Sun. Apr 21st, 2024

തിരുവല്ല: തിരുവല്ലയില്‍ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂര്‍ അന്തിക്കാട് സ്വദേശികളായ അതുല്‍, അജില്‍, ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയ അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ ഇവര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുല്‍ ഇന്നലെ പുലര്‍ച്ചെ നാലോടെ പെണ്‍കുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു.

ഇയാളെ കെ എസ് ആര്‍ ടി സി ബസില്‍ പോകും വഴി മൂവാറ്റുപുഴയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി അതിലുമായി സൗഹൃദത്തില്‍ ആയതെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കക്കം പ്രതികള്‍ വലയിലായത്. പിടിയിലായ പ്രതികള്‍ മൂവരും എം ഡി എം എ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നിര്‍ദേശ പ്രകാരം എസ് എച്ച് ഒ ബി കെ സുനില്‍കൃഷ്ണന്റെ നേതൃത്വത്തില്‍ എ എസ് ഐ ജോജോ ജോസഫ്, സി പി ഒമാരായ അവിനാശ് വിനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി.