിരെയുള്ളത്.

ആളൂരിന്റെ ഓഫീസില്‍ വച്ച് തനിക്ക് അതിക്രമം നേരിടേണ്ടി വന്നു എന്ന എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയില്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്റെ ഒട്ടുമിക്ക ക്ലൈന്റുകളും കോംപ്രമൈസ് ചെയ്യാറുണ്ട്. അങ്ങനെയാണെങ്കില്‍ കാശ് വാങ്ങിക്കാതെ ഞാന്‍ കേസ് വാദിക്കും എന്ന് പറഞ്ഞ് അയാള്‍ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു.’ എന്ന് അതിജീവിത പറയുന്നു.

‘ഒരു കേസിന്റെ ആവശ്യത്തിന് ഞാന്‍ ആളൂരിന്റെ ഓഫീസില്‍ പോയി. സ്ഥല സംബന്ധമായ കേസ് ആണ്. അതിന് ആളൂര്‍ 7 ലക്ഷം രൂപയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. രണ്ട് ലക്ഷം അക്കൗണ്ടിലൂടെയും ബാക്കി ക്യാഷ് ആയും വേണമെന്നായിരുന്നു. അഞ്ച് ലക്ഷം രൂപ നേരത്തെ കൊടുത്തു. ജഡ്ജിയ്ക്കും കമ്മീഷ്ണര്‍ക്കും കൈക്കൂലി നല്‍കാനെന്ന പേരില്‍ കൂടിയാണ് ക്യാഷ് ആയാണ് വാങ്ങിയത്. കഴിഞ്ഞ ദിവസം വീണ്ടും രണ്ട് ലക്ഷം രൂപ ചോദിച്ചു. പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഫീസ് വേണ്ട ചില കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്താല്‍ മതി എന്ന് പറഞ്ഞു. ഒട്ടുമിക്ക ക്ലൈന്റ്സും ഇതേപോലെ കോംപ്രമൈസ് ചെയ്യാറുണ്ടെന്ന് പറഞ്ഞ് തോളില്‍ പിടിച്ചു. ഡ്രസ്സിനകത്തുകൂടി കൈയിട്ടു. ആ സമയം ഞാന്‍ പ്രതികരിച്ചു. അവിടെ നിന്നിറങ്ങി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കി. കയ്യിലുണ്ടായിരുന്ന പണവും അതിന് മുകളില്‍ അയാളുടെ ലൈംഗിക അതിക്രമവും. ഞാന്‍ കേസ് നല്‍കും എന്ന് തോന്നിയിട്ടാവും അയാള്‍ പല തവണ എന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു. എന്റെ ഒരു സുഹൃത്തിനേയും നിരന്തരം വിളിച്ചു. എന്നാല്‍ ഞങ്ങള്‍ പ്രതികരിച്ചില്ല.’ ആ കേസിലെ അതിജീവിത വെളിപ്പെടുത്തി. ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി വന്നിരിക്കുന്നത്.